ചികിത്സക്കിടെ രണ്ടര വയസുകാരന്റെ മരണം: ബന്ധുക്കളും നാട്ടുകാരും ഡോക്ടറുടെ ക്ലിനിക് തകര്‍ത്തു

Posted on: September 21, 2014 10:37 am | Last updated: September 21, 2014 at 10:37 am
SHARE

STETHESCOPE DOCTORചിറ്റൂര്‍: പനിബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരന്‍ ചികിത്സക്കിടെ മരിച്ചു.
ഇതിനെതുടര്‍ന്ന് കുട്ടിയുടെ അസുഖം പോലും കണ്ടെത്താനാകാതെ നാല് ദിവസത്തോളം ചികിത്സിച്ച ഡോക്ടറുടെ വീടും ക്ലിനിക്കും നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. ചിറ്റൂര്‍ ദേവാങ്കപുരം ശെല്‍വന്‍-രത്‌നം ദമ്പതികളുടെ ഏകമകന്‍ വിനയകൃഷ്ണനാണ് ഇന്നലെ പുലര്‍ച്ചെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇക്കഴിഞ്ഞ 14നാണ് കുട്ടിയെ വിളയോടി കരുണാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ അബ്ദുല്‍ ഹക്കീമാണ് കുട്ടിക്കു ചികിത്സ നല്‍കിയിരുന്നത്. കുട്ടിക്കു ചികിത്സ നല്‍കിയെങ്കിലും അനുദിനം നില വഷളാകുകയായിരുന്നു. മറ്റു ആശുപത്രിയില്‍ കൊണ്ടുപോകണമോ എന്നു രക്ഷിതാക്കള്‍ ചോദിക്കുമ്പോള്‍ വേണ്ടെന്നായിരുന്നുവത്രെ ഡോക്ടറുടെ മറുപടി. രണ്ടുദിവസമായി കുട്ടി അബോധാവസ്ഥയിലായിരുന്നെങ്കിലും ഉറക്കത്തിലാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.
സംശയം തോന്നിയ ശെല്‍വന്‍ അതേ ആശുപത്രിയിലെ മറ്റൊരു ഡോക്ടറുടെ സഹായം തേടി. കുട്ടിയുടെ ആരോഗ്യനില മോശമാണെന്നും എത്രയുംവേഗം മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാനും ഈ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ശെല്‍വന്‍ നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ അപ്പുക്കുട്ടനെ കാണിച്ചു.
പരിശോധനയില്‍ കുട്ടിയുടെ ആരോഗ്യനില മോശമാണെന്നും പള്‍സ് കുറവാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയില്‍ കുട്ടിക്കു ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് ചികിത്സക്കിടെ ഇന്നലെ പുലര്‍ച്ചെ മരണമടയുകയായിരുന്നു.
കുട്ടിയുടെ മരണവിവരം അറിഞ്ഞ നാട്ടുകാരും വിവിധ സംഘടനാ പ്രവര്‍ത്തകരും സംഘടിച്ചെത്തി.
ചിറ്റൂര്‍ വിളയോടി റോഡിലുള്ള ക്ലിനിക്കും വീടും കാറും നശിപ്പിച്ചു. പിന്നീട് നാട്ടുകാര്‍ വിളയോടി റോഡില്‍ കുത്തിയിരുന്നു ഉപരോധ സമരവും നടത്തി.
സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരെ റോഡില്‍നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. കുട്ടിയുടെ മരണവിവരം അറിഞ്ഞ് ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ ഡോക്ടറുടെ ക്ലിനിക്കിലേക്ക് എത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇതിനിടെ ആരോപണ വിധേയനായ ഡോക്ടര്‍ തന്നെ ആക്രമിച്ചതായും ക്ലിനിക്കും വീടും കാറും തകര്‍ത്തതായും കാണിച്ച് പോലീസില്‍ പരാതിയും നല്‍കി.