വൈകി അവസരം ലഭിച്ച ഹാജിമാര്‍ മുംബൈ വഴി പുറപ്പെടണം

Posted on: September 22, 2014 6:00 am | Last updated: September 21, 2014 at 11:44 pm
SHARE

HAJJ 2014കൊണ്ടോട്ടി: വൈകി ഹജ്ജിനു അവസരം ലഭിച്ചവര്‍ മുംബൈ വഴി പുറപ്പെടണം. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി 6750 ചാര്‍ട്ടര്‍ സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. 28 ന് ഹജ്ജ് യാത്ര അവസാനിക്കാനിരിക്കെ അനുവദിച്ച സീറ്റിലും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചതിനാലാണ് ശേഷിച്ചവരുടെ യാത്ര മുംബൈ വഴി ക്രമീകരിക്കുന്നത്. 30 ല്‍ അധികം പേര്‍ക്കാണ് മുംബൈ വഴി പോകേണ്ടി വരിക. ഇവരെ കരിപ്പൂരില്‍ നിന്നുള്ള പതിവു വിമാനത്തില്‍ അയക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഹജ്ജ് കമ്മിറ്റിയുടെ ചാര്‍ട്ടര്‍ വിമാനം മദീനയില്‍ നിന്നാണ് ഹാജിമാരെ തിരികെകൊണ്ടുവരുന്നത്. കരിപ്പൂരില്‍ നിന്നുള്ള പതിവു വിമാനത്തില്‍ പോകുകയാണെങ്കില്‍ ഇവരുടെ തിരിച്ചുവരവ് പ്രയാസകരമായിരിക്കും. കരിപ്പൂരില്‍ നിന്ന് മദീനയിലേക്ക് വിമാന സര്‍വീസില്ല.
ഹാജിമാര്‍ക്ക് വിമാനത്തില്‍ ഇഷ്ട ഭക്ഷണം ലഭ്യമാക്കുന്നതിനു പുതിയ സംവിധാനം ഏര്‍പ്പെടുത്തി. വിമാനത്തില്‍ ഹാജിമാരുടെ താത്പര്യത്തിനനുസരിച്ച് ഭക്ഷണം ലഭ്യമായിരുന്നില്ല. പുതിയ സംവിധാനമനുസരിച്ച് ഓരോ ഹാജിക്കും വേണ്ട ഭക്ഷണം ഏതെന്ന് നേരത്തെ കണക്കെടുക്കും. പിന്നീട് വിമാനക്കമ്പനിക്ക് കൈമാറും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, പി ഉബൈദുല്ല എം എല്‍ എ എന്നിവര്‍ ഇന്നലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. 149 പുരുഷന്മാരും 201 സ്ത്രീകളുമുള്‍പ്പെടെ ഇന്നലെ 350 ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തി.
അതേസമയം മറ്റു സംസ്ഥാനങ്ങളിലെ ക്യാന്‍സലേഷന്‍ സീറ്റുകളില്‍ നിന്ന് കേരളത്തിന് അധികമായി ലഭിച്ച വകയില്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ഹാജിമാരെയും കോഴിക്കോട് വിമാനത്താവളം വഴി യാത്രയാക്കാനുള്ള നടപടികള്‍ കൈക്കെള്ളണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര വിദേശകാര്യ മന്ത്രിയോടും കേന്ദ്ര ഹജ്ജ് കമ്മറ്റിയോടും ആവശ്യപ്പെട്ടു. വിമാന സീറ്റ് വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ അപേക്ഷ പരിഗണിച്ച് 200 സീറ്റുകള്‍ സഊദി എയര്‍ലൈന്‍സ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ കേരളം മുന്‍കൂട്ടി പാസ്‌പോര്‍ട്ട് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കയച്ചതിനാല്‍ പ്രതീക്ഷിച്ചതിലും അധികം സീറ്റുകള്‍ കേരളത്തിന് ലഭിക്കുകയും അവസാനം അവസരം ലഭിച്ച അന്‍പതോളം പേരെ മുംബൈ വഴി അയക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുകയുമായിരുന്നു.