മൂസയുടെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടി; നഫീസയെ ആര്‍ എസ് സി വളണ്ടിയര്‍മാര്‍ കണ്ടെത്തി

Posted on: September 21, 2014 5:57 pm | Last updated: September 21, 2014 at 5:57 pm
SHARE

nafeesaമക്ക: നീണ്ട മണിക്കൂറുകളിലെ കണ്ണീരില്‍ കുതിര്‍ന്ന മൂസയുടെ പ്രാര്‍ത്ഥനക്ക് അള്ളാഹു ഉത്തരം ചെയ്തു. പ്രിയ മാതാവിനെ ആര്‍ എസ് സി സന്നദ്ധ സേവകര്‍ കണ്ടെത്തി. നീണ്ട നാളത്തെ പ്രാര്‍ത്ഥനകള്‍ക്ക് ഒടുവില്‍ ഹജ്ജ് നിരവഹിക്കാനായി മകനോടൊപ്പം കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയതായിരുന്നു ആലപ്പുഴ ചന്തിരൂര്‍ സ്വദേശി നഫീസ. മക്കയില്‍ എത്തിയ ഉടന്‍ കഅബ കാണണമെന്ന ആഗ്രഹത്തില്‍ മകനെയും കൂട്ടി ഹറം പള്ളിയിലേക്ക് നടന്നു. തിരക്കുകള്‍ വകവെക്കാതെ ത്വവാഫ് പൂര്‍ത്തി ആക്കി. സഫ മര്‍വ കള്‍ക്ക് ഇടയില്‍ സഇയ്യ് ചെയ്യുന്നതിനിടയില്‍ മൂസയുടെ കയ്യില്‍ നിന്ന് ഉമ്മയുടെ പിടിത്തം വിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ തിരക്കില്‍ പെട്ട് ഉമ്മയെ കാണാതായി.

മൂസ ഹറം മുഴുവന്‍ ഉമ്മയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ ഇടവിട്ട് ഉമ്മ റൂമില്‍ എത്തിയോ എന്നറിയാന്‍ റൂമിലേക്ക് പോയി. 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഉമ്മയെ കുറിച്ച് വിവരം കിട്ടാതയപ്പോല്‍ കഅബയുടെ മുന്നില് ഇരുന്നു അല്ലാഹുവോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. വിവരം ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ബ്രാഞ്ച് ഓഫീസില്‍ അറിയിച്ചു. മലയാളി തീര്‍ത്ഥാടകയെ കാണാനില്ല എന്ന വിവരം അറിഞ്ഞ ആര്‍ എസ് സി വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍മാര്‍ മുഴുവന്‍ വളണ്ടിയര്‍മാര്‍ക്കും വിവരം കൈമാറി.

ആ സമയത്താണ് ഹറമിന്റെ മര്‍വ വാതിലിനു പുറത്ത് സേവനം ചെയ്തു കൊണ്ടിരുന്ന ആര്‍ എസ് സി വളണ്ടിയര്‍മാരായ എഞ്ചി.നജിം തിരുവനന്തപുരം , എഞ്ചി. ബഷീര്‍ ഓമശ്ശേരി എന്നിവര്‍ ഹറമിന്റെ ഒഴിഞ്ഞ ഭാഗത്ത് അവശ നിലയില്‍ നഫീസയെ കണ്ടെത്തിയത്. മണിക്കൂര്‍കള്‍ക്ക് ശേഷം മലയാള ഭാഷ സംസാരിക്കുന്ന വളണ്ടിയര്‍്മാരെ കണ്ടപ്പോള്‍ ആ മാതാവിന്റെ സങ്കടം അണപൊട്ടി . പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ ഭക്ഷണം കിട്ടാതെ, ഭാഷ അറിയാത്ത ആ വൃദ്ധമാതാവ് മകനെ നഷ്ടമായപ്പോള്‍ കുറെ മണിക്കൂറുകള്‍ മകനെയും അന്വേഷിച്ചു ഹറമില്‍ പലഭാഗത്തും നടക്കുകയായിരുന്നു.

നടക്കാന്‍ കഴിയാതായപ്പോല്‍ കഅബയെ നോക്കി വാവിട്ട് കരയുകയായിരുന്നു. അന്യ ഭാഷക്കാരായ പലരും അവര്‍ക്ക് സംസം കൊണ്ട് കൊടുത്തതായും അവരോടൊക്കെ മകനെ കണ്ടെത്തി തരാന്‍ തനിക്കു അറിയുന്ന മലയാള ഭാഷയില്‍ പറഞ്ഞതായും ആ മാതാവു സങ്കടത്തോടെ പറഞ്ഞു. ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ഭക്ഷണം നല്‍കി വാഹനത്തില്‍ കയറ്റി താമസ സ്ഥലത്ത് എത്തിച്ചു. മകനെ കണ്ട സന്തോഷത്തില്‍ മകനെയും തന്നെ സഹായിച്ച വളണ്ടിയര്‍മാരെയും ചുറ്റി പിടിച്ചു കണ്ണുനീര പൊഴിച്ച് വൃദ്ധ മാതാവ് ഹറം ഭൂമിയില്‍ സര്‍വശക്തനോട് കൈകള്‍ ഉയര്‍ത്തി. പ്രാര്‍ത്ഥനകള്‍ സമ്മാനമായി നല്‍കി ഉമ്മയും മകനും വളണ്ടിയര്‍മാരെ യാത്രയാക്കി.