നിയമപാലകര്‍ക്ക് നിയമപരിജ്ഞാനം ഇല്ലാതായാല്‍

Posted on: September 21, 2014 6:00 am | Last updated: September 21, 2014 at 12:01 am
SHARE

കേരള പോലീസ് പലപ്പോഴും വിവേചന ബുദ്ധിയും വിവേകവുമില്ലാതെയാണ് പെരുമാറുന്നതെന്ന് ഹൈക്കോടതി. വാക്കാലുള്ള നിരീക്ഷണമാണെങ്കിലും അതിന് ഇട വരുത്തിയ സംഭവം ഗൗരവമുള്ളതാണ്. വിസാ ചട്ടലംഘനമാരോപിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ്കാരനായ ജോനാതന്‍ ബോദിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി ഉബൈദ് ഈ നിരീക്ഷണം നടത്തിയത്. ബോദിനെതിരെ വിസാചട്ടലംഘനത്തിന് കേസെടുത്തെങ്കിലും, എന്ത് ചട്ടലംഘനമാണ് ബോദ് നടത്തിയതെന്ന് വിശദീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല. സ്വിറ്റ്‌സര്‍ലാന്‍ഡ്കാരന്‍ വിസാ ചട്ടം ലംഘിച്ചുവെന്ന് ആരോപിക്കുന്ന പോലീസിന്, അതിന്റെ അടിസ്ഥാനമെന്തെന്ന് വിശദമാക്കാന്‍ കോടതി പല തവണ സാവകാശം നല്‍കിയിരുന്നു. പക്ഷെ തൃപ്തികരമായ മറുപടി നല്‍കാന്‍ നിയമപാലകരായ പോലീസിന് കഴിയാതെ വന്നപ്പോഴാണ് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശമുയര്‍ന്നത്. ഇതിന് സമാനമായ ഒരു കേസ് പോയ വാരം അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലും ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഇവിടെ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കെതിരെ ആളു മാറി കേസെടുത്തതാണ് പോലീസ് അടക്കമുള്ള ഭരണകൂടത്തിന് തലവേദനയായത്. ഒടുവില്‍, ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥന്റെ മകളായ ക്രിതിക ബിസ്വാസിന് 2.25 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് ന്യൂയോര്‍ക്ക് ഭരണകൂടം പുലിവാലില്‍ നിന്ന് തടിയൂരിയത്.
ചെയ്യാത്ത കുറ്റം ആരോപിച്ചാണ് ക്രിതികയെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് അറസ്റ്റ് ചെയ്തതും 28 മണിക്കൂര്‍ നേരം കൈവിലങ്ങണിയിച്ചതും. ആളു മാറിയാണ് അറസ്റ്റ് ചെയ്തതെന്ന് പിന്നീട് ബോധ്യപ്പെട്ടിട്ടും യഥാര്‍ഥ കുറ്റവാളിക്കെതിരെ ന്യൂയോര്‍ക്ക് പോലീസ് പെറ്റി കേസ് പോലും എടുത്തില്ല. അധ്യാപികമാര്‍ക്ക് ആഭാസകരവും ഭീഷണിയുടെ സ്വരത്തോടു കൂടിയതുമായ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചു എന്നായിരുന്നു ക്രിതികിനെതിരെ ചുമത്തിയ കുറ്റം. കേസന്വേഷണം പുരോഗമിച്ചപ്പോഴാണ് ക്രിതികിന് ഈ സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞത്. സംഭവിച്ച തെറ്റ് തിരുത്താന്‍ ന്യൂയോര്‍ക്ക് സിറ്റി ഭരണകൂടം വിസമ്മതിച്ചപ്പോഴാണ് ക്രിതിക് 15 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭരണകൂടത്തേയും ന്യൂയോര്‍ക്ക് പോലീസിനേയും വിദ്യാഭ്യാസ ബോര്‍ഡിനേയും പ്രതിചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിച്ചത്. കേസ് പരിഗണിച്ച ജില്ലാ ജഡ്ജി ജോണ്‍ കോള്‍ടല്‍ ആണ് ഇരുപക്ഷവും ഒത്തുതീര്‍പ്പിന് താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ അനുരഞ്ജന ഫോര്‍മുല നിര്‍ദേശിച്ചത്. ക്രിതികിന് ന്യൂയോര്‍ക്ക് സിറ്റി 2.25 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുക. തിരിച്ച്, ഈ സംഭവത്തില്‍ ക്രിതിക് സ്വീകരിച്ച എല്ലാ നിയമ നടപടികളും പിന്‍വലിക്കുക. ജഡ്ജിയുടെ തീര്‍പ്പ് ഇരുപക്ഷവും തൃപ്തിയോടെ അംഗീകരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലിട്ട വേളയില്‍ ക്രിതികിനെ കാണാനെത്തിയ മാതാപിതാക്കള്‍ക്കും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവര്‍ക്കും അനുമതി നിഷേധിച്ചത് തെറ്റാണെന്ന് അധികൃതര്‍ സമ്മതിച്ചു. 2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദിഷ്ട അമേരിക്കന്‍ സന്ദര്‍ശനം ആസന്നമായതും കേസില്‍ നിന്നും പിന്‍മാറാന്‍ ന്യൂയോര്‍ക്ക് ഭരണകൂടത്തെ പ്രേരിപ്പിച്ച ഘടകമാണെന്ന് വേണം കരുതുക. ഏതായാലും മുള്ളിനും ഇലക്കും കേടില്ലാതെ ന്യൂയോര്‍ക്കിലെ പ്രശ്‌നം തീര്‍ന്നു. എന്നാല്‍, കേരള പോലീസും സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‍ ബോദനും തമ്മിലുള്ള കേസ്‌കെട്ടിന് പരിഹാരമായിട്ടില്ല. വിസാ ചട്ടലംഘനം ആരോപിച്ച് കേസെടുത്തശേഷം, ചട്ടലംഘനം എന്തെന്ന് വിശദീകരിക്കാന്‍ പാടുപെടുന്ന പോലീസ് വാസ്തവത്തില്‍ പോലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കേസന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കെ, എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിലുള്ള ദുരൂഹതയും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമപാലകര്‍ക്ക് നിയമ പരിജ്ഞാനമുണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ന്യൂയോര്‍ക്കിലേയും കേരളത്തിലേയും കേസുകൂട്ടം നമ്മെ ബോധ്യപ്പെടുത്തുന്നത്.