Connect with us

Articles

നികുതി വരുമാനം ചോരുന്നു, വകുപ്പ് നോക്കി നില്‍ക്കുന്നു

Published

|

Last Updated

ജനത്തിന്റെ മുതുകില്‍ അധിക നികുതിഭാരത്തിന്റെ ഭാണ്ഡം അടിച്ചേല്‍പ്പിക്കാനിടയാക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണങ്ങള്‍ നിരവധിയുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ടത് നികുതി വരുമാന ചോര്‍ച്ച തന്നെയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനപ്പുറം 18-20 ശതമാനത്തില്‍ നിന്നിരുന്ന നികുതി വരുമാന വളര്‍ച്ച ഇപ്പോള്‍ 10-12 ശതമാനത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. പ്രധാനമായും വാറ്റ്, വാഹന നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ തുടങ്ങിയ നികുതി വരുമാനത്തില്‍ വന്ന ഗണ്യമായ കുറവാണ് പ്രതിസന്ധിക്ക് കാരണം.
അതേ സമയം, മദ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും ദേശീയതലത്തില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായി സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ ന്യായീകരണങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണ്. 2013-14 കാലയളവില്‍ 620 കോടി എക്‌സൈസ് നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം കിട്ടിയത് 660 കോടി. അഥവാ എക്‌സൈസ് ഡ്യൂട്ടിയില്‍ ഇക്കാലയളവില്‍ 40 കോടി രൂപയുടെ വര്‍ധനയുണ്ടായി. ഈ ഓണക്കാലത്ത് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും ഓവര്‍ഡ്രാഫ്റ്റുമായി സംസ്ഥാനം റിസര്‍വ് ബേങ്കില്‍ നിന്ന് കടമെടുത്ത പണം തിരിച്ചടച്ചത് മദ്യത്തിന്റെ വരുമാനത്തില്‍ നിന്നാണെന്നത് പ്രത്യേകം ഓര്‍ക്കണം. ഇനി പുതിയ മദ്യനയ പ്രകാരം മുഴുവന്‍ ബാറുകളും അടച്ചാല്‍ തന്നെ 1800 കോടിയുടെ വരുമാന നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 316 ബാറുകള്‍ അടച്ചിട്ടപ്പോള്‍ ഉണ്ടായ നഷ്ടം 500 കോടിയില്‍ താഴെ മാത്രമേ വരൂ. എന്നാല്‍ ബാറുകള്‍ അടച്ചിട്ടപ്പോള്‍ ബീവറജേ് ഔട്ട്‌ലെറ്റുകളിലെ മദ്യ വില്‍പ്പനയില്‍ വര്‍ധനയുണ്ടായെന്ന കാര്യം വിസ്മരിച്ചു കൂടാ. മാത്രമല്ല മദ്യനയം പൂര്‍ണമായി നടപ്പാക്കിയിട്ടുമില്ല. എന്നിരിക്കെ പ്രതിസന്ധിക്ക് കാരണം മദ്യനയമാണെന്ന് പറയുന്നതിലെ പൊള്ളത്തരം വ്യക്തം.
രണ്ടാമതായി പറയുന്ന ദേശീയ തലത്തിലെ സാമ്പത്തിക മാന്ദ്യവും കേരളത്തെ സ്വാധീനിക്കാന്‍ സാധ്യത വളരെ കുറവാണ്. കാരണം പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രധാനമായും സ്വാധീനിക്കുന്നത് പ്രവാസികളുടെ വരുമാനമാണ്. കേരളത്തിലേക്കൊഴുകിയ പ്രവാസികളുടെ വരുമാനത്തിന്റെയും ബേങ്ക് നിക്ഷേപത്തിന്റെയും കണക്ക് കേരളത്തിന്റെ സാമ്പത്തിക മേഖലയെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ റെക്കോര്‍ഡിലേക്കുയര്‍ന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം കണ്ടത്. അപ്പോള്‍ പ്രതിസന്ധിക്ക് കാരണമായി സര്‍ക്കാര്‍ നിരത്തിയ രണ്ട് പ്രധാന കാരണങ്ങളും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് തെളിയുകയാണിവിടെ.
പിന്നെ എന്താണ് സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുമ്പോള്‍ പരമ്പരാഗത രീതിയിലുള്ള നികുതി വരുമാന സ്രോതസ്സുകളില്‍ നിന്ന് വരുമാനം ഖജനാവിലേക്കെത്തിക്കുന്നതില്‍ സര്‍ക്കാറും ധനകാര്യ വകുപ്പും കാണിക്കുന്ന അക്ഷന്തവ്യമായ കെടുകാര്യസ്ഥത വ്യക്തമാകും. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മൂന്ന് വര്‍ഷത്തിനിടെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വാറ്റ് ഉള്‍പ്പെടെയുള്ള നികുതികള്‍ പല തവണ ഉയര്‍ത്തിയിട്ടുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുണ്ടായിരുന്ന ബജറ്റ് പുതുക്കി 616 കോടിയുടെ അധിക ഭാരം അടിച്ചേല്‍പ്പിച്ചു. തുടര്‍ന്ന് 2012-13ല്‍ ഇത് 1512 കോടി രൂപയാക്കി ഉയര്‍ത്തി. പിന്നീട് 2013-14ല്‍ 1401 കോടിയുടെയും തുടര്‍ന്ന് 2014-15ലെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ 1399 കോടിയുടെയും അധികഭാരം ചുമത്തി. ഇതിന് ശേഷമാണിപ്പോള്‍ നിയമസഭ ചര്‍ച്ച ചെയ്യാതെ, 2500ലധികം കോടിയുടെ അധിക ബാധ്യത മന്ത്രിസഭാ തീരുമാനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതെല്ലാമുള്‍െപ്പടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 6773 കോടി രൂപയുടെ അധിക നികുതിഭാരമാണ് സര്‍ക്കാര്‍ ജനങ്ങളുടെ ചുമലില്‍ വെച്ചുകെട്ടിയത്. ഇതു തന്നെ ധനകാര്യ മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് പ്രതിഫലിപ്പിക്കുന്നത്. വാറ്റ് നികുതി നാലുണ്ടായിരുന്നത് അഞ്ചും 12.5 ശതമാനമുണ്ടായിരുന്നത് 14.5 ശതമാനവുമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇങ്ങനെ വരുമ്പോള്‍ 16-25 ശതമാനം വരെയാണ് വര്‍ധന. അതേസമയം ഇത്രയൊക്കെ നികുതി വര്‍ധന നടപ്പിലാക്കിയിട്ടും പ്രതീക്ഷിത വരുമാനത്തിന്റെ 80 ശതമാനം പോലും ഖജനാവിലെത്തിക്കാന്‍ കഴിയുന്നില്ലെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24 ശതമാനം നികുതി വളര്‍ച്ച പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയത്. എന്നാല്‍ ഇതിന്റെ പകുതി മാത്രമാണ് സംസ്ഥാന ഖജനാവിലെത്തിയത്. എന്നാല്‍ ഈ വര്‍ഷം 30 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് തയ്യാറാക്കിയ ബജറ്റ് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമാകുന്നത്. കാരണം ഈ സാമ്പത്തിക വര്‍ഷം ആറ് മാസം പിന്നിട്ടപ്പോള്‍ വരുമാനത്തില്‍ 10 ശതമാനം പോലും വര്‍ധനയുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
സര്‍ക്കാറിന്റെ സെന്‍ട്രല്‍ പ്ലാന്‍ മോനിറ്ററിംഗ് യൂനിറ്റിന്റെ കണക്കുകള്‍ പ്രകാരം ആഗസ്റ്റ് 31 വരെയുള്ള സംസ്ഥാന വാര്‍ഷിക പദ്ധതി ചെലവ് കേവലം 5.49 ശതമാനമാണ്. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി ചെലവ് അടങ്കലിന്റെ 4.8 ശതമാനം മാത്രമാണിത്. സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ മാറി വരുന്ന മെയ്, ജൂണ്‍ മാസങ്ങളിലാണ് പദ്ധതിച്ചെലവ് ഇത്ര കുറവ് രേഖപ്പെടുത്താറുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തിന്‍ നികുതിവരുമാനത്തിലുണ്ടായ ക്രമാതീതമായ ഇടിവ് തന്നെയാണ് ഈ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
ഏതൊക്കെ മേഖലകളിലാണ് പ്രധാനമായും വരുമാന ചോര്‍ച്ചയുണ്ടായതെന്ന് കഴിഞ്ഞ ജൂലൈ വരെയുള്ള നികുതി വരുമാനത്തിന്റെ കണക്കുകള്‍ പ്രകടമാക്കുന്നുണ്ട്. വാറ്റ് നികുതിയില്‍ വെറും 12 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ വാഹന നികുതിയിനത്തില്‍ വര്‍ധനയുണ്ടായിട്ടില്ലതാനും. അതേസമയം, സ്റ്റാമ്പ്ഡ്യൂട്ടി ഇനത്തില്‍ 60 കോടിരൂപയുടെ കുറവ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വാഹന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുകയും റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വന്‍ തോതില്‍ കൊടുക്കല്‍വാങ്ങല്‍ വ്യവഹാരങ്ങള്‍ നടക്കുകയും ചെയ്ത കാലമാണിത്. ഇങ്ങനെ ഈ മേഖലകള്‍ വന്‍ കുതിച്ചുചാട്ടം നടത്തിയ സമയത്ത് തന്നെയാണ് വാഹനനികുതിയിനത്തില്‍ കൂടുതലായി ഒന്നും ലഭിക്കാതിരുന്നതും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ നികുതിയിനത്തില്‍ 60 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയതും.
വാണിജ്യ നികുതി, അബ്കാരി, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി തുടങ്ങി കോടിക്കണക്കിന് രൂപ കുടിശ്ശിക കിടക്കുന്ന വകുപ്പുകളില്‍ നിന്ന് പിരിച്ചെടുക്കുന്നില്ലെന്ന് മാത്രമല്ല നികുതിയടക്കാതെ വീഴ്ച വരുത്തിയ ഉന്നതരെ പല താത്പര്യങ്ങളുടെയും പേരില്‍ സംരക്ഷിക്കുക കൂടി ചെയ്യുന്നുവെന്നത് വിരോധാഭാസമാണ്. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയുള്ള ഉദ്യോഗസ്ഥരുടെ കള്ളക്കളികളാണ് പലപ്പോഴും ഇതിന് പിന്നില്‍. ഇങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട നികുതി വരുമാനം ചോര്‍ന്നു പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ ധനകാര്യ, വാണിജ്യ നികുതി വകുപ്പുകള്‍ക്ക് കഴിയുന്നുള്ളൂ.
ഇതോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന സര്‍ക്കാര്‍ ദിനം പ്രതി വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും കടലാസില്‍ കിടക്കുമ്പോഴാണ് കൈയടി വാങ്ങാനും മറ്റു താത്പര്യങ്ങള്‍ക്കുമായി ഒരോ ദിവസവും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പുതിയ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സാമ്പത്തിക അച്ചടക്കമില്ലാത്ത ഇത്തരം നടപടികള്‍ക്ക് സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്നവരും അറിഞ്ഞും അറിയാതെയും കൂട്ട് നില്‍ക്കുന്നതിന്റെ തിക്തഫലമാണ് സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത്. അതേസമയം നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ അധിക വിഭവ സമാഹാരണം നടത്താനാണ് ബുദ്ധിയും ഭരണപാടവവുമുള്ള ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. ഇതിന് പ്രജകളുടെ മേല്‍പുതിയ നികുതിബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്നതിന് മുമ്പ് വിവിധ വകുപ്പുകളിലായി വന്‍ കുത്തകകളും മുതലാളിമാരും കുടിശ്ശികയാക്കിയ കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാനാണ് സാമര്‍ഥ്യം കാണിക്കേണ്ടത്.
സര്‍ക്കാര്‍ ഖജനാവിലേക്കെത്തേണ്ട കോടികള്‍ വിഴുങ്ങുന്നതാര്…? ഇതേക്കുറിച്ച് നാളെ

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest