ചൈനയുമായി ചേര്‍ന്ന് റിമോട്ട് സെന്‍സിംഗ് ഉപഗ്രഹ നിര്‍മാണത്തിന് ഐ എസ് ആര്‍ ഒ

Posted on: September 22, 2014 6:00 am | Last updated: September 21, 2014 at 11:27 pm
SHARE

ISRO-Logoബംഗളൂരു: റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതിന് ആദ്യമായി ഇന്ത്യയും ചൈനയും കൈ കോര്‍ക്കുന്നു. രണ്ട് ദിവസം മുമ്പ് ഇതിനുള്ള കരാര്‍ ഒപ്പ് വെച്ചതായി ഐ എസ് ആര്‍ ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
1960കളില്‍ ബഹിരാകാശ പദ്ധതികളിലേക്ക് കടന്നുവന്നത് മുതല്‍ അമേരിക്ക, യു എസ് എസ് ആര്‍, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവയുമായി ഇന്ത്യ കൂടെ പ്രവര്‍ത്തിച്ചെങ്കിലും ചൈനയുമായി ഇതുവരെ ഒന്നിച്ചിരുന്നില്ല. ഇതോടൊപ്പം നിലവില്‍ വരേണ്ട ദൗത്യപരമ്പരകളുടെ രൂപരേഖ തയ്യാറാക്കുന്നതിന് ഇരു രാഷ്ട്രങ്ങളിലേയും ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു. അടുത്തയാഴ്ചകളില്‍ തന്നെ ശാസ്ത്രജ്ഞര്‍ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടുമെന്നും അടുത്ത ഏപ്രിലോടെ രൂപരേഖ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു.
സമാധാനപരമായ ലക്ഷ്യങ്ങള്‍ക്ക് സഹകരണം പ്രോത്സാഹിപ്പിക്കുക, വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ അടക്കമുള്ള പദ്ധതികള്‍ വികസിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുക തുടങ്ങി നിരവധി ലക്ഷ്യങ്ങളും കരാറിന്റെ ഭാഗമാണ്. ബഹിരാകാശ രംഗത്തെ ഏഷ്യയിലെ സുപ്രധാന രാഷ്ട്രങ്ങളായി ഇരുവരും മാറുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഇത്. 1991ല്‍ ഇത്തരമൊരു കാല്‍വെപ്പുണ്ടായെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇത് സ്ഥായിയായ പുറപ്പാടാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
ദുരന്ത മേഖലയിലെ തയ്യാറെടുപ്പിനും കൈകാര്യം ചെയ്യുന്നതിനും റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍ വളരെ ഉപകാരപ്പെടുന്ന രീതിയിലാകും പ്രവര്‍ത്തനമെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ വ്യക്തമാക്കി.