നിര്‍മിതി കെട്ടിടോദ്ഘാടനം നീളുന്നു

Posted on: September 22, 2014 9:45 am | Last updated: September 22, 2014 at 9:45 am
SHARE

കോഴിക്കോട്: സംസ്ഥാനത്ത് കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മിതിക്ക് ജില്ലയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ യോഗമില്ല. നിര്‍മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വകുപ്പ് മന്ത്രിയായ കെ എം മാണിയെ കിട്ടുന്നില്ല എന്ന കാരണത്താലാണ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകുന്നത്. കഴിഞ്ഞ കുറെ വര്‍ഷമായി ഐ എച്ച് ആര്‍ ഡി സ്‌കൂളിനു സമീപം യാതൊരു സൗകര്യങ്ങളുമില്ലാത്ത വാടകക്കെട്ടിടത്തിലാണ് നിര്‍മിതി പ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഭവന വകുപ്പിന് കീഴില്‍ വകുപ്പ് മന്ത്രി ചെയര്‍മാനായ പദ്ധതിയാണ് നിര്‍മിതി. 

സംസ്ഥാനത്ത് ചെലവു കുറഞ്ഞ കെട്ടിട നിര്‍മാണത്തിനായി പൊതുജനങ്ങളെയും സ്ഥാപനങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിര്‍മിതിക്ക് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് സ്വന്തമായി കെട്ടിടം നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി അഴകൊടി ക്ഷേത്രത്തിനു സമീപം 45 സെന്റ് സ്ഥലം പി ഡബ്ല്യു ഡി കൈമാറുകയായിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയായി ഒന്നരവര്‍ഷത്തിനിടെ രണ്ട് തവണ കെട്ടിടത്തിനു പെയിന്റടിച്ചു കാത്തിരുന്നെങ്കിലും മന്ത്രിക്കു സമയമില്ലാത്തതിനാല്‍ ഉദ്ഘാടനം മാത്രം നടന്നില്ല. അതു കൊണ്ടുതന്നെ ജില്ലയിലെ നിര്‍മിതിയുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്.
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ നടത്തേണ്ട പല പരിശോധനകളും നടക്കാറില്ല. ബി പി എല്‍ കുടുംബങ്ങള്‍ക്ക് 15 ശതമാനം സബ്‌സിഡി നിരക്കില്‍ നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യേണ്ട കലവറയും നിര്‍മാണ വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കുന്ന ലാബും ഇവിടെയാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് ജില്ലകളില്‍ നിന്നും പോലീസും റവന്യൂ ഉദ്യോഗസ്ഥരും പിടികൂടുന്ന മണലും വില്‍പ്പന നടത്തേണ്ടതും ഈ കലവറ കേന്ദ്രങ്ങള്‍ വഴിയാണ്. നിലവില്‍ മറ്റെല്ലാ ജില്ലകളിലും നല്ല രീതിയില്‍ നിര്‍മിതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാത്തതിനാല്‍ ഇപ്പോള്‍ പിടിച്ചെടുക്കുന്ന മണല്‍ കളക്‌ട്രേറ്റില്‍ തന്നെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അവിടെ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലയെന്നതു കൊണ്ടു തന്നെ ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന മണലുകളുടെ വില്‍പ്പന നടക്കാക്കുന്നുമില്ല. നിലവിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെങ്കില്‍ വകുപ്പ് മന്ത്രിയെത്തി നിര്‍മിതിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തണം. എന്നാല്‍ മന്ത്രിയുമായി ബന്ധപ്പെടുമ്പോഴൊക്കെ തീയതിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ മാസം മന്ത്രിയുമായി ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ ഈ മാസം ഉദ്ഘാടനം നടത്താമെന്നാണ് അറിയിച്ചത്. എന്നാല്‍ ഈ മാസം തീരാറായിട്ടും അതേക്കുറിച്ച് യാതൊരു അറിയിപ്പും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു. ഉദ്ഘാടനം നടക്കാത്തതു കാരണം ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ബി പി എല്‍ കുടുംബങ്ങള്‍ക്ക് 50 ചാക്ക് സിമന്റും 50 ചാക്ക് മണലും സബ്‌സിഡി നിരക്കില്‍ നിര്‍മിതി കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ജില്ലയിലെ വാടകക്കെട്ടിടത്തില്‍ സാധനങ്ങള്‍ വേണ്ട രീതിയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ വിതരണം മുടങ്ങി കിടക്കുകയാണ്. പല പദ്ധതികളും പണി പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ അവതാളത്തിലാകുന്ന നാട്ടിലാണ് എല്ലാ പണിയും പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടക്കാത്തതിന്റെ പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ നിര്‍മിതിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നത്. മന്ത്രിയുടെ നേരവും കാലവുമെല്ലാം ഒത്തുവന്ന് ഇനിയെന്ന് ഉദ്ഘാടനം നടക്കുമെന്ന കാത്തിരിപ്പിലാണ് നാട്ടുകാര്‍.