ധനകാര്യ വകുപ്പിന്റെ തിരിച്ചടി: നെടുങ്കയത്തെ ആന സ്‌ക്വാഡ് രൂപവത്കരണം പ്രതിസന്ധിയില്‍

Posted on: September 21, 2014 10:22 am | Last updated: September 21, 2014 at 10:22 am
SHARE

Nilambur-5153_0നിലമ്പൂര്‍: ധനകാര്യ വകുപ്പിന്റെ തിരിച്ചടിയെ തുടര്‍ന്ന് നിലമ്പൂര്‍ നെടുങ്കയം കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച ആന സ്‌ക്വാഡ് ഇതുവരെ രൂപവത്കരിച്ചില്ല. ഇതു സംബന്ധിച്ച് 2013-ല്‍ വനം വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് വയനാട്ടിലും നിലമ്പൂരിലും ഓരോ ആന സ്‌ക്വാഡ് രൂപവത്കരിക്കുമെന്ന പ്രഖ്യാപിച്ചത്. അതനുസരിച്ച വയനാട്ടില്‍ പ്രഖ്യാപനം നടപ്പാക്കിയെങ്കിലും നിലമ്പൂരില്‍ ഇതുവരെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുമാസം മുമ്പ് നിലമ്പൂരില്‍ രണ്ടു ബൊലേറോ കാമ്പര്‍ ജീപ്പുകളും ഒരു ലോറിയും വന്നിട്ടുണ്ട്.
മലയോര മേഖലയില്‍ കാട്ടാനശല്യം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രി ഓരോ ആന സ്‌ക്വാഡ് നിലമ്പൂരും വയനാട്ടിലും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. അതനുസരിച്ച് വയനാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും നിലമ്പൂരില്‍ ഇതുവരെ ആവശ്യമായ ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചിട്ടില്ല. നിയമന നിരോധനം വന്നതാണ് നിമയനത്തിന് തടസമെന്നാണ് അറിയുന്നത്. കൂടുതല്‍ ശല്യക്കാരായ കാട്ടാനകളെ കൃഷിയിടങ്ങളില്‍ നിന്ന് തുരത്തുന്നതിനും ആവശ്യമെങ്കില്‍ അവയെ പിടികൂടി മെരുക്കിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്രം പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. നിലവില്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് തമിഴ്‌നാടിന്റെ സഹായമാണ് നാം ഇപ്പോള്‍ തേടിയിരുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള ആനകളെ ഇവിടെ എത്തിക്കുന്നതിനുള്ള കൂടിയ ചെലവും സമയപ്രശ്‌നങ്ങളുമാണ് കേരളത്തില്‍ തന്നെ ഇത്തരത്തിലൊന്ന് തുടങ്ങാന്‍ വകുപ്പിനെ പ്രേരിപ്പിച്ചത്. ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു വനം റെയ്ഞ്ച് ഓഫീസര്‍, ഒരു ഡെ.റെയ്ഞ്ച് ഓഫീസര്‍, രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, 14 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ മൂന്ന് ഡ്രൈവര്‍മാര്‍ എന്നിങ്ങനെ മൊത്തം 22 പേരെയാണ് ഇതിനായി നിയമിക്കേണ്ടിയിരുന്നത്. എന്നാല്‍ ഭരണപരമായ അനുമതി നേടി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടത്താത്തത് ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. കാട്ടാനകളുടെ ശല്യം രൂക്ഷമായ നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ രണ്ടുപേരും സംസ്ഥാനത്ത് മന്ത്രിമാരാണ്. എ പി അനില്‍കുമാറും ആര്യാടന്‍ മുഹമ്മദും. എാറനാട് മണ്ഡലത്തിലെ എം എല്‍ എ പി കെ ബശീര്‍ ഭരണകക്ഷിയിലെ ലീഗ് എം എല്‍ എ യുമാണ്. എന്നിട്ടും മണ്ഡലത്തിലെ സാധാരക്കാരായ കര്‍ഷകര്‍ക്ക് ദോഷമുണ്ടാക്കുന്ന ഒരു നടപടിക്കെതിരെ ആരും മുന്നോട്ടുവരാത്തതില്‍ മേഖലയിലെ കര്‍ഷകര്‍ക്ക് അമര്‍ഷമുണ്ട്. ഒരുമാസമായി നിലമ്പൂരില്‍ രണ്ടു ബൊലോറോ കാമ്പര്‍ ജീപ്പുകളും ഒരു ലോറിയും എത്തിയിട്ട്. ലോറി കൂടുതല്‍ പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പിലാണ്. ജീപ്പുകള്‍ നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ ഓഫീസില്‍ കിടക്കുകയാണ്. നിയമനം നടന്നാല്‍ മാത്രമേ ഇവക്ക് ഇനി ഉപയോഗം ഉണ്ടാകു. 38 ലക്ഷം രൂപയാണ് ആനപ്പന്തിക്കും മറ്റുമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. നിയമനം എന്ന് നടക്കുമെന്ന് ആര്‍ക്കും പറയാനാകുന്നുമില്ല. ധനകാര്യ വകുപ്പു കനിയുന്നതും കാത്താണ് മലയോരവാസികള്‍ കഴിയുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് നിലമ്പൂര്‍ മേഖലയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയും വഴിക്കടവ് റെയ്ഞ്ചിലെ പുഞ്ചക്കൊല്ലി വനമേഖലയില്‍ അരീക്കോട് സ്വദേശി കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുകയുണ്ടായി.