Connect with us

International

ഇസില്‍ ആക്രമണം: 70,000ലധികം സിറിയന്‍ കുര്‍ദുകള്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്തു

Published

|

Last Updated

ദമസ്‌കസ്: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സിറിയന്‍ കുര്‍ദുകളായ പതിനായിരക്കണക്കിന് പേര്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്തു. സിറിയയില്‍ ഇസില്‍ തീവ്രവാദികളുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് പതിനായിരക്കണക്കിന് പേര്‍ പലായനം നടത്തുന്നത്. അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നിരവധി പ്രദേശങ്ങള്‍ ഇപ്പോള്‍ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം വരെ 70,000 സിറിയന്‍ കുര്‍ദുകള്‍ ഇവിടെ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട ഏജന്‍സി യു എന്‍ എച്ച് സി ആര്‍ വ്യക്തമാക്കി. ഇതിനിടെ, ഇസില്‍ തീവ്രവാദികളെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാവരും ആയുധമെടുത്തിറങ്ങാന്‍ തുര്‍ക്കിയിലെ കുര്‍ദ് സൈന്യം ആവശ്യപ്പെട്ടു.
കുര്‍ദ് മേഖലയിലെ കൊബാനിയില്‍ അയ്‌നല്‍ അറബ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസില്‍ തീവ്രവാദികളുടെ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് പതിനായിരക്കണക്കിന് പേര്‍ തുര്‍ക്കിയിലേക്ക് പലായനം തുടങ്ങിയത്. ഇവര്‍ക്ക് വേണ്ടി തുര്‍ക്കി വാതില്‍ തുറന്നുകൊടുത്തിട്ടുണ്ട്.
തങ്ങളുടെ ചുറ്റും ബോംബാക്രമണം ശക്തമാകുകയാണ്. നഗരത്തിലായിരുന്ന തങ്ങളെ ഇസില്‍ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രക്ഷിയില്ലാതെ ഓടിപ്പോരേണ്ടി വന്നു. ഒന്നും കൂടെയെടുക്കാന്‍ പോലും സാധിച്ചില്ലെന്ന് അഭയാര്‍ഥിയായ ഫരീദ് ഇബ്‌റാഹിം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സിറിയയില്‍ നിന്ന് ശക്തമായ പലായനമാണ് നടക്കുന്നത്. വടക്കന്‍ സിറിയയില്‍ ഇസില്‍ തീവ്രവാദികള്‍ വന്‍ മുന്നേറ്റം നടത്തുന്ന സാഹചര്യത്തില്‍ ഇനിയും പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. കുര്‍ദുകളുടെ ഗ്രാമങ്ങളിലെത്തി ഇസില്‍ തീവ്രവാദികള്‍ തലയറുക്കുന്നുവെന്ന പ്രചാരണം വ്യാപകമാണ്.
ഒരു യുദ്ധം എന്നതിലുപരി ഇസില്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയായി മാറുകയാണ്. ഗ്രാമങ്ങളിലെത്തി ഇസില്‍ തീവ്രവാദികള്‍ ഒന്നോ രണ്ടോ പേരുടെ തലവെട്ടി ഇത് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയാണെന്നും തുര്‍ക്കിയിലെ കുര്‍ദ് വിഭാഗം മേധാവി ഇബ്‌റാഹിം ബിനിസി വാദിക്കുന്നു. ഇത് മനുഷ്യകുലത്തിന് നാണക്കേടാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ കുര്‍ദ് നേതാവ് മസൂദ് ബര്‍സാനിയും ഇതേ ആവശ്യവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇസില്‍ തീവ്രവാദികളെ നേരിടുന്നതിന്റെ ഭാഗമായി അമേരിക്കയും സിറിയയില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഇറാന്റെ സഹായം ഈ വിഷയത്തില്‍ ആവശ്യമാണെന്നും ആ രാജ്യത്തിന് ഇതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്നും കഴിഞ്ഞ ദിവസം യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അഭിമുഖീകരിക്കവെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നയം വ്യക്തമാക്കിയിരുന്നു.

Latest