ഫണ്ടമെന്റലല്ലാത്ത ഫണ്ടമെന്റലിസ്റ്റുകള്‍

Posted on: September 22, 2014 6:00 am | Last updated: September 21, 2014 at 10:00 pm
SHARE

fundamentalismഇസ്‌ലാമല്ലാത്തവരാണ് ഇസ്‌ലാമിക തീവ്രവാദികള്‍. ക്രിസ്ത്യാനികളല്ലാത്തവരാണ് ക്രിസ്ത്യന്‍ മത തീവ്രവാദികള്‍. ഹിന്ദുക്കളല്ലാത്തവര്‍ ഹിന്ദുമത തീവ്രവാദികള്‍. ഈ നിഗമനത്തിനടിവരയിടുന്ന പ്രസ്താവനയാണ് അല്‍ഖാഇദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ പ്രസ്താവനയോടുള്ള പ്രതികരണം എന്ന നിലയില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആദരണീയനായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയത്.’ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ രാജ്യത്തിനു പുറത്തുള്ളവര്‍ ഇടപെടേണ്ടതില്ല എന്ന കാന്തപുരം ഉസ്താദിന്റെ പ്രസ്താവന നമ്മുടെ മാധ്യമങ്ങള്‍ കുറച്ചുകൂടി പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും അതിന് രാജ്യത്തോട് മുസ്‌ലിംകള്‍ യുദ്ധത്തിനൊരുങ്ങണമെന്നുമുള്ള അല്‍ ഖാഇദാ തലവന്റെ പ്രസ്താവനയെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഏകരസ്വരത്തില്‍ അപലപിക്കേണ്ടതാണ്.
ഇന്ത്യയുടെ മുഖ്യധാരാ സമൂഹത്തില്‍ മുസ്‌ലിംകളും മറ്റു പിന്നാക്ക ജനവിഭാഗങ്ങളും ഇന്നും പല തരത്തിലുള്ള അവഗണനകള്‍ നേരിടുന്നുണ്ടെങ്കിലും അവക്കു പരിഹാരം കാണാന്‍ പുറത്തുനിന്നുള്ള ആരുടെയെങ്കിലും സഹായം തേടുന്നത് അത്യന്തം ആപത്തായിരിക്കും. മറ്റു പല രാജ്യങ്ങളിലേയും മതവംശീയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന തരത്തിലുള്ള യാതൊരു ഭീഷണിയും നമ്മുടെ രാജ്യത്തില്ലെന്നതാണ് പരമാരര്‍ഥം. നമ്മുടെ സാംസ്‌കാരിക പൈതൃകം അത്തരം ഭീഷണികളുയര്‍ത്താന്‍ ആരെയും അനുവദിക്കുന്നില്ല. മറിച്ചുള്ള ആശങ്കകളും അങ്കലാപ്പുകളും കേവലം സ്ഥാപിത താത്പര്യക്കാരുടെ മുതലെടുപ്പ് തന്ത്രങ്ങള്‍ മാത്രമാണ്.
ഇസ്‌ലാമിക മതമൗലികാവാദം പല രാജ്യങ്ങളിലേയും സ്ഥാപിത താത്പര്യക്കാരായ രാഷ്ട്രീയക്കാരുടെ കാപട്യങ്ങളെ ഒളിപ്പിച്ചുവെക്കാനുള്ള ഒരു മറ മാത്രമാണെന്നു തെളിയിക്കുന്ന ഒട്ടേറെ പഠനങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. നിലവിലുള്ള ചൂഷണത്തേയും അടിച്ചമര്‍ത്തലിനേയും അവസാനിപ്പിക്കാനും സാമ്രാജ്യത്വ താത്പര്യങ്ങളെ പ്രതിരോധിക്കാനും സാധ്യമാകുന്ന തരത്തിലുള്ള ഒരു വിപ്ലവം എന്ന നിലയില്‍ ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളെ പ്രയോജനപ്പെടുത്തുന്ന നീക്കങ്ങളായിരുന്നു ഇവയെങ്കില്‍ ഇതു സ്വാഗതം ചെയ്യപ്പെടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ മറിച്ചാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളെ അപകീര്‍ത്തിപ്പെടുത്താനും വികലമാക്കാനുമാണ് ഈ വക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വഴി ഒരുക്കുന്നത്. യാഥാസ്ഥിതിക ശാഠ്യങ്ങളെ താങ്ങിനിര്‍ത്താനും സാമ്രാജ്യത്വ താത്പര്യങ്ങളുടെ സാര്‍വാധിപത്യപരമായ ഇടപെടലുകളെ ക്ഷണിച്ചു വരുത്താനും ഇടയാക്കുന്ന അസംബന്ധ ജടിലമായ പ്രവര്‍ത്തനങ്ങളാണ് വഴി പിഴച്ച ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ പിന്‍നില രാജ്യങ്ങളില്‍ നടപ്പിലാക്കി വരുന്നത്. ഇസ്‌ലാമികമല്ലാത്തതിന് ഇസ്‌ലാമിക പരിവേഷം നല്‍കുന്നു.
ഇന്ത്യയിലെ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നു; അതിനെതിരായി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള അയ്‌റമന്‍ അല്‍സവാഹിരിയുടെ പ്രസ്താവന ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെ മാത്രമല്ല ദക്ഷിണേഷ്യയിലെ മുസ്‌ലിംകളില്‍ നല്ല വിഭാഗവും അഭിമുഖീകരിക്കുന്ന ഭീഷണി പെരുകിവരുന്ന ദാരിദ്ര്യവും വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥയുമാണ്. ഇത് പരിഹരിക്കുക മാത്രമാണ് ഇത്തരം വെല്ലുവിളികളെ നേരിടാനുള്ള ശരിയായ മാര്‍ഗം.
ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ് മതങ്ങളുടെ ചരിത്രത്തെ കേന്ദ്രീകരിച്ചു മതേതരവാദികളായ ചരിത്രപണ്ഡിതന്മാര്‍ നടത്തിയ ചില പഠനങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ മതവിശ്വാസികള്‍ ശ്രദ്ധാപൂര്‍വം ഉള്‍ക്കൊള്ളേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. ഇസ്‌ലാമിന്റെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് ചരിത്രകാരനായ എം എന്‍ റോയി ഒശേെീൃശരമഹ ഞീഹല ീള കഹെമാ എന്ന പ്രബന്ധത്തില്‍ ദീര്‍ഘമായി ഉപന്യസിക്കുന്നുണ്ട്. തീവ്രവാദം എന്ന കെണിയിലേക്കാകര്‍ഷിക്കപ്പെടാന്‍ സാധ്യതയുള്ള ചെറുപ്പക്കാര്‍ അതൊന്നു വായിക്കുന്നത് നന്നായിരിക്കും. ഇസ്‌ലാം ഇന്ത്യയിലേക്കു കടന്നുവരുന്ന കാലത്ത് പണ്ഡിതന്മാരും സംസ്‌കാരസമ്പന്നരുമായിരുന്ന അറബികളില്‍ നിന്നും വേണ്ടതെല്ലാം പിടിച്ചുപറ്റിയ ഒരു നേതൃത്വമാണ് ഇസ്‌ലാമിനുണ്ടായിരുന്നത്. പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളില്‍ ബുദ്ധമത ദര്‍ശനങ്ങളില്‍ ആകൃഷ്ടരായതിന്റെ പേരില്‍ വേദവിപരീതികളെന്നും മുദ്രകുത്തി അകറ്റിനിര്‍ത്തിയിരുന്ന വിപ്ലവകാരികള്‍ ഉള്‍പ്പെടെയുള്ള ബഹുജനങ്ങളെ ഇസ്‌ലാം നന്നായി സ്വാധീനിച്ചിരുന്നു. ഇസ്‌ലാമിന്റെ സന്ദേശ ഹൃദയം തുറന്നു സ്വാഗതം ചെയ്തവരുടെ മുന്‍ നിരയില്‍ അവര്‍ സ്ഥാനം പിടിച്ചു. ജാട്ടുകള്‍പ്പെടെയുള്ള ഉത്തരേന്ത്യയിലെ പിന്നാക്ക കര്‍ഷക സമൂഹങ്ങള്‍ മുസ്‌ലിം ഭരണാധികാരികളെ ആഹ്ലാദത്തോടെ വരവേറ്റു. ബ്രാഹ്മണാധിപത്യത്തിനെതിരായ ഒരു കലാപം കൂടിയായിരുന്നു പുതിയ മതത്തിലേക്കുള്ള അവരുടെ ചേക്കേറല്‍.
എം എന്‍ റോയി ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ നിഗമനങ്ങള്‍ സ്വരൂപിക്കാന്‍ ഏറെ ആശ്രയിച്ച ഒരു ഗ്രന്ഥമായിരുന്നു ഹാവെല്‍ എന്ന പാശ്ചാത്യ ഗ്രന്ഥകാരന്റെ ‘ആര്യന്‍ റൂള്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകം. ഹാവെല്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ‘ഇസ്‌ലാമിനെ സ്വീകരിച്ചവര്‍ക്ക് അതേ തുടര്‍ന്ന് ഖുര്‍ആന്‍ അനുശാസിക്കുന്ന നിയമസംഹിതകളുടെ സര്‍വപരിരക്ഷയും ലഭിക്കുകയുണ്ടായി. അങ്ങനെ അല്ലാത്തവരാകട്ടെ, കൂടുതല്‍ പ്രാകൃതമായ ആര്യന്‍ നിയമസംഹിതകളുടെ കീഴിലാകുകയും ചെയ്തു. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ കീഴാള സമൂഹത്തില്‍ നിന്നു ഇസ്‌ലാമിലേക്കു മതം മാറാനുള്ള പ്രേരണ വര്‍ധിച്ചുവന്നു. തന്റെ പുസ്തകത്തില്‍ സാമൂഹികമായ ക്രമക്കേടുകളുടെ ഇരയായി ജീവിതാന്ത്യം വരെയും കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും ജീവിക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണം മാത്രമല്ല തത്വചിന്തയും എല്ലാ അര്‍ഥത്തിലും അവരെ കീഴടക്കിവെച്ചിരുന്ന ഹിന്ദു ദര്‍ശനത്തേക്കാള്‍ പുരോഗമനപരമായിരുന്നു ഇസ്‌ലാം അവരുടെ ജീവിതദുരിതങ്ങളില്‍ നിന്നു പുറത്തേക്കുള്ള ഒരു വഴികാട്ടിയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്.’
ഇത് സൂചിപ്പിക്കുന്നത് ഇസ്‌ലാം ഇന്ത്യയില്‍ വേര് പിടിച്ചത് അതെന്തെങ്കിലും തരത്തിലുള്ള സാമൂഹിക വിപ്ലവം നടത്തിയതുകൊണ്ടോ, ആര്‍ക്കെങ്കിലും എതിരെ ആയുധപ്രയോഗം നടത്തിയതുകൊണ്ടോ അല്ല; മറിച്ച് ഇസ്‌ലാമിക ദര്‍ശനത്തില്‍ അന്തര്‍ലീനമായിരുന്ന സാമൂഹിക വിപ്ലവ ദൗത്യം ബഹുജനങ്ങളെ ആകര്‍ഷിച്ചതുകൊണ്ടായിരുന്നു. ഇന്ത്യയില്‍ ഇസ്‌ലാം തഴച്ചുവളരുകയായിരുന്നു. ഇന്ത്യയിലെ ഹൈന്ദവ യാഥാസ്ഥിതികത്വം അത്രമേല്‍ അധഃപതിച്ച ഒരു കാലത്തായിരുന്നു ഇസ്‌ലാമിന്റെ ഇങ്ങോട്ടുള്ള കടന്നുവരവ്. ഇന്ത്യയില്‍ ഇസ്‌ലാം നേടിയ വന്‍ വിജയം ഒരിക്കലും ബാഹ്യ ശക്തികളുടെ ഇടപെടല്‍ മൂലം ഉണ്ടായതല്ല. ആര്യവര്‍ത്തത്തിന്റെ രാഷ്ട്രീയ അധഃപതനം പ്രത്യേകിച്ചും ഹര്‍ഷന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ അവസ്ഥ ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ ആകര്‍ഷണം വര്‍ധിപ്പിച്ചു. പ്രവാചകന്റെ പ്രസ്ഥാനം എല്ലാ വിശ്വാസികള്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ തുല്യത ഉറപ്പ് നല്‍കുന്നു. അതുകൊണ്ടു തന്നെ ഇസ്‌ലാം, ബഹുജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ ഒരു തുരുത്തായി ഭവിച്ചു. ബുദ്ധമത തത്വചിന്തയും യാഥാസ്ഥിതിക ബ്രാഹ്മണ മതവും തമ്മിലേറ്റുമുട്ടി. വടക്കെ ഇന്ത്യയിലാകെ അഭിപ്രായഭിന്നതകളുടെ കൊടുങ്കാറ്റ് വീശിയടിക്കുകയുണ്ടായി. ചുരുക്കത്തില്‍ പ്രാചീന ഇന്ത്യയുടെ രാഷ്ട്രീയ ശിഥിലീകരണത്തിനു സമാന്തരമായി ഭവിച്ച ഒരു പ്രതിഭാസമായിരുന്നു ഇസ്‌ലാമിന്റെ ഉയര്‍ച്ച.
ഇസ്‌ലാം ഒരു മതധാരയെന്ന നിലയില്‍ ഹിന്ദു സാമൂഹിക ജീവിത്തിന്മേല്‍ ചെലുത്തിയ സ്വാധീനം പ്രത്യേകം മനസ്സിലാക്കപ്പെടുക തന്നെ വേണം. പ്രധാനമായും അതു രണ്ട് തരത്തിലായിരുന്നു. ഒന്ന് അത് ജാതി വ്യവസ്ഥയുടെ കാഠിന്യം ഒരു വശത്തു വര്‍ധിപ്പിച്ചു. മറുവശത്താകട്ടെ ജാതി വ്യവസ്ഥയുടെ ക്രൂരതകള്‍ക്കിരയാക്കപ്പെട്ടവര്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്കു ചേക്കേറി. ഇപ്രകാരം മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് ഒരു മുസ്‌ലിം പൗരന് അവകാശപ്പെട്ട എല്ലാ അവകാശങ്ങളും ലഭിച്ചിരുന്നു. ഖുര്‍ആന്‍ അധിഷ്ഠിത നയങ്ങള്‍ അല്ലാതെ ഹിന്ദു ആര്യന്‍ നിയമങ്ങള്‍ ഇവര്‍ക്കു ബാധകമായിരുന്നില്ല. ഇതു ക്രമേണ യുഗങ്ങളായി അടിമകളാക്കപ്പെട്ടിരുന്ന ഇന്ത്യന്‍ ശൂദ്രന്മാരുടെ സ്വാതന്ത്ര്യാവേശത്തിനു തീ കൊളുത്തി. യൂറോപ്പിലെ നവോത്ഥാന പ്രസ്ഥാനത്തിന് സദൃശമായ ഒരു ഇളക്കിമറിക്കലിനു നേതൃത്വം നല്‍കാന്‍ പല ധീഷണാശാലികളും മുന്നോട്ടുവന്നു.
അതു വരെ ശൂദ്രന്മാരെന്നു മുദ്ര കുത്തി നഗരത്തിനു പുറത്തേക്കാട്ടിപ്പായിക്കപ്പെട്ടവര്‍ നഗര മധ്യത്തില്‍ വാസമുറപ്പിച്ചു. ഇതൊരു പുതിയ സമൂഹത്തിനു പിറവി നല്‍കി. കബീര്‍, ഗുരു നാനാക്ക്, തുക്കാറാം ചൈതന്യം തുടങ്ങി ഇന്ത്യന്‍ ഭക്തിപ്രസ്ഥാനത്തിന് പിറവി നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ബ്രാഹ്മണ യാഥാസ്ഥിതികതക്കെതിരെ കലാപത്തിന്റെ കൊടുങ്കാറ്റഴിച്ചു വിട്ടതിനു പിന്നിലും മേല്‍പ്പറഞ്ഞ മുസ്‌ലിം അധിനിവേശത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ടുള്ള ഒരു തരം ഗര്‍വ് നിറഞ്ഞ അവഗണനയാണ് മുസ്‌ലിംകളുടെ മതത്തോടും അവരുടെ സംസ്‌കാരത്തോടും ഹിന്ദു സമുദായം പുലര്‍ത്തുന്നതെന്ന വിമര്‍ശവും 1939ല്‍ തന്നെ എം എന്‍ റോയ് ഉന്നയിച്ചിരുന്നു. 2014ല്‍ എത്തിയപ്പോഴേക്കും ഈ അവഗണന അത്യന്തം രൂക്ഷമായി. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ മോദിയും അദ്ദേഹത്തിന്റെ സംഘ്പരിവര്‍ സംഘടനകളും ചേര്‍ന്ന് ഉത്പാദിപ്പിക്കന്ന പുതിയ ചരിത്ര പാഠങ്ങള്‍. എം എന്‍ റോയി തന്റെ പ്രബന്ധം ഉപസംഹരിച്ചുകൊണ്ടു നടത്തുന്ന നിരീക്ഷണം ഇന്നത്തെ കലങ്ങിമറിഞ്ഞ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസക്തമായതിനാല്‍ അതിവിടെ ഉദ്ധരിക്കട്ടെ.”മനുഷ്യരാശിയുടെ സാംസ്‌കാരിക വളര്‍ച്ചക്ക് ഇസ്‌ലാം പ്രദാനം ചെയ്ത സംഭാവനകളെ മനസ്സിലാക്കുകയും അവയുടെ ചരിത്രപരമായ മൂല്യം ഉള്‍ക്കൊള്ളുകയും ചെയ്യുന്നപക്ഷം ആത്മസംതൃപ്തിയുടെ ആലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന ഹിന്ദുക്കളെ അത് ആഘാതം ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഇത്തരം ചില മനസ്സിലാക്കലുകള്‍ നമ്മുടെ കാലഘട്ടത്തിലെ മുസ്‌ലിംകള്‍ക്കും ഗുണം ചെയ്യും. അവര്‍ പുലര്‍ത്തിവരുന്ന സങ്കുചിതത്വങ്ങളെ തകര്‍ത്തെറിയാനും തങ്ങള്‍ പുലര്‍ത്തുകയും പ്രചരിപ്പിക്കുയും ചെയ്യുന്ന വിശ്വാസത്തിന്റെ യഥാര്‍ഥ സത്തയെ മുഖാമുഖം അഭിമുഖീകരിക്കാനുമുള്ള പ്രാപ്തി നേടാന്‍ അവര്‍ക്ക് ഇതിലൂടെ കഴിയും അതിനു സഹായകമായ ഒരു ചരിത്ര സാഹചര്യമാണിപ്പോള്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്.