സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം

Posted on: September 21, 2014 12:45 am | Last updated: September 21, 2014 at 11:56 am
SHARE

kerala-secretariatതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ ട്രഷറിയില്‍ നിന്നുള്ള പണമൊഴുക്കിന് ധന വകുപ്പ് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഒക്‌ടോബര്‍ പതിനഞ്ച് വരെ മുന്‍കൂര്‍ അനുമതിയില്ലാതെ ട്രഷറിയില്‍ നിന്ന് പണം ലഭിക്കില്ലെന്ന് കാണിച്ച് ധന വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി. അത്യാവശ്യമായ ചെലവുകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും വകുപ്പ് തലവന്മാരോട് അഡീഷനല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ധന വകുപ്പിലേക്ക് അയക്കുന്ന അപേക്ഷകള്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം അംഗീകാരം നല്‍കി ട്രഷറിയിലേക്ക് കൈമാറിയാല്‍ മാത്രമേ ഇനി പണം ലഭ്യമാകു. ശമ്പളവും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ക്കുമൊഴികെയുള്ള പണം ട്രഷറിയില്‍ നിന്ന് ലഭിക്കണമെങ്കില്‍ ധന വകുപ്പിന്റെ പ്രത്യേക അനുമതി വേണം.
സാമ്പത്തിക അച്ചടക്കം പാലിക്കുക, ചെലവ് ചുരുക്കുക എന്നീ നടപടികളുടെ ഭാഗമായാണ് ഒക്‌ടോബര്‍ പതിനഞ്ച് വരെ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ധന വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്‌ടോബര്‍ പതിനഞ്ച് വരെ പ്രതീക്ഷിക്കുന്ന അത്യാവശ്യ ചെലവുകള്‍ വകുപ്പ് തലവന്മാര്‍ രേഖാമൂലം അറിയിക്കണം. ഇതിന് ധന വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം ബന്ധപ്പെട്ട ട്രഷറികളെ അറിയിക്കും.
ധന വകുപ്പ് അനുവദിച്ച തുക മാത്രമേ ട്രഷറികളില്‍ നിന്ന് പാസ്സാക്കുകയുള്ളൂ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അനിവാര്യമായ സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പറയുന്നു. ഒഴിവാക്കാനാകാത്ത ആവശ്യങ്ങള്‍ക്കായി ധന വകുപ്പിന് പണം കണ്ടെത്തേണ്ടതുണ്ട്. അതിനാലാണ് വകുപ്പുകളുടെ പ്രാധാന്യമില്ലാത്ത ചെലവുകള്‍ നിയന്ത്രിക്കുന്നത്. പല വകുപ്പ് തലവന്മാരും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പണം വിനിയോഗിക്കുന്നതെന്നും അത് നിയന്ത്രിക്കണമെന്നും ചെലവ് ചുരുക്കലിനെ കുറിച്ച് പഠിച്ച വിദഗ്ധ സമിതിസര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു.
അതേസമയം, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് നികുതി വരവ് വര്‍ധിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്. ചില മേഖലകളിലെ നികുതിയുടെ വളര്‍ച്ച മൈനസിലേക്ക് കൂപ്പുകുത്തിയിരുന്നെങ്കിലും തിരിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വില്‍പ്പന നികുതി, എക്‌സൈസ് നികുതി, മോട്ടോര്‍ വാഹന നികുതി എന്നിവയിലെല്ലാം ആദ്യ പാദത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ എണ്‍പത് ശതമാനവും വില്‍പ്പന നികുതിയില്‍ നിന്നാണ്. സാമ്പത്തിക വര്‍ഷം തുടങ്ങി ജൂണ്‍ വരെ എട്ട് മുതല്‍ ഒമ്പത് വരെ ശതമാനം വളര്‍ച്ചയാണ് വില്‍പ്പന നികുതി വരവിലെങ്കില്‍ ജൂലൈ മാസത്തോടെ 19.5 ശതമാനമായി വര്‍ധിച്ചു. 8,535 കോടി രൂപയാണ് ജൂലൈ വരെയുള്ള വില്‍പ്പന നികുതി വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം 7,589 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരുന്നത്.
നികുതി വരുമാനത്തിന്റെ ഏഴ് ശതമാനം വരുന്ന മോട്ടോര്‍ വാഹന മേഖലയില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മൈനസ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. -1.33, -3.15, -4.64 ശതമാനം. ജൂലൈയോടെ ഇത് പതിനാറ് ശതമാനമായി ഉയര്‍ന്നു. 665 കോടി രൂപയാണ് ജൂലൈ വരെ മോട്ടോര്‍ വാഹന നികുതിയായി ഖജനാവിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 651 കോടിയായിരുന്നു.
ബാര്‍ പൂട്ടിയത് റവന്യൂ വരുമാനത്തെ ബാധിച്ചെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നതെങ്കിലും ബാര്‍ പൂട്ടിയ ശേഷവും എക്‌സൈസ് വരുമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍. മാര്‍ച്ച് 31നാണ് 418 ബാറുകള്‍ പൂട്ടിയത്. ഏപ്രില്‍ മാസം എക്‌സൈസ് നികുതിയില്‍ 55 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. മെയ് മാസം നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ 3.89 ശതമാനവും 7.9 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.