Connect with us

National

ശാരദാ ചിട്ടി കുംഭകോണം: നളിനി ചിദംബരത്തെ സി ബി ഐ ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ശാരദാ ചിട്ടി കുംഭകോണ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ പത്‌നി നളിനി ചിദംബരത്തെ സി ബി ഐ ചോദ്യം ചെയ്തു. ഒരു നിയമ വ്യവഹാരത്തിന് ശാരദാ ഗ്രൂപ്പ് ഫീസ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക കൂടിയായ നളിനി ചിദംബരത്തെ ചോദ്യം ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ചെന്നൈയില്‍ വെച്ചാണ് ചോദ്യം ചെയ്തതെന്ന് ന്യൂഡല്‍ഹിയിലെ സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് മന്താംഗ് സിന്‍ഹയുടെ മുന്‍ ഭാര്യ മനോരഞ്ജന സിന്‍ഹ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നളിനി ചിദംബരം, ഇപ്പോള്‍ ജയിലിലുള്ള ശാരദാ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്ത സെന്നിന് വേണ്ടി കോടതിയില്‍ ഹാജരായത്. ശാരദാ ഗ്രൂപ്പിന് വേണ്ടി കേസ് കൈകാര്യം ചെയ്ത വകയില്‍ ഒരു കോടി രൂപ അഭിഭാഷകക്ക് നല്‍കിയതായി സുദീപ്ത സെന്‍ കഴിഞ്ഞ വര്‍ഷം സി ബി ഐക്ക് അയച്ച കത്തില്‍ അവകാശപ്പെടുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ടി വി ചാനല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഉപദേശമാണ് നളിനി ചിദംബരം നല്‍കിയത്. 42 കോടി രൂപ നിക്ഷേപിച്ച് ചാനല്‍ ഏറ്റെടുക്കാനാണ് ശാരദാ ഗ്രൂപ്പ് പദ്ധതിയിട്ടത്.
അതേസമയം, സി ബി ഐ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നളിനി ചിദംബരം പ്രതികരിച്ചിട്ടില്ല. സി ബി ഐ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത അവര്‍ നിഷേധിച്ചു. ടി വി ചാനല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തന്റെ ഉപദേശങ്ങള്‍ കാണിച്ച് നളിനി തയ്യാറാക്കിയ 70 പേജ് റിപ്പോര്‍ട്ട് കൈപ്പറ്റുക മാത്രമേ സി ബി ഐ ചെയ്തിട്ടുള്ളുവെന്നാണ് അവരുടെ അവകാശവാദം. ഒരു വര്‍ഷം ശാരദാ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് ഒരു കോടി രൂപ കൈപ്പറ്റിയതെന്നും അത് സുതാര്യവും നാമമാത്രവും ആണെന്നും നളിനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest