Connect with us

Kasargod

ബേഡകം: സി ബാലന്‍ രാജിസന്നദ്ധത അറിയിച്ചു

Published

|

Last Updated

ബേഡകം: വിഭാഗീയതയില്‍ എരിപിരി കൊള്ളുന്ന ബേഡകം സി പി എമ്മിലെ പ്രശ്‌നങ്ങള്‍ മറ്റൊരു വഴിത്തിരിവിലേക്ക്. പാര്‍ട്ടി ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍ രാജി സന്നദ്ധത അറിയിച്ചു. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനെയാണ് ബാലന്‍ ഇക്കാര്യം അറിയിച്ചത്.
ബേഡകത്തെ പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സി ബാലനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും വിമതപക്ഷത്തിന് നേതൃത്വം നല്‍കിയ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാലന്‍ മാസ്റ്ററെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റിയംഗം പി ദിവാകരനെ നെല്ലിത്താവ് ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്താനും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ എം പി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു.
സി ബാലനെതിരെയുള്ള തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നലെ വൈകിട്ട് ഏരിയാ കമ്മിറ്റിയോഗം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഏരിയാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കേണ്ടുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി ഐ ടി യു ജില്ലാ പ്രസിഡന്റുമായ കെ ബാലകൃഷ്ണന്റെ അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് യോഗം മാറ്റിവെക്കുകയായിരുന്നു. 22ന് വീണ്ടും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഇതിനിടയിലാണ് സി ബാലന്‍ രാജി സന്നദ്ധത അറിയിച്ചത്. ബാലനെ അനുകൂലിക്കുന്ന ഏരിയാ കമ്മിറ്റിയിലെ അംഗങ്ങള്‍ ബാലനെ മാറ്റുന്നതിനോട് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിന് മുമ്പ് തന്നെ സ്വയം ഒഴിവാകാനാണ് ബാലന്റെ തീരുമാനമെന്ന് രാജി സന്നദ്ധതയിലൂടെ വ്യക്തമാണ്.

---- facebook comment plugin here -----

Latest