മോദി സര്‍ക്കാര്‍ കോപറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു: വി എം സുധീരന്‍

Posted on: September 21, 2014 10:26 am | Last updated: September 21, 2014 at 10:26 am
SHARE

sudheeranകല്‍പ്പറ്റ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരുടെ കാര്യങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം അറുനൂറ് വര്‍ഗീയ കലാപങ്ങള്‍ ആണ് നടന്നത്. മന്ത്രിമാരെ നോക്കുകുത്തികളാക്കി ആര്‍ എസ് എസി ന്റെ അജണ്ടയാണ് മോഡി നടപ്പിലാക്കുന്നത്. ജുഡീഷ്യറിയെ പോലും നരേന്ദ്രമോദി കൈപ്പിടിയിലാക്കി. ഇന്ത്യാരാജ്യത്ത് കോണ്‍ഗ്രസ് അതി ശക്തമായി തിരിച്ച് വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബി ജെ പി അധികാരത്തില്‍ വന്നശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. രാജസ്ഥാനിലും ഗുജറാത്തിലും കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു.
ഇന്ത്യകണ്ട ന്യൂന പക്ഷവേട്ടക്കാരനാണ് നരേന്ദ്രമോഡി. ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കപട രാഷ്ട്രീയമാണ്. അന്തമായ കോണ്‍ഗ്രസ് വിരോധം വെച്ചുപുലര്‍ത്തിയ സിപി എം ബി ജെ പിയോടൊപ്പം നിന്ന് കൊണ്ട് കോണ്‍ഗ്രസിന് എതിരായി പ്രവര്‍ത്തിക്കുകയുണ്ടായി. കേരളത്തില്‍ സി പി എം അക്രമരാഷ്ട്രീയവുമായി മുന്നോട്ട് പോകുകയാണ്. ജനവികാരം അക്രമ രാഷ്ട്രീയത്തിനെതിരാണെന്നറിഞ്ഞിട്ടും അതില്‍ നിന്ന് പിന്തിരിയാന്‍ സി പി എം തയ്യാറല്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍
സി പി എമ്മിന് പങ്കില്ലെങ്കില്‍ എന്തിന് സി ബി ഐ അനേ്വഷണത്തെ ഭയപ്പെടുന്നു എന്ന് സുധീരന്‍ ചോദിച്ചു. ബംഗാളില്‍ സി പിഎമ്മിന് കെട്ടിവെച്ച കാശ്‌പോലും നഷ്ടപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ്. കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നികുതി വരുമാനത്തില്‍ 85% മദ്യം, പുകയില എന്നിവയില്‍ നിന്നാണ്. വെള്ളകരത്തിന്റെ കാര്യം പുന:പരിശോധിക്കും. സര്‍ക്കാരിന് വരുമാനമാര്‍ഗം കൂട്ടാനുള്ള പരിപാടി നിര്‍ദ്ദേശങ്ങള്‍ കെ.പി.സി.സി. നല്‍കും. കേരളത്തില്‍ പ്രഖ്യാപിച്ച മദ്യനയം ഇന്ത്യയിലും ലോകത്തിലും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച ക്ലീന്‍ ക്യാമ്പസ് സെയ്ഫ് ക്യാമ്പസ് പദ്ധതി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മദ്യം, മയക്കു മരുന്ന്, പുകയില എന്നിവയില്‍ നിന്ന് വിമുക്തമാക്കും. താഴെ തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനം ശക്തമാക്കണമെന്നും വി എം സുധീരന്‍ പറഞ്ഞു.
സംഘടനാ തിരഞ്ഞെടുപ്പിലൂടെ രൂപീകരിക്കപ്പെട്ട 47 ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരും നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അധ്യക്ഷത വഹിച്ചു.