വാരാന്ത്യം വിപണി നേരിയ നേട്ടത്തില്‍ ഡോളര്‍ മുന്നേറ്റം തുടരുന്നു

Posted on: September 21, 2014 11:34 pm | Last updated: September 21, 2014 at 11:34 pm
SHARE

share_market_0പോയ വാരം ആദ്യ ദിനങ്ങളില്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യന്‍ വിപണിയെയും മറ്റും അമേരിക്കന്‍ കേന്ദ്ര ബേങ്കിന്റെ തീരുമാനം രക്ഷപ്പെടുത്തി. വാരാന്ത്യം വിപണി നേരിയ നേട്ടത്തിലാണ്.
അമേരിക്കന്‍ കേന്ദ്ര ബേങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്ന നിഗമനത്തില്‍ വാരത്തിന്റെ ആദ്യ പകുതിയില്‍ വിദേശ ഫണ്ടുകള്‍ പ്രമുഖ ഓഹരി വിപണികളില്‍ വില്‍പ്പനക്ക് മുന്‍തൂക്കം നല്‍കി. ഇതേ തുടര്‍ന്നാണ് വിപണി ആടിയുലഞ്ഞത്. എന്നാല്‍ പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന ഫെഡ് അധ്യക്ഷ ജാനെറ്റ് യെല്ലന്റെ പ്രഖ്യാപനം വന്നതോടെ സ്ഥിതിയില്‍ മാറ്റം വന്നു. വിദേശ ഫണ്ടുകള്‍ പോയ വാരം 2,159 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ബോണ്ട് വാങ്ങല്‍ പദ്ധതി ഒക്‌ടോബറില്‍ അവസാനിച്ച ശേഷവും പലിശ നാമമാത്രമായ നിരക്കില്‍ നിലനിര്‍ത്താനാണ് െഫഡിന്റെ തീരുമാനം. ഗണ്യമായ കാലത്തേക്ക് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും ജാനറ്റ് യെല്ലന്‍ അറിയിച്ചു. ഇന്ത്യന്‍ വിപണികളിലും മറ്റും ഊഹക്കച്ചവടം നടത്താനാണ് അമേരിക്ക നാമമാത്ര പലിശക്ക് വിദേശ ഫണ്ടുകള്‍ക്ക് വായ്പ നല്‍കുന്നത്. പലിശ കൂടാന്‍ ഇടയുണ്ടെന്ന് കേട്ടപ്പോള്‍ പരിഭ്രാന്തരായി നിക്ഷേപം പിന്‍വലിച്ചതും അങ്ങനെ സംഭവിക്കില്ലെന്നറിഞ്ഞപ്പോള്‍ ഓഹരികള്‍ വാങ്ങി കൂട്ടിയതും സ്വാഭാവികം.
പോയ വാരം ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, റിയാലിറ്റി, ഓട്ടോമൊബൈല്‍ വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം ദൃശ്യമായി. അതേ സമയം സ്റ്റീല്‍, കാപ്പിറ്റല്‍ ഗുഡ്‌സ്, പെട്രോളിയം വിഭാഗം ഓഹരികള്‍ക്ക് തിരിച്ചടി േനരിട്ടു. ഡോ. റെഡീസ് ഓഹരി വില എട്ട് ശതമാനം ഉയര്‍ന്നു. സിപ്ല, റ്റി സി എസ്, വിപ്രോ, കോള്‍ ഇന്ത്യ, മാരുതി, ബജാജ്, ഹിന്‍ഡാല്‍ക്കോ തുടങ്ങിയവയുടെ നിരക്ക് ഉയര്‍ന്നു.
ബോംബെ സെന്‍സെക്‌സ് വാരത്തിന്റെ തുടക്കം മുതല്‍ വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു. ഒരവസരത്തില്‍ വിപണി 27,000ലെ സപ്പോര്‍ട്ടും ഭേദിച്ച് 26,464 ലേക്ക് ഇടിഞ്ഞു. ഈ വാരം സെന്‍സെക്‌സിന്റെ റെസിസ്റ്റന്‍സ് 27,403-27,716 ലും സപ്പോര്‍ട്ട് 26,620-26,150 പോയിന്റിലുമാണ്. വാരാവസാനം സെന്‍സെക്‌സ് 27,090 ലാണ്.
ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ സീരിസ് സെറ്റില്‍മെന്റ് വ്യാഴാഴ്ചയാണ്. നിഫ്റ്റി സൂചിക പോയ വാരം 7927-8160 റേഞ്ചില്‍ കയറി ഇറങ്ങി. മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ എന്‍ എസ് ഇ 8,121 പോയിന്റിലാണ്.
ഇന്ത്യാ വോളാറ്റിലിറ്റി ഇന്‍ഡക്‌സ് എക്കാലത്തെയും താഴ്ന്ന റേഞ്ചായ 11.88 ലാണ്. ഓപ്പറേറ്റര്‍മാര്‍ക്ക് അപായ സൂചന നല്‍കുന്നതില്‍ മുഖ്യ പങ്കാണ് വോളാറ്റിലിറ്റി ഇന്‍ഡക്‌സിനുള്ളത്. 2014 ല്‍ ഇതിനകം 21 ശതമാനം ഈ സൂചിക താഴ്ന്നു. വരും ദിനങ്ങളിലും താഴ്ന്ന റേഞ്ചിലേക്ക് നീങ്ങുന്ന സാഹചര്യമുള്ളതിനാല്‍ ഫണ്ടുകള്‍ നിക്ഷേപ താത്പര്യം നിലനിര്‍ത്താം. കേന്ദ്ര ബേങ്കിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ ഡൗ ജോണ്‍സ് സൂചികയും എസ് ആന്‍ഡ് പി ഇന്‍ഡക്‌സും നാസ്ഡാക്കുമെല്ലാം തിളങ്ങി.
വിനിമയ വിപണിയില്‍ ആറ് പ്രമുഖ നാണയങ്ങള്‍ക്ക് മുന്നില്‍ യു എസ് ഡോളര്‍ മുന്നേറുകയാണ്. 1967 നു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളര്‍ നടത്തുന്നത്. േഡാളറിനു മുന്നില്‍ രുപയുടെ മൂല്യം വാരമധ്യം ഒരു മാസത്തെ താഴ്ന്ന റേഞ്ചിലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം കരുത്ത് തിരിച്ചു പിടിച്ച് 60.82 ലാണ്.
ഡോളറിന്റെ മുന്നേറ്റം മുന്‍ നിര്‍ത്തി നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. എട്ട് മാസത്തെ താഴ്ന്ന നിരക്കായ 1,215 ഡോളറിലാണ് വാരാന്ത്യം മഞ്ഞ ലോഹം.