സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു; കുരുമുളകിന് വിപണിയില്‍ തളര്‍ച്ച

Posted on: September 21, 2014 11:33 pm | Last updated: September 21, 2014 at 11:33 pm
SHARE

marketകൊച്ചി: റബ്ബര്‍ ഇറക്കുമതി രണ്ട് ലക്ഷം ടണ്ണിലേക്ക്. വിദേശ കുരുമുളക് പ്രവാഹം നാടന്‍ ചരക്കിനു തിരിച്ചടിയായി. ചുക്കിനും വിലത്തകര്‍ച്ച. തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികള്‍ തിരക്കിട്ട് വെളിച്ചെണ്ണ വിപണിയില്‍ ഇറക്കി. സ്വര്‍ണത്തിന്റെ വില ഇടിവ് തുടരുന്നു.
വിദേശ റബ്ബര്‍ വരവ് ഈ വര്‍ഷം ഇതിനകം രണ്ട് ലക്ഷം ടണ്ണിലേക്ക്. ടയര്‍ ലോബി ഇറക്കുമതിയുടെ നേട്ടം നുകരുന്നതിനാല്‍ കൊച്ചി, കോട്ടയം വിപണികളില്‍ നിന്ന് ചരക്ക് ശേഖരിക്കാന്‍ മടിച്ചു. ഇതിനിടയില്‍ വ്യവസായികള്‍ പല അവസരങ്ങളിലും നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കി. മുഖ്യ ഉത്പാദന രാജ്യമായ തായ്‌ലന്‍ഡില്‍ റബ്ബര്‍ വില ഏഴ് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലാണ്.
റബ്ബര്‍ ഉത്പാദക രാജ്യങ്ങളിലെ വിലത്തകര്‍ച്ച മൂലം അവധി വ്യാപാരം നടക്കുന്ന ടോട്ടോമിലും സിക്കോമിലും മാത്രമല്ല ഷാങ്ഹായിലും റബ്ബറിനു തിരിച്ചടി നേരിട്ടു. ഈ അവസരത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റും തളര്‍ച്ചയില്‍ അകപ്പെട്ടു. റബ്ബറിന്റെ വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ പല ഭാഗങ്ങളിലും റബ്ബര്‍ ടാപ്പിംഗ് നിര്‍ത്തി. നാലാം ഗ്രേഡ് റബ്ബര്‍ 12,400 രൂപയിലും അഞ്ചാം ഗ്രേഡ് 12,100 രൂപയിലുമാണ്. ഒട്ടുപാല്‍ കിലോ 74 രൂപയിലും ലാറ്റക്‌സ് 83 രൂപയിലുമാണ്.
ശ്രീലങ്കയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള കുരുമുളക് പ്രവാഹം ആഭ്യന്തര ഉത്പാദകരുടെ കണക്ക് കൂട്ടലുകള്‍ കാറ്റില്‍ പറത്തുന്നു. സംസ്ഥാനത്തെയും കൂര്‍ഗിലെയും ഉത്പാദകര്‍ക്ക് ഇറക്കുമതി ചരക്കിന്റെ വരവ് തിരിച്ചടിയായി. വിയറ്റ്‌നാമില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഇറക്കുമതി കുരുമുളക് ആഭ്യന്തര വിലയേക്കാള്‍ താഴ്ത്തിയാണ് വില്‍പ്പനക്ക് ഇറക്കിയിട്ടുള്ളത്. ഇതുമൂലം ഉത്തരേന്ത്യയില്‍ നിന്ന് ആവശ്യക്കാര്‍ കുറഞ്ഞു. വിപണിയിലെ തളര്‍ച്ച കണ്ട് ഹൈറേഞ്ചിലെ കര്‍ഷകര്‍ കൈവശമുള്ള ചരക്ക് വിറ്റുമാറാന്‍ തിടുക്കപ്പെട്ടു. കൊച്ചിയില്‍ കുരുമുളകിനു 1,500 രൂപ ഇടിഞ്ഞു. ഗാര്‍ബിള്‍ഡ് മുളക് വില 70,500 ല്‍ നിന്ന് 69,500 രൂപയായി താഴ്ന്നു. ആഗോള വിപണിയില്‍ മലബാര്‍ കുരുമുളക് വില ടണ്ണിനു 11,950 ഡോളറാണ്.
നാളികേരോത്പന്നങ്ങള്‍ക്ക് തളര്‍ച്ച നേരിട്ടു. തമിഴ്‌നാട്ടിലെ വന്‍കിട മില്ലുകാര്‍ സ്‌റ്റോക്ക് വില്‍പ്പന നടത്താന്‍ മത്സരിച്ചത് വിലയെ ബാധിച്ചു. എണ്ണക്ക് പ്രാദേശിക ഡിമാന്‍ഡ് മങ്ങിയത് മുന്‍നിര്‍ത്തിയാണ് കൊപ്രയാട്ട് മില്ലുകാര്‍ സ്‌റ്റോക്ക് ഇറക്കാന്‍ മത്സരിച്ചത്. കൊച്ചിയില്‍ വെളിച്ചെണ്ണ 16,000 ല്‍ നിന്ന് 15,700 ലേക്ക് താഴ്ന്നു. കൊപ്രക്ക് 400 രൂപ ഇടിഞ്ഞ് 10,600 രൂപയായി. കോഴിക്കോട് വെളിച്ചെണ്ണ 200 രൂപ കുറഞ്ഞ് 16,800 രൂപയിലും കൊപ്ര 11,000 രൂപയിലുമാണ്.
കേരളത്തില്‍ സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞു. 20,400 ല്‍ വില്‍പ്പന ആരംഭിച്ച പവന്‍ ആറ് ദിവസം തുടര്‍ച്ചയായി ഈ നിരക്കില്‍ നീങ്ങിയ ശേഷം 20,320 ലേക്കും അവിടെ നിന്ന് 20,200 ലേക്കും പിന്നിട് 20,000 ലേക്കും താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,500 രൂപ. ലണ്ടനില്‍ സ്വര്‍ണത്തിന്റെ വില 1,240 ഡോളറില്‍ നിന്ന് 1,215 ലേക്ക് ഇടിഞ്ഞു.