Connect with us

Articles

ധനവൈഷമ്യം മാത്രമോ...?

Published

|

Last Updated

തികച്ചും ഉപഭോക്തൃ സംസ്ഥാനമായ കേരളം ഇപ്പോള്‍ നേരിടുന്നത് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ആവര്‍ത്തിക്കുന്ന പോലെ സാമ്പത്തിക പ്രതിസന്ധിയല്ല, താത്കാലിക ധനവൈഷമ്യം മാത്രമാണെന്ന വാദത്തെ നിലവിലെ സാമ്പത്തിക സ്ഥിതി ശരിവെക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന് സാമ്പത്തിക ബാധ്യത ഏറ്റവും കൂടുതല്‍ പ്രകടമാകുന്ന കാലമാണ് ഓണക്കാലം. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം ഉപയോഗിച്ചിട്ടും ജനസംഖ്യയിലെ വെറും അഞ്ച് ശതമാനത്തില്‍ താഴെ മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ളത് നല്‍കാന്‍ കഴിയാതെ പോയി എന്നത് നമ്മുടെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. ശമ്പളവും പെന്‍ഷനുമല്ലാത്ത മറ്റൊരു ബില്ലും മാറാത്ത ഈ ഓണക്കാലത്ത് സാമൂഹിക ക്ഷേമ പെന്‍ഷനുകളെല്ലാം കുടിശ്ശികയായിരുന്നു.
ജനം രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിയ മുട്ടിയ ഈ ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ പോലും ന്യായവിലക്ക് ലഭ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളും മാവേലി സ്റ്റോറുകളും ഒഴിഞ്ഞുകിടന്നപ്പോള്‍ സ്വകാര്യ കച്ചവടക്കാരും ഇടനിലക്കാരും ജനത്തെ പിഴിയുകയായിരുന്നു. ഒന്നിലും ഇടപെടാതിരുന്നിട്ടും കാലിയായ ഖജനാവിന് കാവല്‍ നില്‍ക്കേണ്ടി വന്നു ധനകാര്യ വകുപ്പിന്. വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ആയി റിസര്‍വ് ബേങ്കില്‍ 535 കോടി വായ്പയെടുത്തതിന് തൊട്ടുപിന്നാലെ ഓവര്‍ഡ്രാഫ്റ്റായി 150 കോടിയും കടമെടുത്താണ് ഈ ഓണക്കാലം സര്‍ക്കാര്‍ തട്ടിയും മുട്ടിയും നീക്കിയത്. മദ്യത്തിന്റെ വരുമാനത്തിലൂടെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് സര്‍ക്കാറിന് തത്കാലം രക്ഷപ്പെടാന്‍ കഴിയുമെങ്കിലും അടുത്ത മാസങ്ങളിലും സംസ്ഥാന ഖജനാവ് അത്ര സുരക്ഷിതമായിരിക്കുമെന്ന കാര്യം ഉറപ്പില്ല.
കാരണം ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 17,000 കോടിയുടെ പദ്ധതിയില്‍ ആറ് മാസം പിന്നിട്ടപ്പോള്‍ 5.49 ശതമാനം മാത്രമാണ് ചെലവാക്കിയിരിക്കുന്നതെന്നിരിക്കെ, സംസ്ഥാനത്തിന്റെ തുടര്‍ന്നുള്ള വികസന പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും നിലവിലെ സാഹചര്യം എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. സംസ്ഥാനത്തിന് ഈ സാമ്പത്തിക വര്‍ഷം വായ്പയെടുക്കാവുന്ന പരമാവധി തുകയുടെ പകുതിയിലധികം ഇക്കാലയളവില്‍ തന്നെ വായ്പയെടുത്തു കഴിഞ്ഞിട്ടുണ്ട്. 7000 കോടി രൂപയാണ് ഇക്കാലയളവില്‍ സംസ്ഥാനം വായ്പയെടുത്തത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ റവന്യൂ കമ്മി പൂജ്യമാക്കണമെങ്കില്‍ വായ്പയെടുത്ത മുഴുവന്‍ തുകയും മൂലധന ചെലവിനായി ഉപയോഗിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ അതിന് കഴിയില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം ഇക്കാലയളവില്‍ വായ്പയെടുത്ത 7000 കോടിയില്‍ വെറും 300 കോടി രൂപമാത്രമാണ് മൂലധന ചെലവിനായി ഉപയോഗിച്ചിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഈ സാമ്പത്തിക അരക്ഷിതാവസ്ഥ വരും നാളുകളില്‍ സംസ്ഥാനത്തെ എവിടെക്കൊണ്ടെത്തിക്കുമെന്ന കാര്യത്തില്‍ ഭരണാധികാരികള്‍ക്ക് ഒരു നിശ്ചയവുമില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു ബജറ്റുകളിലെ പ്രതീക്ഷിത റവന്യൂ കമ്മിയും വര്‍ഷം പൂര്‍ത്തിയാകുമ്പോഴുള്ള യഥാര്‍ഥ റവന്യൂകമ്മിയും തമ്മിലുള്ള അന്തരം ഇത് പ്രകടമാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് 3,673 കോടി റവന്യൂ കമ്മിയെന്ന ബാധ്യത വരുത്തിവെച്ചാണ് 2011ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ഇത് സംസ്ഥാന വാര്‍ഷിക വരുമാനത്തിന്റെ 1.3 ശതമാനമായിരുന്നു. പിന്നീടങ്ങോട്ട് റവന്യൂ കമ്മി പ്രതിവര്‍ഷം കുതിച്ചുയരുന്ന കാഴ്ചയാണ് സംസ്ഥാനം കണ്ടത്.
തുടര്‍ന്ന് യു ഡി എഫ് സര്‍ക്കാറിന്റെ ആദ്യ വര്‍ഷം 2011-2012ല്‍ 5,534 കോടിയുടെ റവന്യൂ കമ്മിയാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും വര്‍ഷാവസനം എ ജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഇത് 8,034 കോടിയായി ഉയര്‍ന്നിരുന്നു. പിന്നീട് തൊട്ടടുത്ത 2012-2013 സാമ്പത്തിക വര്‍ഷത്തിലും റവന്യൂ കമ്മി ബജറ്റിലെ പ്രതീക്ഷിത തുകയെ മറികടന്നിരുന്നു. 3,463 കോടി പ്രതീക്ഷിച്ച റവന്യൂകമ്മി ആ വര്‍ഷം 9,351 കോടിയിലെത്തുകയായിരുന്നു. പിന്നീട് 2,261 കോടി അധികം പ്രതീക്ഷിച്ച 2013-2014ല്‍ റവന്യൂ കമ്മി 11,314 കോടിയിലെത്തിയപ്പോഴേക്കും റവന്യൂ കമ്മി സംസ്ഥാന വാര്‍ഷിക വരുമാനത്തിന്റെ 1.3 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി ഉയര്‍ന്നിരുന്നു. ഈ മൂന്നുവര്‍ഷത്തിനിടെ ബജറ്റുകളില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 9,045 കോടി രൂപയാണ് റവന്യൂ കമ്മിയില്‍ വര്‍ധനവുണ്ടായത്. അതേസമയം 7,133 കോടി രൂപ പ്രതീക്ഷിക്കുന്ന ഈ വര്‍ഷത്തെ റവന്യൂ കമ്മി 15,000 കോടി കടക്കുമെന്നാണ് കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. 2015ല്‍ റവന്യൂകമ്മി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച സ്ഥാനത്താണ് ഇത്രയും വലിയ തുകയെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മില്‍ ഇത്ര വലിയ അന്തരമുണ്ടാകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അത്ര ഭൂഷണമല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റവന്യൂ കമ്മി സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ മൂന്ന്ശതമാനത്തിലേക്ക് ഉയരുന്നത് ധനകാര്യമേഖലയുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്. അതേസമയം കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് റവന്യൂ കമ്മി 3.8 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നുവെന്ന കാര്യം വിസ്മരിക്കാനാകില്ല.
റവന്യൂ കമ്മിയും ചെലവുകളും പ്രതിവര്‍ഷം ക്രമാതീതമായി ഉയരുമ്പോള്‍ വരുമാനം ആപേക്ഷികമായി കുറഞ്ഞുവരുന്ന പ്രവണതയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം കണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. റവന്യൂ കമ്മിയും ചെലവും വര്‍ധിക്കുന്നതിനനുസരിച്ച് വരുമാനം വര്‍ധിപ്പിക്കാനാവശ്യമായ പുതിയ പദ്ധതികളൊന്നും ധനകാര്യ വകുപ്പ് ആവിഷ്‌കരിച്ചിട്ടില്ലെന്ന് മാത്രമല്ല, പരമ്പരാഗതമായ നികുതി വരുമാന മാര്‍ഗങ്ങള്‍ പോലും കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഇക്കാലയളവില്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാണിജ്യ നികുതിയില്‍ നിന്ന് മുന്‍വര്‍ഷത്തേക്കള്‍ അധികം പ്രതീക്ഷിച്ചിരുന്ന 24 ശതമാനത്തില്‍ നിന്ന് 12 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന, കൂടിയ മദ്യ ഉപഭോഗം, അവശ്യ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം തുടങ്ങി വരുമാന വര്‍ധനക്ക് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടായിരുന്ന കാലത്താണ് പ്രതീക്ഷിത നികുതി പകുതിയോളം ഖജനാവിലേക്കെത്താതിരുന്നത് എന്നത് സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണ്. ഇതേ സമയത്ത് സംസ്ഥാനത്തെ ഗള്‍ഫ് പണത്തിന്റെ ഉപഭോഗം 90,000 കോടി രൂപ കടന്നുവെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
അസാധാരണമായ നടപടികളിലൂടെ ബജറ്റിന് പുറത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്‍ നികുതി പരിഷ്‌കാരങ്ങള്‍ക്ക് ഇപ്പോഴത്തെ തകര്‍ച്ച ഒഴിവാക്കാന്‍ കഴിയുമെങ്കിലും സമീപഭാവിയില്‍ ഈ പ്രതിസന്ധി ആവര്‍ത്തിക്കില്ലെന്നുറപ്പാക്കാന്‍ ഈ നടപടികള്‍ കൊണ്ടുമാത്രം കഴിയില്ല. ശമ്പളപരിഷ്‌കരണത്തിന് പുറമേ ബജറ്റിന് പുറത്ത് ദിശാബോധമില്ലാതെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും അനാവശ്യ ചെലവുകള്‍ കുറക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതുമാണ് സാമ്പത്തിക പ്രതിസന്ധി ഇത്രയേറെ രൂക്ഷമാക്കിയത്. ദീര്‍ഘ വീക്ഷണത്തോടെയുള്ള നിലപാടികളിലൂടെ ഇത് തിരുത്തിയില്ലെങ്കില്‍ സാമ്പത്തിക രംഗത്ത് കടുത്ത പ്രത്യാഘാതങ്ങളായിരിക്കും സംസ്ഥാനത്തെ കാത്തിരിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest