Connect with us

Kozhikode

വര്‍ഗീയ കക്ഷികളെ ചെറുക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: മജീദ്

Published

|

Last Updated

കോഴിക്കോട്: രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പില്‍ മതേതര കക്ഷികള്‍ ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.
യോജിക്കാവുന്ന മതേതര ചിന്താധാരയിലുള്ള സംഘടകളുമായി മുസ്‌ലിം ലീഗ് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയെ ചെറുക്കുക, പൊതുബോധം സംരക്ഷിക്കുക എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്റെ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയെ ചെറുക്കാന്‍ മത സാഹോദര്യത്തിലൂടെ നമ്മുടെ പൂര്‍വികര്‍ കാണിച്ച് തന്ന മാതൃക പുതിയ തലമുറ മുറുകെ പിടിക്കണമെന്നും മജീദ് പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് ആശിക് ചെലവൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ വി അന്‍വര്‍ പ്രമേയ പ്രഭാഷണം നടത്തി.
നോര്‍ത്ത് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ് വി ഹസ്സന്‍കോയ, ജനറല്‍ സെക്രട്ടറി പി ഇസ്മാഇല്‍, കെ എം എ റഷീദ് പ്രസംഗിച്ചു. ടി പി എം ജിഷാന്‍, എന്‍ പി ഷാജഹാന്‍, സി പി സുലൈമാന്‍ നടക്കാവ്, റഹീം പുതിയകടവ്, കെ പി ഷാക്കിര്‍, എസ് വി ഷൗലീക്ക്, സി വി അബ്ദുസ്സമദ് സംബന്ധിച്ചു.

Latest