Connect with us

National

മഹാരാഷ്ട്രയിലെ സീറ്റ് തര്‍ക്കം: പുതിയ നിര്‍ദേശവുമായി ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി/ മുംബൈ: മഹാരാഷ്ട്രയില്‍ തകര്‍ച്ചയുടെ പടിയില്‍ നില്‍ക്കുന്ന സഖ്യം തകരാതിരിക്കാന്‍ പുതിയ നിര്‍ദേശവുമായി ബി ജെ പി. നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 130 സീറ്റ് വേണമെന്നാണ് ബി ജെ പിയുടെ നിലപാട്. ബി ജെ പി മഹാരാഷ്ട്ര ഘടകത്തിന്റെ ചുമതലയുള്ള രാജീവ് പ്രതാപ് റൂഡി ഇക്കാര്യം സ്ഥിരീകരിച്ചു. ബി ജെ പി മുന്നോട്ടുവെച്ച നിര്‍ദേശം ശിവസേന അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റൂഡി പറഞ്ഞു. ബി ജെ പിക്ക് 126 സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് 130 സീറ്റ് വേണമെന്ന് ബി ജെ പി അറിയിച്ചത്.
സീറ്റ് വിഭജന കാര്യത്തില്‍ മുന്‍ നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന് ഉദ്ധവ് താക്കറെയോട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ രാവിലെ ആവശ്യപ്പെട്ടിരുന്നു. നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും മഹാരാഷ്ട്രയിലെ സഖ്യം തകരാന്‍ പാടില്ലെന്നും അമിത് ഷാ പറഞ്ഞു. സഖ്യം നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ 119 സീറ്റുകള്‍ ബി ജെ പിക്ക് നല്‍കുമെന്നും 151 സീറ്റുകളില്‍ ശിവസേന മത്സരിക്കുമെന്നുമായിരുന്നു ഉദ്ധവ് ഞായറാഴ്ച അറിയിച്ചത്. ശേഷിക്കുന്ന സീറ്റുകള്‍ മഹാസഖ്യത്തിലെ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കാമെന്നായിരുന്നു ശിവസേനയുടെ നിലപാട്. അമിത് ഷായുമായി സംസാരിച്ചതിനു പിന്നാലെയാണ് 126 സീറ്റ് ബി ജെ പിക്ക് നല്‍കാമെന്ന് അറിയിച്ച് ശിവസേന രംഗത്തെത്തിയത്. എന്നാല്‍ 130 സീറ്റെന്ന ആവശ്യത്തില്‍ ബി ജെ പി ഉറച്ചുനില്‍ക്കുകയാണ്. നേരത്തെ 135 സീറ്റ് വേണമെന്നായിരുന്നു ബി ജെ പിയുടെ നിലപാട്. ഉദ്ധവുമായി അമിത് ഷാ ടെലിഫോണില്‍ ബന്ധപ്പെട്ടുവെന്നത് ശിവസേന നിഷേധിച്ചു.
ശിവസേനയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ബി ജെ പി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സഖ്യം തുടരണമെന്ന നിലപാടാണുണ്ടായത്. ഇരുപത്തഞ്ച് വര്‍ഷമായി തുടരുന്ന സഖ്യം നിലനില്‍ക്കണമെന്നാണ് ബി ജെ പിയുടെ ആഗ്രഹമെന്ന് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ഈ മാസം 27നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ബി ജെ പിയും ശിവസേനയും സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 120 പേരുടെ പട്ടികയാണ് ബി ജെ പി തയ്യാറാക്കിയത്. പാര്‍ലിമെന്ററി ബോര്‍ഡിന്റെ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.