കഴിഞ്ഞ മാസം അപകടങ്ങളില്‍ പൊലിഞ്ഞത് 31 ജീവനുകള്‍

Posted on: September 21, 2014 10:19 am | Last updated: September 21, 2014 at 10:19 am
SHARE

accidenമലപ്പുറം: വാഹനാപകടങ്ങള്‍ കുറക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ബോധവത്കരണവും പരിശോധനയും കര്‍ശനമാക്കുമ്പോഴും അപകടങ്ങളുടെ എണ്ണത്തില്‍ മാത്രം കുറവില്ല. നേരത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പരിശോധനകള്‍ ഏറെക്കുറെ ഫലം കണ്ടിരുന്നെങ്കിലും അതിന് ശേഷം നിരത്തുകളിലെ നിയമ ലംഘനങ്ങളും വാഹനങ്ങളുടെ അപകടപ്പാച്ചിലും കൂടിയെന്നാണ് കണക്കുകള്‍. 

ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 2629 വാഹനാപകടങ്ങളാണ് ജില്ലയിലെ നിരത്തുകളില്‍ സംഭവിച്ചതെങ്കില്‍ ഈ വര്‍ഷം ആഗസ്റ്റ് 31 വരെ 1810 വാഹനാപകടങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ 222 അപകടങ്ങളിലായി 233 പേര്‍ മരണമടയുകയും 1603 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മരണങ്ങള്‍ക്കിടയായിക്കിയ 310 വാഹനാപകടങ്ങളാണ് ജില്ലയിലുണ്ടായത്. ഇതില്‍ 354 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 2150 പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.
മേലാറ്റൂരിലെ തേലക്കാടും താനൂരിലുമുണ്ടായ വാഹനാപകടങ്ങളാണ് മരണ സംഖ്യ ഇത്രയും ഉയര്‍ത്തിയത്. 2014 ആഗസ്റ്റ് മാസം മാത്രം 31 പേര്‍ 29ഓളം അപകടങ്ങളിലായി മരിച്ചുവെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 189 പേര്‍ക്കാണ് പരുക്കേറ്റത്. ബൈക്ക് അപകടങ്ങളാണ് സംഭവിക്കുന്നവയില്‍ ഏറെയുമെന്നതിനാല്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നവരില്‍ ‘ഭൂരിഭാഗവും യുവാക്കളാണ്.
ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിത വേഗതയും തന്നെയാണ് മിക്ക വാഹനാപകടങ്ങള്‍ക്കും കാരണമെന്ന് മോട്ടോര്‍വാഹന വകുപ്പും പോലീസും ഒരേ സ്വരത്തില്‍ പറയുന്നു. വാഹനങ്ങളുടെ തകരാറും റോഡിലെ പ്രശ്‌നങ്ങളും ചെറിയ തോതില്‍മ മാത്രമാണ് അപകടമുണ്ടാക്കുന്നത്. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും പോലീസിന്റെ കണ്ണ് വെട്ടിക്കാന്‍ വേണ്ടിയാണ് പലരും ഉപയോഗിക്കുന്നതെന്ന സത്യവും ഇവര്‍ മറച്ച് വെക്കുന്നില്ല.
ഓരോ ദിവസവും നിരത്തിലറങ്ങുന്ന വാഹനങ്ങളുടെ പെരുപ്പവും അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. ശരാശരി എട്ടായിരത്തോളം വാഹനങ്ങളാണ് ജില്ലയില്‍ പുതുതായി ഒരു മാസം രജിസ്റ്റര്‍ ചെയ്യുന്നത്. മലപ്പുറം ആര്‍ ടി ഓഫീസില്‍ മാത്രം ഒരു ദിവസം നൂറോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി ആര്‍ ടി ഒ അജിത്കുമാര്‍ പറഞ്ഞു.
വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി റോഡുകളില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിന് എല്ലാ ആഴ്ചയും ആര്‍ ടി ഓഫീസുകളുടെ കീഴില്‍ പ്രത്യേക ക്ലാസുകള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ഇതില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആര്‍ സി നല്‍കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here