ഷാര്‍ജയിലെ അഴകേറും കിസ്‌വ

Posted on: September 20, 2014 8:36 am | Last updated: September 20, 2014 at 1:41 pm
SHARE

kisvaഷാര്‍ജ: ലോക മുസ്‌ലിംകളുടെ വിശുദ്ധ ഭവനമാണ് മക്കയിലെ പവിത്രമായ കഅ്ബാലയം. ഭൂമിയിലെ ആദ്യത്തെ ആരാധനാലയം. അഞ്ചു നേരത്തെ നിസ്‌കാരം കഅ്ബയിലേക്ക് തിരിഞ്ഞുകൊണ്ടാണ് മുസ്‌ലിംകള്‍ നിര്‍വഹിക്കുന്നത്. ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നായ ഹജ്ജിനും ഉംറക്കുമായി വര്‍ഷാവര്‍ഷം ജന ലക്ഷങ്ങള്‍ വിശുദ്ധ ഭവനത്തെ ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുന്നു. മുസ്‌ലിംകളുടെ മനസ്സിലെ കേന്ദ്ര സ്ഥാനത്തിരിക്കുന്നതു പോലെ ഭൂമിയുടെ കേന്ദ്ര സ്ഥാനത്തുമാണ് മക്കയിലെ ചതുരാകൃതിയിലുള്ള വിശുദ്ധ ഭവനം. ഇബ്‌റാഹീം നബി (അ)മും പുത്രന്‍ ഇസ്മാഈല്‍ നബി (അ)മുമാണ് ഈ ഭവനം പുനര്‍ നിര്‍മിച്ചതെന്ന് ചരിത്രം. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ബഖറയില്‍ ഇതിന്റെ പരാമര്‍ശവും കാണാനാവും. 

കഅ്ബയുടെ ഖില്ല
കറുത്ത വിരികൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് കഅ്ബാലയം. ഖില്ല എന്നും ഖിസ്‌വ എന്നും ഇതിനെ പറയും. വലിയ ചരിത്ര പിന്‍ബലമുണ്ട് ഖില്ലക്ക്. ഇബ്‌റാഹീം നബി (അ) തന്നെ കഅ്ബാലയം ഭാഗികമായി തുണികൊണ്ട് അലങ്കരിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്‌റ 220ല്‍ യമനീ രാജാവായ തുബഅ് അബൂ കറബ് അസ്അദ് എന്ന മഹദ് വ്യക്തിത്വമാണ് കഅ്ബക്ക് പിന്നീട് ഖില്ല അണിയിച്ചത്. അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്ന ദര്‍ശനത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇത്. ആ പാരമ്പര്യം ഇന്നും പിന്തുടര്‍ന്നു വരികയാണ്.
മുആവിയ (റ)ന്റെ കാലത്താണ് മേത്തരം പട്ടുവസ്ത്രം കൊണ്ട് കഅ്ബാലയം പുതപ്പിച്ചത്. ഈജിപ്തിലായിരുന്നു ഇവ തയാര്‍ ചെയ്തിരുന്നത്.
ഹജ്ജിനോടനുബന്ധിച്ച് അറഫാ ദിനത്തില്‍ (ദുല്‍ ഹജ്ജ് ഒമ്പത്) പുതിയ ഖിസ്‌വ അണിയിക്കപ്പെടും.
ഖിസ്‌വ നിര്‍മിക്കുന്നതിന് സഊദിയില്‍ വലിയ ഫാക്ടറി തന്നെയുണ്ട്. 1972ല്‍ ഫൈസല്‍ രാജാവാണ് കിസ്‌വ ഫാക്ടറി സ്ഥാപിച്ചത്. 670 കിലോ ഭാരം വരും ഇപ്പോള്‍ അണിയിക്കാറുള്ള കിസ്‌വക്ക്. ഖുര്‍ആനിക വചനങ്ങള്‍ മനോഹരമായി തുന്നിപ്പിടിപ്പിച്ചാണ് നിര്‍മാണം. ഇതിന്നായി 200ല്‍ പരം കരകൗശല വിദഗ്ധര്‍ സ്ഥിരമായി ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. തനി സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് ഇവ ആലേഖനം ചെയ്യുന്നത്.
വര്‍ഷാവര്‍ഷം കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കപ്പെടുമ്പോള്‍ നേരത്തെ ഉപയോഗിച്ചിരുന്നവ വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് സമ്മാനിക്കാറാണ് പതിവ്. അത്തരത്തില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ലഭിച്ച ഖിസ്‌വയുടെ വലിയൊരു ഭാഗം ഷാര്‍ജയില്‍ വളരെ പവിത്രതയോടെയും ശ്രദ്ധേയമായും സൂക്ഷിച്ചിരിക്കുകയാണ്. ഷാര്‍ജ നഗരത്തിലെ അല്‍ മുജര്‍റയിലെ ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷനിലാണ് ഈ കിസ്‌വ സൂക്ഷിച്ചിരിക്കുന്നത്.
മക്കയിലെ വിശുദ്ധ ഗേഹത്തില്‍ സന്ദര്‍ശനം നടത്തുന്ന പലര്‍ക്കും കിസ്‌വയുടെ സൗന്ദര്യം അധിക നേരം ശ്രദ്ധിക്കാന്‍ സാധിക്കാറില്ല. ജന ബാഹുല്യത്താലാണ് പലപ്പോഴും അടുത്ത് നിന്ന് സൂക്ഷ്മമായി ശ്രദ്ധിക്കാന്‍ സാധിക്കാതെ വരുന്നത്. മതാഫിലെ പ്രദക്ഷിണവും ഹജറുല്‍ അസ്‌വദിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന വിശ്വാസികളുടെ തിരക്കും ഇതിന് തടസമാവുന്നുണ്ട്. അത്തരമാളുകള്‍ക്ക് ഖിസ്‌വയുടെ അഴക് മതിയാവുവോളം നുകരാന്‍ ഈ സൂക്ഷിപ്പ് കാരണമാവുന്നു.
കിസ്‌വയുടെ ഓരോ ഭാഗത്തിനും വലിയ ചരിത്രവും പ്രാധാന്യവുമുണ്ട്. കഅ്ബയുടെ വാതിലിന് വിരിയായി തൂക്കിയിരിക്കുന്ന മുടുപടം സിതാര എന്നാണ് അറിയപ്പെടുന്നത്. മറ്റു ഭാഗങ്ങളെക്കാള്‍ മനോഹരമായും ചിത്രാങ്കിതമാക്കിയുമാണ് സിതാര. ഇതിന്റെ താഴ് ഭാഗത്ത് എവിടെ നിര്‍മിച്ചതാണെന്നും ആരാണ് സമ്മാനിച്ചതെന്നും രേഖപ്പെടുത്തുന്നു. ഷാര്‍ജ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സിതാരയില്‍ ഇങ്ങിനെ എഴുതിയത് കാണാം. ‘ഈ സിതാര മക്കയില്‍ നിര്‍മിക്കപ്പെട്ടതും തിരുഗേഹങ്ങളുടെ സേവകന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സമ്മാനിച്ചതുമാണ്. അല്ലാഹു ഇത് സ്വീകരിക്കട്ടെ’. ഹിജ്‌റ 1421 (എഡി 2000) ത്തിലെ വിരിയാണ് ഇവിടെയുള്ളത്.
ഇതോടൊപ്പം അമൂല്യമായ നിരവധി ശേഖരങ്ങളും ഷാര്‍ജ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഓരോന്നും വളരെ ആകര്‍ഷകമായ രീതിയില്‍ സ്ഫടിക കൂടുകളിലും െ്രെഫമുകളിലുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അവയുടെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന അറബി ഇംഗ്ലീഷ് ഫലകവും സ്ഥാപിച്ചാണ് ഷാര്‍ജ ഇസ്‌ലാമിക് മ്യൂസിയം മികവ് പുലര്‍ത്തുന്നത്. ഇവയില്‍ വളരെ പ്രാധാന്യമുള്ളത് കിസ്‌വയുടെ സൂക്ഷിപ്പിനത്രെ.
കിസ്‌വയുടെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പ്രത്യേക പുസ്തകവും ഷാര്‍ജ മ്യൂസിയം ഡിപാര്‍ട്‌മെന്റ് ഈയിടെ പുറത്തിറക്കിയിട്ടുണ്ട്.