Connect with us

Gulf

എയര്‍ബസ് എ 380 വിമാനഭീമന്‍ ഇനി ഖത്തറിന് സ്വന്തം

Published

|

Last Updated

  • രണ്ടു നിലകളുള്ള ഭീമന്‍ വിമാനം.
  • ഖത്തര്‍ ഈയിനത്തിലെ വിമാനം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ രാജ്യം.
  • ആദ്യസര്‍വ്വീസ് ഒക്ടോബറില്‍ ദോഹയില്‍ നിന്ന് ലണ്ടനിലേക്ക്

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വ്യോമയാന മേഖലയിലെ ചരിത്രനിമിഷങ്ങളുടെ ആകാശങ്ങളിലേക്ക് കണ്ണ് തുറന്നു. ഒടുവില്‍ എയര്‍ബസ് എ 380 വിമാനഭീമന്‍ ദോഹയുടെ ആകാശ ഭൂമികളെയും അരുമയോടെ തൊട്ടു. ഉടലു കൊണ്ടും ഉള്ളു കൊണ്ടും കമനീയത നിറഞ്ഞ ആകാശവാഹനങ്ങളിലെ ആകാരവാഹിനി ഇനി ഖത്തറിനു കൂടി!.വര്‍ണ്ണങ്ങള്‍ ചാലിച്ച് പുത്തന്‍ സംവിധാനങ്ങളുടെ പറുദീസ പോലെ പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഹമദ് ഇന്റര്‍നാഷണല്‍ എയര്‍വെയ്‌സിനു മറ്റൊരു ചരിത്രയാനം കൂടി ഇനിമുതല്‍ നെഞ്ചേറ്റാനാകും.

ലോകത്തിലെ വിമാന ഭീമനായ എയര്‍ബസ് എ 380 ഇന്നലെയാണ് ഖത്തറിലെത്തിയത്. ഇതോടെ ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് വ്യോമയാന മേഖലയില്‍ നല്‍കാവുന്ന മികച്ചതും നവീനവുമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യത്തിനു സാധിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ. അക്ബര്‍ അല്‍ ബാഖിര്‍ പറഞ്ഞു.മറ്റു വിമാനങ്ങളില്‍ നിന്ന് ഭിന്നമായി ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. 90 ഇഞ്ച് നീളമുള്ള സീറ്റ് നിവര്‍ത്തി വെച്ച് ഒരു നീളന്‍ കട്ടിലായി ഉപയോഗിക്കാനാകുമെന്നതും സീറ്റിനോട് ചേര്‍ന്നുള്ള 20 ഇഞ്ച് സ്‌ക്രീനില്‍ ഇഷ്ടാനുസരണം വിനോദപരിപാടികള്‍ ആസ്വദിക്കാനുള്ള സൗകര്യമുണ്ടെന്നതും ഈ വിമാനഭീമന്റെ സവിശേഷതകളാണ്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, എക്കണോമി ക്ലാസ് സൗകര്യങ്ങള്‍ വിമാനത്തില്‍ രണ്ട് നിലകളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇത്തരം വിമാനം സ്വന്തമാക്കുന്ന ലോകത്തിലെ പതിനൊന്നാമത്തെ വിമാനക്കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക എയറോ ബ്രിഡ്ജ് അടക്കമുള്ള സൗകര്യങ്ങളോടെ എ 380 വിമാനങ്ങള്‍ക്കായി ആറു ഗേറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തില്‍ വെച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ബസ് അധികൃതരില്‍ നിന്ന് പുതിയ വിമാനം ഏറ്റുവാങ്ങിയത്.സ്വന്തമാക്കാനായി ബുക്ക് ചെയ്തിട്ടുള്ള 11 എയര്‍ബസ് വിമാനങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.ബാക്കിയുള്ളവയില്‍ നാലെണ്ണം ഈ വര്‍ഷാവസാനത്തോടെ ദോഹ യില്‍ എത്തിച്ചേരും.എയര്‍ബസിന്റെ ഏറ്റവും പുതിയ പതിപ്പായ എ 350 XWB അടുത്ത വര്‍ഷം ആദ്യപകുതിയോടെ ഖത്തര്‍ എയര്‍വേസിന് സ്വന്തമാകും.അതോടെ ഈയിനത്തില്‍ പെട്ട വിമാനം സ്വന്തമാക്കുന്ന ആദ്യകമ്പനിയാകും ഖത്തര്‍ എയര്‍വേയ്‌സെന്ന് അക്ബര്‍ അല്‍ ബാഖിര്‍ പറഞ്ഞു. എയര്‍ബസ് എ 380 ന്റെ ആദ്യസര്‍വ്വീസ് ഒക്ടോബര്‍ ദോഹയില്‍ നിന്ന് ലണ്ടനിലേക്കായിരിക്കും.

 

Latest