എം ബി ബി എസ് സിലബസ് പരിഷ്‌കരിക്കുന്നു

Posted on: September 20, 2014 11:49 pm | Last updated: September 20, 2014 at 11:49 pm
SHARE

mbbsഅരീക്കോട് : ആദ്യവര്‍ഷം തന്നെ ക്ലിനിക്കല്‍ പ്രാക്ടീസിന് അവസരം നല്‍കികൊണ്ട് എം ബി ബി എസ് സിലബസ് പരിഷ്‌കരിക്കുന്നു. വിഷന്‍ 2015 എന്ന പേരില്‍ 2011 ല്‍ ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ച പരിഷ്‌കരിച്ച സിലബസില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാണ് നടപ്പിലാക്കുന്നത്. 17 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് എം ബി ബി എസ് സിലബസ് പരിഷ്‌കരണം. മെഡിക്കല്‍ കൗണ്‍സില്‍ അപ്പെക്‌സ് റെഗുലേറ്ററി ബോഡി ഓഫ് ഡോക്‌ടേഴ്‌സ് സമര്‍പ്പിച്ച ഏറ്റവും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച സിലബസ് 2015 മുതല്‍ നടപ്പിലാവും. ഒന്നാം വര്‍ഷത്തെ പഠനത്തിന്റെ ദൈര്‍ഘ്യം 12 മാസത്തില്‍ നിന്ന് വര്‍ധിപ്പിച്ച് 18 മാസമാക്കിയത് 1997 ലായിരുന്നു. പുതിയ സിലബസ് അനുസരിച്ച് ഒന്നാം വര്‍ഷം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ പ്രാക്ടീസിനുള്ള അവസരം ലഭിക്കും. രണ്ടാം വര്‍ഷത്തിന്റെ അവസാനത്തിലാണ് നിലവില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് ആരംഭിക്കുന്നത്. വികിരണ ചികിത്സാ വിജ്ഞാനം (റേഡിയോളജി) ശസത്രക്രിയ തുടങ്ങിയവയുടെ പഠനവും ഒന്നാം വര്‍ഷത്തില്‍ ഉള്‍പ്പെടുത്താനായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. എം ബി ബി എസ് പാസാകുന്ന ഏതാണ്ടെല്ലാ ഡോക്ടര്‍മാരും പ്രാക്ടീസിന് നില്‍ക്കാതെ ബിരുദാനന്തര ബിരുദത്തിനു ചേരുകയാണ് പതിവ്. എം ബി ബി എസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് പിജി എടുക്കാതെ തന്നെ പ്രാക്ടീസ് ചെയ്യാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കും വിധം പ്രായോഗിക പരിശീലനത്തിന് മുന്തിയ പരിഗണന നല്‍കിക്കൊണ്ടുള്ള പരിഷ്‌കരണങ്ങളാണ് പുതിയ സിലബസിലൂടെ എം സി ഐ നടപ്പിലാക്കുന്നത്. പുതിയ സിലബസ് നടപ്പിലാക്കുന്നതു സംബന്ധിച്ച് ഔദ്യാഗികമായ പ്രഖ്യാപനം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു.പകര്‍പ്പവകാശം നേടിയതിനു ശേഷം സിലബസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.