സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നതില്‍ കേരളം മുന്നിലെന്ന് സര്‍വേ

Posted on: September 22, 2014 6:00 am | Last updated: September 21, 2014 at 11:46 pm
SHARE

tvm general hospitalതിരുവനന്തപുരം: പ്രസവ ശുശ്രൂഷയിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നതില്‍ കേരളം മുന്നിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച ജില്ലാതല കുടുംബാരോഗ്യ സര്‍വേ-4 (ഡി എല്‍ എച്ച് എസ്-4) ലാണ് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിട്ട് നില്‍ക്കുന്നതായി കണ്ടെത്തിയത്.
സര്‍വേ കണക്കുകള്‍ പ്രകാരം മുന്‍കാലങ്ങളേക്കാള്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഏപ്രില്‍ 2013- ഫെബ്രുവരി 2014 കാലഘട്ടത്തില്‍ നടത്തിയ സര്‍വേയിലാണ് കേരളം മുന്‍നിരയിലെത്തിയതായി കണ്ടെത്തിയത്. സംസ്ഥാനത്ത് 14 ജില്ലകളെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 45.8 ശതമാനം പ്രസവങ്ങളും നടക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2007-08ല്‍ നടത്തിയ സര്‍വേയേക്കാള്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവാണ് സംസ്ഥാനം കൈവരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന സിസേറിയനുകളുടെ എണ്ണം കഴിഞ്ഞ സര്‍വേയില്‍ 9.6 ശതമാനമായിരുന്നുവെങ്കില്‍ ഇത്തവണ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ സിസേറിയനുകളുടെ ശതമാനം കഴിഞ്ഞ തവണ 21.6 ആയിരുന്നു. ഇത്തവണ അത് 21 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന പ്രസവത്തിന് ചെലവാകുന്ന ശരാശരി ചെലവ് 5,300 രൂപയാണ്. പാലക്കാട് ജില്ലയില്‍ ഇത് 2,300 രൂപയും കാസര്‍കോട് 8,200 രൂപയുമാണ്. 30,000 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ ശരാശരി ചെലവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ ആധുനിക ചികിത്സ ലഭ്യമാകുന്നുവെന്നതാണ് കൂടുതല്‍ പേരും സര്‍ക്കാര്‍ ആശുപത്രികളെ തന്നെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം.
കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടന്നിട്ടുള്ള സര്‍വേകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസവ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വളരെയധികം കുറവാണുണ്ടായിട്ടുള്ളത്. പൂര്‍ണമായി രോഗപ്രതിരോധം ആര്‍ജിച്ച കുഞ്ഞുങ്ങളുടെ ശതമാനം കഴിഞ്ഞ സര്‍വേയില്‍ 79.5 ആയിരുന്നുവെങ്കില്‍ ഇത്തവണ 82.5 ആയി ഉയര്‍ന്നിട്ടുണ്ട്. 12 മുതല്‍ 23 വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് ഇതില്‍പെടുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് കാസര്‍കോട് ജില്ലയാണ് പിന്നിലെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇവിടെ പൂര്‍ണ രോഗപ്രതിരോധമാര്‍ജിച്ച കുട്ടികളുടെ ശതമാനം 40.5 ആണ്.
14 ജില്ലകളില്‍ നിന്നും 20,089 വീടുകളിലും 13,780 വിവാഹിതരായ സ്ത്രീകളില്‍ നിന്നും 539 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുമായാണ് സര്‍വേക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ പോപ്പുലേഷന്‍ സയന്‍സസ് ആണ് ജില്ലാതല കുടുംബാരോഗ്യ സര്‍വേ സംഘടിപ്പിക്കുന്നത്.