Connect with us

Editorial

ചില സ്‌കോട്ട് പാഠങ്ങള്‍

Published

|

Last Updated

സ്‌കോട്ട്‌ലാന്‍ഡ് ബ്രിട്ടനില്‍ തുടരണമോ സ്വതന്ത്രമാകണമോ എന്ന് തീരുമാനിക്കാനുള്ള ജനഹിതപരിശോധനയുടെ ഫലം ആര്‍ക്കും പരുക്കേല്‍പ്പിക്കാത്തതും തത്സ്ഥിതി തുടരാനുള്ള പച്ചക്കൊടിയുമായിരുന്നു. 1700കള്‍ മുതല്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി തുടരുന്ന സ്‌കോട്ട്‌ലാന്‍ഡില്‍ ഒരു സുപ്രഭാതത്തില്‍ ഉദിച്ചതല്ല സ്വാതന്ത്ര്യദാഹം. ദശകങ്ങള്‍ നീണ്ട സംവാദങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും രാഷ്ട്രീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് അവര്‍ക്ക് സ്വന്തമായി പാര്‍ലിമെന്റുണ്ടായതും സ്വയംഭരണത്തിന്റെ നിരവധി സാധ്യതകള്‍ തുറക്കപ്പെട്ടതും. ഇവയുടെ തുടര്‍ച്ചയായാണ് സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധന സാധ്യമായത്. ഇപ്പോള്‍ സ്വാതന്ത്ര്യ പക്ഷം തോല്‍ക്കുകയും ഐക്യപക്ഷം വിജയിക്കുകയും ചെയ്തുവെന്നത് സാങ്കേതികമായി പറയാവുന്ന കാര്യം മാത്രമാണ്. വോട്ടര്‍മാരില്‍ 55 ശതമാനം പേര്‍ പ്രത്യേക രാജ്യമാകേണ്ടെന്ന് വിധിയെഴുതിയപ്പോള്‍ 45 ശതമാനം പേര്‍ വിഭജനത്തിനായി വോട്ട് ചെയ്തു. എന്നുവെച്ചാല്‍ അഞ്ച് സ്‌കോട്ടുകളില്‍ രണ്ടിലധികം പേര്‍ വിഭജിച്ചു പോകണമെന്ന് നിലപാടെടുത്തു. ഗ്ലാസ്‌ഗോ പോലുള്ള വന്‍ നഗരങ്ങള്‍ ഏതാണ്ട് സമ്പൂര്‍ണമായി തന്നെ യെസ് വോട്ട് രേഖപ്പെടുത്തി. ഈ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ മറ്റ് പല തിരഞ്ഞെടുപ്പുകളിലും പോലെ ഇവിടെയും തോല്‍വി/ജയം എന്ന തീര്‍പ്പ് അപ്രസക്തമാകുന്നുണ്ട്.
സ്‌കോട്ട്‌ലാന്‍ഡ് ലോകത്തിനാകെ പാഠമാകേണ്ടതാണ്. രണ്ട് തരത്തിലാണ് അത്. ജനവിഭാഗം അര്‍ഹിക്കുന്നുവെങ്കില്‍ ഹിതപരിശോധനയെന്ന ജനാധിപത്യ പ്രക്രിയക്ക് നിലവിലുള്ള ഭരണകൂടങ്ങള്‍ ധൈര്യം കാണിക്കുകയെന്നതാണ് ഒന്നാമത്തേത്. സ്‌കോട്ട്‌ലാന്‍ഡിലെ ഹിതപരിശോധനാ ഫലം വന്ന ശേഷം വിജയശ്രീലാളിതനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞത് ഇങ്ങനെയാണ്: “ഇനി തര്‍ക്കങ്ങളൊന്നുമില്ല. ജനങ്ങള്‍ അവരുടെ ഭാവി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു”. ഹിതപരിശോധനക്ക് അവസരമൊരുക്കിയത് സ്‌കോട്ട്‌ലാന്‍ഡിനെ ഫലപ്രദമായി ചേര്‍ത്ത് നിര്‍ത്തുമെന്നാണ് കാമറൂണ്‍ വിശ്വസിക്കുന്നത്. കടുത്ത വിഭജന ത്വര പ്രകടിപ്പിക്കുന്ന ഒരു ജനതയെ ഇത്തരമൊരു പ്രക്രിയയിലൂടെ കടത്തി വിടുമ്പോള്‍ അവര്‍ ഇക്കാലം വരെ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യ ബോധത്തില്‍ നിന്ന് മോചിതരാകും. തങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഉയര്‍ന്നു വന്ന ഭൂരിപക്ഷ തീര്‍പ്പാണിതെന്ന അവബോധം അവരെ അര്‍ഥവത്തായ ദേശീയോദ്ഗ്രഥനത്തിലേക്ക് നയിക്കും. അവരുടെ വ്യതിരിക്തമായ സ്വത്വത്തെയും ഉപദേശീയതയെയും അംഗീകരിക്കുകയാണ് ഹിതപരിശോധനയിലൂടെ ചെയ്യുന്നത്. വേറിട്ട് പോകാനായി അവര്‍ ഉന്നയിക്കുന്ന ചരിത്രപരവും ഭൗതികവും സാംസ്‌കാരികവുമായ യാഥാര്‍ഥ്യങ്ങളെ നിരന്തരം സ്പര്‍ശിച്ചു കൊണ്ടു മാത്രമേ ഹിതപരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ വിഭജനം വേണ്ടെന്ന് വാദിച്ചവന്റെ ഉള്ളില്‍ പോലുമുള്ള ഉപദേശീയത തൃപ്തിപ്പെടുന്നുണ്ട്.
ഈ ആശയം ശരിവെക്കുന്നതായിരുന്നു സ്‌കോട്ട് ഹിതപരിശോധനക്ക് മുമ്പായി നടന്ന പ്രചാരണങ്ങള്‍. യെസ് പക്ഷം അത്യന്തം വൈകാരികമായി സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ ഒരിക്കല്‍ പോലും എതിര്‍പക്ഷം പ്രത്യേക രാജ്യമാകാനുള്ള യോഗ്യതയെ തള്ളിപ്പറഞ്ഞില്ല. മറിച്ച് ആ വ്യതിരിക്തതയെ അങ്ങനെ തന്നെ അംഗീകരിക്കുകയാണ് അവര്‍ ചെയ്തത്. സ്‌കോട്ട്‌ലാന്‍ഡ് ബ്രിട്ടന്റെ ഹൃദയവും ശിരസ്സുമാണെന്നായിരുന്നു കാമറൂണ്‍ പറഞ്ഞത്. പരമാവധി അധികാര കൈമാറ്റം എന്ന അര്‍ഥത്തില്‍ ഡിവോ മാക്‌സിന്റെ കാലമാണ് വരാന്‍ പോകുന്നതെന്നാണ് അദ്ദേഹമടക്കമുള്ള ഐക്യപക്ഷം വാഗ്ദാനം ചെയ്തത്. ഹിതപരിശോധനക്ക് മുമ്പ് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ടോറികളും ലിബറല്‍ ഡെമോക്രാറ്റുകളും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുമെല്ലാം മത്സരിക്കുകയായിരുന്നു. കടമെടുപ്പ്, നികുതി പിരിവ് തുടങ്ങിയ നിര്‍ണായക മേഖലകളില്‍ പോലും കൂടുതല്‍ അധികാര വികേന്ദ്രീകരണം നടത്തുമെന്ന് ഇവര്‍ പ്രചാരണഘട്ടത്തില്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. പുതിയ രാജ്യം നിലവില്‍ വരുന്നില്ലെങ്കിലും ഹിതപരിശോധന സ്‌കോട്ട്‌ലാന്‍ഡിന് കൂടുതല്‍ അധികാരങ്ങള്‍ സമ്മാനിക്കുന്നുവെന്ന് ചുരുക്കം. ഇത് അവിടെ നില്‍ക്കില്ല. യുനൈറ്റഡ് കിംഗ്ഡമിന്റെ മറ്റ് ഘടകങ്ങളായ ഇംഗ്ലണ്ടിനും വെയില്‍സിനും വടക്കന്‍ അയര്‍ലാന്‍ഡിനുമെല്ലാം കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ നിര്‍ബന്ധിതമാകും. യൂറോപ്പിലെ സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ സമാനമായ നിലയില്‍ വിഭജനവാദം ഉയര്‍ത്തുന്ന ബാസ്‌കുകള്‍ക്കും കാറ്റലോണുകള്‍ക്കും കൂടുതല്‍ സ്വയംഭരണം സിദ്ധിക്കും.
കേന്ദ്രീകൃത ഭരണ സംവിധാനത്തിന്റെ പരിമിതിയും ഫെഡറല്‍ സംവിധാനത്തിന്റെ സാധ്യതയും തിരിച്ചറിയുകയെന്നതാണ് സ്‌കോട്ട് ഹിതപരിശോധന നല്‍കുന്ന മറ്റൊരു പാഠം. മുകളില്‍ നിന്ന് കെട്ടി എഴുന്നള്ളിക്കുന്ന ആസൂത്രണവും നയങ്ങളും നികുതി ഘടനയുമെല്ലാം പ്രാദേശികവും മേഖലാപരവുമായ സവിശേഷതകളെ കണക്കിലെടുക്കാറില്ല. ഇന്ത്യയെപ്പോലെ വൈവിധ്യപൂര്‍ണമായ ഒരു രാജ്യത്ത് ഇത് ഏറെ പ്രസക്തമാണ്. തങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്ത ഒരു ഭരണകൂടത്തിനാല്‍ ഭരിക്കപ്പെടുന്നുവെന്ന ബോധം വേര്‍പിരിയല്‍ പ്രവണതകള്‍ സൃഷ്ടിക്കുന്നു. ദീര്‍ഘകാലം ഇത്തരം അതൃപ്തികള്‍ കുന്നുകൂടുമ്പോള്‍ വലിയ അഗ്‌നിപര്‍വതങ്ങളായി അവ പരിണമിച്ചേക്കാം. ഓരോ ജനവിഭാഗത്തിന്റെയും വ്യക്തിത്വത്തെ അംഗീകരിച്ചു കൊണ്ടുള്ള ഭരണസംവിധാനം ആവിഷ്‌കരിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. കാശ്മീരിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്ന പ്രത്യേക പദവികളും പാക്കേജുകളും അനിവാര്യമാകുന്നത് ഈ അര്‍ഥത്തിലാണ്. സംസ്ഥാന ഭരണകൂടങ്ങളുടെ അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തരുത്. ദേശീയോദ്ഗ്രഥനത്തിന്റെ യഥാര്‍ഥ ആയുധം അര്‍ഥവത്തായ ഫെഡറലിസമാണ്. അധികാര കേന്ദ്രീകരണം ശക്തിയല്ല, ദൗര്‍ബല്യമാണ്.

Latest