സ്‌കൂള്‍ കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ ടി എ ശില്‍പശാല

Posted on: September 20, 2014 7:40 pm | Last updated: September 20, 2014 at 7:40 pm
SHARE

Flashing Lights and Sign on School Busദുബൈ: സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ ടി എ ശില്‍പ്പശാല സംഘടിപ്പച്ചു. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായ സാഹചര്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കി തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ എത്രത്തോളം വിജയകരമാണെന്ന വിലയിരുത്തലും ശില്‍പ്പശാലയുടെ ഭാഗമായി ചര്‍ച്ച ചെയ്തതായി ആര്‍ ടി എ അധികൃതര്‍ വ്യക്തമാക്കി. ആര്‍ ടി എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റിന്റെ ആസ്ഥാനത്തായിരുന്നു ശില്‍പശാല.
സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് നിയമം 2008ല്‍ നടപ്പാക്കിയത് മുതല്‍ രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷയാണ് വിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് ആര്‍ ടി എ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ നിയമത്തില്‍ യാതൊരു വിധത്തിലുള്ള ഇളവും അനുവദിക്കാറില്ലെന്ന് പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഈസ അല്‍ ഹാഷിമി വ്യക്തമാക്കി.
കൂടുതല്‍ വാഹനങ്ങള്‍ സ്‌കൂള്‍ സമയത്ത് രാവിലെയും വൈകുന്നേരവും റോഡുകളില്‍ എത്താതിരിക്കാന്‍ പൊതുവാഹനം ഉപയോഗപ്പെടുത്താന്‍ രക്ഷിതാക്കളെ ബോധവത്കരിക്കുന്നുണ്ട്. ഇതു മൂലം ഭൂരിപക്ഷം ആളുകളും കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായകമാവുന്നുണ്ട്.
സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഈയിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങളെക്കുറിച്ചും ശില്‍പ ശാലയില്‍ വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു.