Connect with us

Wayanad

കീഴ്‌വഴക്കം മറികടന്നുള്ള നടപടി കേരള പോലീസിനെ പ്രതിസന്ധിയിലാക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: പ്രതികളുമായി തൊണ്ടി മുതല്‍ തേടിയെത്തിയ കര്‍ണാടക പോലിസിന്റെ നടപടികള്‍ രണ്ടാം ദിവസവും ജില്ലയില്‍ സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ കല്‍പ്പറ്റയിലായിരുന്നു കര്‍ണാടക പോലിസെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. വെള്ളിയാഴ്ച മാനന്തവാടിയില്‍ വ്യാജ നമ്പര്‍ പതിച്ച ഇന്നോവാ കാറിലെത്തിയത് ജനരോഷത്തിനിടയാക്കിയിരുന്നു.
ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് കര്‍ണാടക പോലിസ് മഫ്തിയില്‍ കല്‍പ്പറ്റയിലെത്തിയത്. കര്‍ണാടകയില്‍ നടന്ന സ്വര്‍ണ്ണ മോഷണ കേസ് അന്വേഷണത്തിനായാണ് സംഘം ടാക്‌സി ഇന്നോവയിലെത്തിയത്. പെട്ടെന്നെത്തിയ സംഘം ചുങ്കത്തെ ഒരു ജ്വല്ലറിയില്‍ കയറി കടയിലുണ്ടായിരുന്ന സെയില്‍സ്മാനോട് കടയടച്ച് ഷട്ടര്‍ താഴ്ത്തി വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധനക്കെത്തിയത്. കടയിലെത്തിയ സംഘം സെയില്‍സ്മാനോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടതോടെ നാട്ടുകാരും, മറ്റും വ്യാപാരികളും സ്ഥലത്ത് തടിച്ചു കൂടി കടയുടമയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം തടഞ്ഞു. ഇത് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് കല്‍പ്പറ്റ പോലിസെത്തി ഇവരുമായി സ്റ്റേഷനിലെത്തുകയായിരുന്നു.
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കര്‍ണാടക പോലിസ് കാരണം ജില്ലയില്‍ രണ്ടിടങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. മാനന്തവാടിയില്‍ കര്‍ണാടക പോലിസ് വ്യാജ നമ്പര്‍ പ്ലേറ്റുള്ള വാഹനമുപയോഗിച്ചാണ് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും, ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മാനന്തവാടിയില്‍ നിന്നും ജ്വല്ലറി ഉടമ സുരേഷിനെ പിടിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
സുഗുവില്‍ നടന്ന സ്വര്‍ണ്ണാഭരണ മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് സംഘം മാനന്തവാടിയിലെത്തിയത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയേയും കുട്ടികളെയും കര്‍ണാടക പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെത്തി കസ്റ്റഡിയിലെടുത്ത് മൈസൂരിലേക്ക് കൊണ്ടുപോയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന കുട്ടികളെ കസ്റ്റഡിയിലെടുത്തതിനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കര്‍ണാടക പോലീസിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അമ്മയെയും കുട്ടികളെയും കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഡി ജി പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ തടയാന്‍ അതാത് സ്‌റ്റേഷനുകളിലെ പോലീസിനെ വിവരമറിയിച്ച് അവരുടെ സാന്നിധ്യത്തിലാണ് സാധാരണരീതിയില്‍ കസ്റ്റഡിയിലെടുക്കാറ്. എന്നാല്‍ ഇത്തരം കീഴ്‌വഴക്കങ്ങളൊക്കെ മറികടന്നുകൊണ്ടാണ് കര്‍ണാടക പോലീസ് ജില്ലയില്‍ മൂന്നു ദിവസമായി തെൡവെടുപ്പ് നടത്തുന്നത്. ഇത് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതിന്റെ ബാക്കി പത്രമാണ് ഇന്നലെ കല്‍പ്പറ്റയില്‍ ഉണ്ടായ സംഭവങ്ങള്‍. കര്‍ണാടക സംഘം വ്യാജ നമ്പറിലുള്ള വാഹനത്തിലും, മഫ്തിയിലുമെത്തി നടത്തുന്ന കട പരിശോധനയും, കസ്റ്റഡി ശ്രമങ്ങളും പലപ്പോഴും കേരളാ പോലീസിന് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.