സോഷ്യലിസ്റ്റ് ജനത ജെ ഡി യുവില്‍ ലയിക്കും

Posted on: September 21, 2014 5:35 pm | Last updated: September 22, 2014 at 9:02 am
SHARE

socialist janatha

ന്യൂഡല്‍ഹി: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്ക് (എസ് ജെ ഡി) ജനതാദള്‍ യുനൈറ്റഡില്‍ (ജെ ഡി യു) ലയിക്കുന്നു. ലയനത്തിന് മുന്നോടിയായി ഇരു പാര്‍ട്ടികളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എസ് ജെ ഡി നേതാവ് എം പി വീരേന്ദ്രകുമാറും ജെ ഡി യു നേതാവ് ശരത് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. രാഷ്ട്രീയമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ലയനം ഉടന്‍ നടക്കുമെന്നും ശരത് യാദവും വീരേന്ദ്രകുമാറും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലയന പ്രഖ്യാപനം കേരളത്തില്‍ നടക്കും. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എസ് ജെ ഡിയുടെ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചര്‍ച്ച ചെയ്യും. മതേതര കക്ഷികളുടെ കൂട്ടായ്മയുണ്ടാക്കാനും ദേശീയതലത്തില്‍ സാന്നിധ്യമറിയിക്കാനും മറ്റു പാര്‍ട്ടികളുമായുള്ള ലയന സാധ്യത പരിശോധിക്കണമെന്ന് എസ് ജെ ഡി സംസ്ഥാന കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ശരത് യാദവുമായി വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയുമായുള്ള ബന്ധം ജെ ഡി യു ഉപേക്ഷിച്ചപ്പോള്‍ തന്നെ ലയനം സംബന്ധിച്ച് എസ് ജെ ഡി ആലോചനകള്‍ തുടങ്ങിയിരുന്നു.
ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന യോഗത്തില്‍ ശരത് യാദവും നിതീഷ് കുമാറും പങ്കെടുക്കും. വീരേന്ദ്രകുമാറിന്റെ അനുഭവ പരിചയം ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന് സഹായിക്കുമെന്നും ശരത് യാദവ് പറഞ്ഞു. കേരളത്തില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് എസ് ജെ ഡി. എം എല്‍ എമാരും പാര്‍ട്ടിക്ക് മന്ത്രിയുമുണ്ട്. ജെ ഡി യുവുമായി സഹകരിക്കുന്നതോടെ ശക്തി വര്‍ധിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നും ശരത് യാദവ് കൂട്ടിച്ചേര്‍ത്തു.
സഹകരണത്തെക്കുറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസാരിച്ചിരുന്നതായി എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയ സാഹചര്യം മാറിയിട്ടുണ്ട്. ഇന്നത്തെ ഏറ്റവും വലിയ ആവശ്യം മതേതര ജനാധിപത്യശക്തികളെ ശക്തിപ്പെടുത്തുക എന്നതാണ്. മതേതരത്വവും ജനാധിപത്യവും അപകടത്തിലാക്കുന്ന നീക്കങ്ങള്‍ ചെറുക്കണം. ഈ പശ്ചാത്തലത്തിലാണ് സഹകരണം. ഇത് പഴയ സഖാക്കളുടെ ഒത്തുചേരലാണ്. പുതിയ കൂടിച്ചേരലല്ല. മറ്റു സോഷ്യലിസ്റ്റ് കക്ഷികളുമായും സഹകരിക്കും. എന്നാല്‍, ദേവെ ഗൗഡ നയിക്കുന്ന ജനതാ ദള്‍ എസുമായി സഹകരിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
യു പിയില്‍ മുലായംസിംഗ് യാദവ് ഉള്‍പ്പെടെയുള്ള പഴയ സോഷ്യലിസ്റ്റുകളുമായി സഹകരിക്കുന്നതിനുള്ള സാധ്യത തേടും. ദേശീയ തലത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.