മംഗള്‍യാന്‍ പരീക്ഷണ ജ്വലനം വിജയകരം

Posted on: September 22, 2014 3:00 pm | Last updated: September 23, 2014 at 9:51 pm
SHARE

mangalyanബംഗളൂരു: ഇന്ത്യയുടെ മംഗള്‍യാന്‍ പേടകം ചൊവ്വയുടെ സ്വാധീന മണ്ഡലത്തില്‍ പ്രവേശിച്ചു. ചുവന്ന ഗ്രഹവുമായി ബുധനാഴ്ച സംഗമിക്കാനിരിക്കെ ഇന്ന് നടന്ന നിര്‍ണായക പരീക്ഷണ ജ്വലനം വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂട്ടണ്‍ ലിക്വിഡ് അപോജീ മോട്ടോര്‍ (എല്‍ എ എം) നാല് സെക്കന്‍ഡ് നേരത്തേക്കാണ് ജ്വലിപ്പിച്ചത്. ചൊവ്വാ ഗ്രഹത്തോട് ഏറ്റവും അടുക്കുന്നതിനുള്ള അവസാന കുതിപ്പിന് പേടകം ഈ ജ്വലനത്തോടെ സജ്ജമായി. മുന്നൂറ് ദിവസമായി പ്രവര്‍ത്തനരഹിതമായിരിക്കുന്ന എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുകയായിരുന്നു ജ്വലനത്തിന്റെ ലക്ഷ്യം.

അന്തിമ കുതിപ്പിന്റെ ഘട്ടത്തില്‍ എല്‍ എ എം കൂടുതല്‍ സമയം ജ്വലിക്കേണ്ടതുണ്ട്.
ചൊവ്വയുടെ ആകര്‍ഷണ വലയം ഗ്രഹത്തില്‍ നിന്ന് ഏകദേശം അഞ്ചേമുക്കാല്‍ ലക്ഷം കിലോമീറ്റര്‍ വരെയുണ്ട്. ദുര്‍ബലമായ ആകര്‍ഷണ പരിധിയിലാണ് ഇന്ന് പേടകമെത്തിയിട്ടുള്ളത്. 66.6 കോടി കിലോമീറ്റര്‍ സഞ്ചരിച്ച പേടകം കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ ഭൂഗുരുത്വാകര്‍ഷണത്തില്‍ നിന്ന് പുറത്തു കടന്നത്. ബുധനാഴ്ച രാവിലെയോടെ പേടകത്തിലെ എന്‍ജിന്‍ 24 മിനുട്ട് ജ്വലിപ്പിക്കും. എതിര്‍ദിശയിലാണ് അപ്പോള്‍ പേടകം സഞ്ചരിക്കുക. പേടകത്തിന്റെ വേഗം കുറക്കാന്‍ വേണ്ടിയാണ് ഇത്. സെക്കന്‍ഡില്‍ 22.1 കിലോമീറ്റര്‍ എന്നതില്‍ നിന്ന് സെക്കന്‍ഡില്‍ 4.4 കിലോമീറ്ററിലേക്ക് കുറക്കുകയാണ് ലക്ഷ്യം. ഗ്രഹത്തിന്റെ ആകര്‍ഷണത്തില്‍ എത്തിച്ചേരുന്ന പേടകം ദീര്‍ഘവൃത്താകൃതിയില്‍ ചുറ്റാന്‍ തുടങ്ങും.
450 കോടി രൂപ മുടക്കുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വിജയകരമാകുന്നതോടെ ചൊവ്വയിലേക്ക് ദൗത്യ പേടകമയക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐ എസ് ആര്‍ ഒ മാറും. ഏഷ്യയിലെ ആദ്യത്തേതും. ലോകത്താകെ 51 ദൗത്യങ്ങളാണ് ചൊവ്വയുടെ നിഗൂഢതയിലേക്ക് സഞ്ചരിച്ചത്. ഇതില്‍ 21 എണ്ണം മാത്രമാണ് വിജയകരമായത്.