Connect with us

Malappuram

നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടങ്ങി

Published

|

Last Updated

നിലമ്പൂര്‍: തണ്ടര്‍ ബോള്‍ട്ട് കമാന്റോ സംഘത്തിന്റെ നേതൃത്വത്തില്‍ പോലീസ് സേന നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
നിലമ്പൂര്‍, വണ്ടൂര്‍ സി ഐമാരുടെയും, എടക്കര, പൂക്കോട്ടുംപാടം എസ് ഐമാരുടെയും നേതൃത്വത്തിലാണ് സംഘങ്ങള്‍ തിരച്ചിലിനായി കാടുകയറിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് സംഘങ്ങളായി വഴിക്കടവ് റെയ്ഞ്ചിലെ മരുത വനത്തിലും, പുഞ്ചക്കൊല്ലി വനത്തിലുമാണ് സംഘങ്ങള്‍ തിരച്ചില്‍ തുടങ്ങിയത്.
കഴിഞ്ഞ പത്തൊന്‍പത് മുതല്‍ ഇരുപത്തിയൊന്ന് വരെയുളള തീയ്യതികളില്‍ ഛത്തീസ്ഗഡിലെ മഡില്‍ സി പി ഐ മാവോയിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി വനങ്ങളിലെ ആദിവാസി കോളനികളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മാവോവാദികള്‍ക്കായുള്ള വേട്ടയുടെ ചുമതലയുള്ള വയനാട് എസ് പി പുട്ട വിമലാദിത്യ വെള്ളിയാഴ്ച രാത്രി നിലമ്പൂരില്‍ എത്തി ഉദ്യോഗസ്ഥരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പുതിയ നീക്കങ്ങളുടെ ഭാഗമായാണ് രഹസ്യയോഗം. നിലമ്പൂര്‍ മേഖലയില്‍ മാവോവാദി പ്രവര്‍ത്തനം ശക്തമാക്കുമെന്നതിന്റെ സൂചനയാണ് നാടുകാണി ദളരൂപീകരണം സൂചിപ്പിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നിലമ്പൂര്‍ മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.
പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് തൃശ്ശൂര്‍ റെയ്ഞ്ച് എസ് പി സഫറുള്ളഖാന്‍ വഴിക്കടവ് പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Latest