സംവരണം: ഗുജ്ജാറുകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

Posted on: September 21, 2014 6:00 am | Last updated: September 20, 2014 at 11:54 pm
SHARE

gujjarജയ്പൂര്‍: സംവരണ പ്രശ്‌നം ഉയര്‍ത്തി രാജസ്ഥാനിലെ ഗുജ്ജാര്‍ സമുദായം വീണ്ടും പ്രക്ഷോഭത്തിന്. അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്നും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 28ന് കരൗളി ജില്ലയില്‍ മഹാ പഞ്ചായത്ത് വിളിച്ചു ചേര്‍ക്കുമെന്നും ഗുജ്ജാര്‍ സമുദായ നേതാക്കള്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമുദായപ്രമുഖരെ ജയ്പൂരിലേക്ക് വിളിച്ചിട്ടുണ്ടെന്നും പ്രക്ഷോഭത്തിന്റെ രീതിയും മറ്റും ഉടന്‍ തീരുമാനിക്കുമെന്നും രാജസ്ഥാന്‍ ഗുജ്ജാര്‍ ആരക്ഷണ്‍ സംഘര്‍ഷ് സമിതി വക്താവ് ഹിമ്മത് സിംഗ് ഗുജ്ജാര്‍ പറഞ്ഞു. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും സഹായം തേടും.
ഗുജ്ജാര്‍, ബഞ്ചാരാ, ഗാഡിയാ ലുഹാര്‍, റെയ്ക- റുബാരി സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴിലിലും അഞ്ച് ശതമാനം സംവരണം അനുവദിക്കുകയെന്ന ആവശ്യത്തിന് ദീര്‍ഘ കാലത്തെ പഴക്കമുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി വാദ്ഗാനം ചെയ്തിരുന്നു. എന്നാല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ ഇത് മറന്ന മട്ടാണ്. ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് സമുദായം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈയിടെ ഉപതിരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്ന് സീറ്റിലും ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് കാരണം പിന്നാക്ക വിഭാഗങ്ങളോടുള്ള അവരുടെ നെറികെട്ട സമീപനമാണെന്നും ഹിമ്മത് സിംഗ് കുറ്റപ്പെടുത്തി.
ഗുജ്ജാര്‍ പ്രക്ഷോഭം ചരിത്രത്തില്‍ വിവിധ ഘട്ടങ്ങളില്‍ സംസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളെയും വന്‍ പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരുന്നു.