Connect with us

International

ഈജിപ്തില്‍ സ്‌ഫോടനം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കൈറോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ വിവിധ മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര സഹമന്ത്രി അബ്ദുല്‍ ഫത്താഹ് പറഞ്ഞു. പോലീസ് ചെക്ക്‌പോയിന്റ് ലക്ഷ്യമാക്കി നടത്തിയ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശക്തമായ സ്‌ഫോടനമാണ് മന്ത്രാലയങ്ങള്‍ക്ക് സമീപം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസ് നായകളുടെ സഹായത്തോടെ കൂടുതല്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. 2013ല്‍ ജനകീയ വിപ്ലവത്തെ തുടര്‍ന്ന് ഹുസ്‌നി മുബാറക് പുറത്താക്കപ്പെട്ടതു മുതല്‍ ഇവിടെ പോലീസുകാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സായുധരായ സംഘങ്ങളാണ് പോലീസുകാരെ ലക്ഷ്യമാക്കി വിവിധ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുന്ന രീതിയാണ് ഇപ്പോള്‍ ആക്രമണകാരികള്‍ സ്വീകരിച്ചുവരുന്നത്. ഇതുവഴി, ആദ്യ സ്‌ഫോടനത്തിന് ശേഷം സംഭവ സ്ഥലത്തേക്ക് ഓടിയെത്തുന്നവരെ ലക്ഷ്യമാക്കിയും ആക്രമണകാരികള്‍ ബോംബുകള്‍ സ്ഥാപിക്കുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ജൂണില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ച രണ്ട് ഉദ്യോഗസ്ഥരും ബോംബുകള്‍ കണ്ടെത്തുന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരായിരുന്നു.