വിപുലമായ ഇ-സര്‍വീസുമായി ആഭ്യന്തര മന്ത്രാലയം

Posted on: September 21, 2014 6:33 pm | Last updated: September 21, 2014 at 6:34 pm
SHARE

e serviceഅബുദാബി: ഇത്തിസലാത്തുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം പുതിയ ഇ-സര്‍വീസുകളുടെ ശ്രേണിയുമായി രംഗത്ത്. ആസന്നമായ ജൈറ്റക്‌സ് പ്രദര്‍ശനത്തിനു മുന്നോടിയായാണ് വിവിധ സേവനങ്ങളുടെ ഇലക്‌ട്രോണിക് പതിപ്പുമായി ഇരു വിഭാഗവും മുന്നോട്ടുവന്നത്. പൊതു സുരക്ഷ മുന്‍ നിര്‍ത്തി പോലീസ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.
കുട്ടികളുടെ സുരക്ഷയും പരിരക്ഷയും മുന്‍നിര്‍ത്തി വികസിപ്പിച്ച ഹിമായത്തി ആപ്ലിക്കേഷനില്‍ ഇതിന്റെ ഭാഗമായി കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തും. രക്ഷിതാക്കള്‍ക്കും കുട്ടികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഇത് വിവിധ സ്റ്റോറുകളിലൂടെ ഡൗണ്‍ലോഡ് ചെയ്യാനാവും. ഇതിലൂടെ കുട്ടികളുടെ നീക്കങ്ങളും മൊബൈല്‍ ഉപയോഗത്തിന്റെ വിവരങ്ങളും രക്ഷിതാക്കള്‍ക്ക് ലഭ്യമാവും. ഏതെങ്കിലും അത്യാഹിത സാഹചര്യങ്ങളില്‍ ഉടന്‍ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറാനും ആപ്ലിക്കേഷനിലൂടെ സാധിക്കും.
സമൂഹത്തിന്റെ സുരക്ഷയും സമാധാന പൂര്‍ണവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനു ഭരണ കര്‍ത്താക്കള്‍ വിഭാവനം ചെയ്ത ദേശീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരം സേവനങ്ങളുമായി പോലീസ് ഡിപാര്‍ട്‌മെന്റ് മുന്നോട്ടു വന്നിരിക്കുന്നതെന്ന് ഉപ പ്രധാന മന്ത്രിയുടെ ഓഫീസ് സെക്രട്ടറി ജനറലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹയര്‍ കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ നാസര്‍ ലക്‌രിബാനി അല്‍ നുഐമി പറഞ്ഞു.