കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും

Posted on: September 21, 2014 10:17 am | Last updated: September 21, 2014 at 10:17 am
SHARE

clt corporationകോഴിക്കോട്: പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയര്‍ എ കെ പ്രേമജം അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചതിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയില്‍ 30 പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

യു പി എ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാ(സി ഒ)രുടെ ഹോണറേറിയം വര്‍ധിപ്പിക്കണമെന്നും ജോലിസ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന സമരം ഒരു മാസമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അനുവദിക്കാത്തതാണ് പ്രശ്‌നമായത്. പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് മേയറുടെ ചേംബറിനരികെയെത്തുകയും ഭരണപക്ഷം മേയറെ സംരക്ഷിക്കാനെത്തുകയും ചെയ്തതോടെ ഇരുവിഭാഗവും തമ്മില്‍ കടുത്ത വാക്കേറ്റവും കൈയാങ്കളിയുമായി. മേയറുടെ ചേംമ്പറില്‍ നിന്ന് അജന്‍ഡ തട്ടിയെടുക്കാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്‍ ശ്രമിച്ചപ്പോള്‍ ചേംബറില്‍ കയറി ഭരണപക്ഷ കൗണ്‍സിലറായ സുധീറും സിനിയും ഭരദ്വാജും പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് കയര്‍ത്തു. പ്രതിപക്ഷ ഉപനേതാവ് മുഹമ്മദാലി ചേംബറിലേക്ക് കയറിയത് ഉന്തും തള്ളിനുമിടയാക്കി. ഈ സമയം മേയറുടെ സംരക്ഷണത്തിനായി വാച്ച് ആന്‍ഡ് ഗാര്‍ഡുമാരുമെത്തി. പ്രതിപക്ഷ കൗണ്‍സിലര്‍ കിഷന്‍ചന്ദ് മൈക്ക് തട്ടിയെടുത്തതായും മേയര്‍ ആരോപിച്ചു.
കൗണ്‍സില്‍ ആരംഭിച്ച് പത്ത് മിനുട്ട് കഴിഞ്ഞപ്പോഴാണ് അടിയന്തരപ്രമേയം അനുവദിക്കേണ്ടതില്ലെന്നും കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രശ്‌നം അജന്‍ഡയിലുണ്ടെന്നും മേയര്‍ പറഞ്ഞത്. ഒരു മാസത്തോളമായി സമരം നടത്തിയിട്ടും ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് അവഗണനയാണെന്ന് പ്രതിപക്ഷ നേതാവ് എം ടി പത്മയും ഉപനേതാവ് മുഹമ്മദലിയും പറഞ്ഞു. 1500 രൂപയാണ് ഇവരുടെ ഓണറേറിയമെന്നും ഇത് വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സ്ത്രീകളെ മേയര്‍ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദാലി ആരോപിച്ചു. ബഹളം നടക്കുന്നതിനിടയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ സര്‍ക്കാര്‍ വെളളക്കരം വര്‍ധിപ്പിച്ചത് അനുവദിക്കാനാവില്ലെന്നും ഇത് പിന്‍വലിക്കണമെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷം മേയര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. മേയര്‍ സഭ നിര്‍ത്തിവെച്ചു. പുറത്തിറങ്ങിയ പ്രതിപക്ഷം മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി. ഇതിനിടെ മേയറുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭരണപക്ഷ കൗണ്‍സിലര്‍ സി കെ രേണുകാദേവിയെ പ്രതിപക്ഷം തടഞ്ഞു. മേയറെയും ഭരണപക്ഷ കൗണ്‍സിലര്‍മാരെയും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കിയത്. അതേ സമയം സി ഒ മാരുടെ ശമ്പളം ആദ്യഘട്ടത്തില്‍ 5000മായും പീന്നിട് 10,000 രൂപയായും ഉയര്‍ത്താന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായും ഈ ശിപാര്‍ശ സര്‍ക്കാറിന് നല്‍കുമെന്നും മേയര്‍ പറഞ്ഞു.