ട്രാഫിക് പിഴ അടക്കാന്‍ നവംബര്‍ 30 വരെ അവസരം ലഭിക്കും

Posted on: September 21, 2014 6:22 pm | Last updated: September 21, 2014 at 6:23 pm
SHARE

traffic violationഅബുദാബി: അബുദാബി പോലീസ് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗവും ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് (ഡോട്ട്) ഉം പാര്‍ക്കിംഗ്, ട്രാഫിക് പിഴ അടക്കുന്നതിനുള്ള ഇളവ് കാലം നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. നേരത്തേ സപ്തംബര്‍ ഒന്നുവരെയായിരുന്നു ഇളവിന്റെ കാലാവധി. എന്നാല്‍ ഒരൊറ്റ പിഴ മാത്രം അടക്കാനുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ട്രാഫിക് പിഴകള്‍ ഒന്നിച്ചു വരുമ്പോഴുണ്ടായേക്കാവുന്ന ഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അബുദാബിയിലെയും അല്‍ ഐനിലെയും പടിഞ്ഞാറന്‍ മേഖലയിലെയും ട്രാഫിക് പട്രോള്‍സ് ഡയറക്ടറേറ്റ്, ലൈസന്‍സിംഗ് ഡിപാര്‍ട്‌മെന്റ് എന്നിവയിലൂടെ പിഴ അടക്കുന്നതിനു മൂന്നു മാസത്തെ ഇളവ് അവസരം കൂടി ലഭിക്കുമെന്ന് ട്രാഫിക് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ എഞ്ചി. ഹുസൈന്‍ അഹ്മദ് അല്‍ ഹാരിതി പറഞ്ഞു. എന്നാല്‍ ഇത് ഒന്നില്‍ കൂടുതലുണ്ടാവുകയും ആയിരം ദിര്‍ഹമിനു മുകളിലുള്ളതുമായിരിക്കണം. യു എ ഇയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിഗത വാഹനങ്ങള്‍ക്കുമായിരിക്കും ഇളവ് ലഭിക്കുക.
കഴിഞ്ഞ മൂന്നു മാസത്തെ ഇളവ് കാലം 2,988 വ്യക്തികള്‍ ഉപയോഗപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. 60,000 ദിര്‍ഹമാണ് ഇങ്ങിനെ അടച്ചതില്‍ ഏറ്റവും വലിയ സംഖ്യ. ട്രാഫിക് പിഴ അടച്ച് ഇളവ് സമയം ഉപയോഗപ്പെടുത്തിയവര്‍ തുടര്‍ന്ന് നിയമങ്ങള്‍ അനുശാസിക്കുന്ന ഡ്രൈവിംഗ് സംസ്‌കാരം പിന്തുടരാന്‍ ശ്രമിക്കണമെന്നും അധികൃതര്‍ക്ക് പിഴ ചുമത്തുന്നതില്‍ തീരെ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈസന്‍സ് പുതുക്കാനുള്ളവരും മറ്റും ഇളവ് കാലാവധി ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കാന്‍ ശ്രമിക്കണമെന്ന് മവാഖിഫ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹമദ് ബിന്‍ ഫഹദ് അല്‍ മുഹൈരി പറഞ്ഞു. മവാഖിഫുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതി പ്രവര്‍ത്തിക്കുന്നുവെന്നും പരാതിക്കാര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമുള്ളവര്‍ക്കും ഏത് സമയവും സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.