മോദിയുടെ സത്യവാങ്മൂലം: ഗുജറാത്ത് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി

Posted on: September 21, 2014 6:00 am | Last updated: September 20, 2014 at 11:58 pm
SHARE

modiഅഹമ്മദാബാദ്: 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിവാഹക്കാര്യം മറച്ചുവെച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹരജിയില്‍ വിശദാംശങ്ങള്‍ കൈമാറാന്‍ ഗുജറാത്ത് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. എ എ പി പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രാദേശിക കോടതിയാണ് സര്‍ക്കാറിന്റെ പ്രതികരണം ആവശ്യപ്പെട്ടത്. ഈ ഹരജി നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഹരജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കുമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജി എന്‍ റാണ അറിയിച്ചു.
എ എ പി പ്രവര്‍ത്തകന്‍ നിഷാന്ത് വര്‍മ സമര്‍പ്പിച്ച പുതിയ ഹരജിയില്‍ കഴിഞ്ഞ മാസം 21ന് ഗുജറാത്ത് സര്‍ക്കാറിന് കോടതി നോട്ടീസ് നല്‍കിയിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാലാണ് നേരത്തെ മജിസ്റ്റീരിയല്‍ കോടതി ഹരജി തള്ളിയത്. ജനപ്രതിനിധി നിയമത്തിലെ 125(എ)(3) വകുപ്പ് അനുസരിച്ചാണ് കുറ്റമെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ വിവരം മറച്ചുവെച്ചാല്‍ പിഴ ശിക്ഷയാണ് ലഭിക്കുക. ഇതിന് ആറ് മാസം വരെ തടവ് ശിക്ഷക്കും വകുപ്പുണ്ട്. ഈ വകുപ്പ് അനുസരിച്ചുള്ള പരാതികള്‍ ഒരു വര്‍ഷത്തിനകം നല്‍കണമെന്ന് ക്രിമിനല്‍ നടപടി ചട്ടം 468(2) വകുപ്പ് പ്രതിപാദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എ എ പി പ്രവര്‍ത്തകന്‍ കഴിഞ്ഞ ഏപ്രിലില്‍ മോദിക്കെതിരെ കേസെടുക്കണമെന്ന പരാതിയുമായി റാനിപ് പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. സത്യവാങ്മൂലം സ്വീകരിച്ച മണിനഗര്‍ മണ്ഡലത്തിലെ വരണാധികാരി പി കെ ജഡേജക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. 2012ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വഡോദര മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്, താന്‍ വിവാഹിതനാണെന്നും ഭാര്യയുടെ പേര് യശോദാ ബെന്‍ എന്നാണെന്നും മോദി ആദ്യമായി വെളിപ്പെടുത്തിയത്.