മഅദിന്‍ വാര്‍ഷികം: കേരള ബന്ധങ്ങളെപ്പറ്റി ഫ്രഞ്ച് പിന്തുണയോടെ പരിപാടികള്‍ സംഘടിപ്പിക്കും

Posted on: September 21, 2014 12:10 am | Last updated: September 21, 2014 at 12:10 am
SHARE

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അറേബ്യന്‍ കടല്‍ വഴിയുള്ള ചരിത്ര ബന്ധങ്ങളെപ്പറ്റി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സെമിനാറുകള്‍, എക്‌സിബിഷന്‍, പ്രസിദ്ദീകരണം, കുടിയേറ്റ പ്രദേശങ്ങളിലേക്കുള്ള പഠന യാത്രകള്‍ എന്നിവയടങ്ങുന്ന പദ്ധതിക്ക് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണവുമുണ്ടാകും.

വിദ്യാഭ്യാസ വിനിമയ പദ്ധതിയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയും മുന്‍ ഫ്രാന്‍സ് വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയും അറബ് വേള്‍ഡ് ഇന്സ്റ്റിറ്റിയൂട്ട് പ്രസിഡണ്ടുമായ ജാക്ക് ലാംഗും ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. കേരള തീരത്തു നിന്നും വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കൂടിയേറിയവരും വിവിധ ദേശങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരും ചേര്‍ന്നൊരുക്കുന്ന സാംസ്‌കാരിക വൈവിധ്യവും വിനിമയവും പ്രമേയമാക്കുന്ന പരിപാടികളില്‍ അന്താരാഷ്ട്ര തലത്തിലുള്ള വിവിധ യൂനിവേഴ്‌സിറ്റികളുടെ സഹകരണവും തേടിയിട്ടുണ്ട്. അറേബ്യന്‍ കടല്‍ വഴിയുള്ള സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റി അറബ് വേള്‍ഡ് ഇന്സ്റ്റിറ്റിയൂട്ട് നടത്തുന്ന ഇന്റര്‍നാഷനല്‍ എക്‌സിബിഷനുമായി മഅ്ദിന്‍ അക്കാദമി സഹകരിക്കുകയും ചെയ്യും. ചര്‍ച്ചയില്‍ അറബ് വേള്‍ഡ് മ്യൂസിയം ഡയറക്ടര്‍ എറിക് ഡെല്‍പന്റ്, നയതന്ത്ര ഉപദേഷ്ടാവ് ജൂലിയന്‍ സെനിവസെ, മഅ്ദിന്‍ അക്കാദമി പ്രതിനിധികളായ അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി എന്നിവരും സംബന്ധിച്ചു. ഫ്രഞ്ച് ഗവന്മെന്റും 18 അറബ് രാജ്യങ്ങളും സഹകരിച്ച് സ്ഥാപിച്ച അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് അറബ് ലോകവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഗവേഷണ-വിനിമയ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.