തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ല: കാന്തപുരം

Posted on: September 21, 2014 11:49 pm | Last updated: September 21, 2014 at 11:49 pm
SHARE

kanthapuramഉസ്ബകിസ്താന്‍: ഇസ്‌ലാം എന്നും നിലകൊണ്ടത് ലോക സമാധാനത്തിന് വേണ്ടിയാണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമുമായോ മുസ്‌ലിംകളുമായോ ബന്ധമില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശം കൂടുതല്‍ പ്രസക്തമാകുകയാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമാധാന ദിനമായ ഇന്നലെ സമര്‍ഖന്തിലെ ബുഖാറയില്‍ സ്ഥിതി ചെയ്യുന്ന ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടു തന്നെയാണ് മതസൗഹാര്‍ദത്തിനും ബഹുസ്വരതക്കും വേണ്ടി മുസ്‌ലിംകള്‍ നിലകൊള്ളുന്നത്. സമാധാനം നഷ്ടപ്പെടുത്തുന്ന മുഴുവന്‍ പ്രവണതകളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും ജീവിത പരിസരങ്ങളില്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കണമെന്നും കാന്തപുരം പറഞ്ഞു.