Connect with us

Kozhikode

യുവാക്കള്‍ അനാവശ്യ സമരങ്ങളുടെ രക്തസാക്ഷികളാവരുത്: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ യുവാക്കള്‍ അനാവശ്യ സമരങ്ങളുടെ രക്തസാക്ഷികളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമ്പ്യൂട്ടര്‍ വിരുദ്ധത പോലെ സംസ്ഥാന വികസനത്തിന് തടസം നിന്ന സമരങ്ങള്‍ ഇനിയെങ്കിലും തിരുത്തപ്പെടണം. സംശയത്തോടെ എല്ലാറ്റിനേയും സമീപിക്കുന്ന രീതി അവസാനിപ്പിച്ചാലേ സമഗ്ര വികസനം സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ക്കും സംസ്ഥാനത്തിനും ഗുണം ചെയ്യുന്ന പദ്ധതികള്‍ക്ക് “യെസ്” പറയാന്‍ നമ്മള്‍ തയാറാകണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുകയും വേണം. എന്നാല്‍ അത് പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താനാവരുത്. അടുത്തമാസം രണ്ട് മുതല്‍ 31 വരെ കോളജുകളില്‍ യൂനിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന “യെസ് ടു ലൈഫ്, നോ ടു ഡ്രഗ്” ക്യാമ്പയിന് പിന്തുണ പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി എം കെ മുനീറും എം കെ രാഘവന്‍ എം പിയും മുഖ്യാതിഥികളായിരുന്നു.
യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ കെ എം അഭിജിത്ത് അധ്യക്ഷനായിരുന്നു. ടി ടി ഇസ്മാഈല്‍, യൂനിവേഴ്‌സിറ്റി പ്രോ. വൈസ് ചാന്‍സിലര്‍ കെ രവീന്ദ്രനാഥ്, രജിസ്ട്രാര്‍ ടി എ അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ വി വി ജോര്‍ജ് കുട്ടി, സ്റ്റുഡന്‍സ് ഡീന്‍ പി വത്സരാജ്, സിന്‍ഡിക്കേറ്റ് അംഗം വി പി അബ്ദുല്‍ ഹമീദ്, സഖറിയ, യൂനിയന്‍ സെക്രട്ടറി എം കെ എം സാദിഖ്, വൈസ് ചെയര്‍മാന്‍ എ ഫാസില്‍ പ്രസംഗിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ധിഖ്, കെ എസ് യു പ്രസിഡന്റ് വി എസ് ജോയ്, എം എസ് എഫ് ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദ്, സിന്‍ഡിക്കേറ്റ് അംഗങ്ങളും പങ്കെടുത്തു.

Latest