Connect with us

Palakkad

ഖജനാവ് കാലിയായാലും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും: മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്: പൊതുജനങ്ങളുടെ പണം പൊതുജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാലക്കാട് മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്ത ശേഷം കോട്ടമൈതാനത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംഖജനാവിലേക്ക് വരുന്ന പണം സുതാര്യമല്ലാതെ ചിലവഴിക്കുന്നത് ശിക്ഷാര്‍ഹമാണ്. അതേസമയം ഖജനാവില്‍ ലഭിക്കുന്ന പണത്തില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളത്. അതുകൊണ്ട് ചിലപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാവും. സാമ്പത്തികപ്രശ്‌നങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ ഒരു പരാതിയുമില്ല. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് അവര്‍ക്കു വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇത് ധൂര്‍ത്താണെന്ന് പറഞ്ഞ് വിമര്‍ശിച്ചാല്‍ അത് മുഖവിലയ്‌ക്കെടുക്കില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ ഒരു പദ്ധതിയും അനുവദിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. എത്ര പ്രതിസന്ധിയുണ്ടായാലും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നാളെയും തുക ചിലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.——
സംസാരശേഷിയില്ലാത്തവര്‍ക്ക് അഞ്ചുലക്ഷം രൂപ ചിലവഴിച്ച് ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഒട്ടേറെ പേര്‍ക്ക് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്താന്‍ ഭീമമായ തുക വേണ്ടി വരും. ഇതൊരു ധൂര്‍ത്തായി കാണാന്‍ കഴിയില്ല. അവര്‍ക്കുവേണ്ടി ഇത് ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമാണ് ആരോഗ്യപ്രശ്‌നം. കേരളത്തില്‍ നല്ല ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ സാമ്പത്തിക ചിലവ് കൂടുതലായതു കൊണ്ട് എല്ലാവര്‍ക്കും ചികിത്സ ലഭ്യമാകുന്നില്ല. ഇത് പരിഹരിക്കാനാണ് 14 ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നത്.
പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെ ജനറിക് മെഡിസിന്‍ സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.——സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 2011 വരെ കേരളത്തില്‍ അഞ്ച് മെഡിക്കല്‍ കോളജ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം ഉയര്‍ന്നു.
മഞ്ചേരി, ഇടുക്കി, പാലക്കാട് ജില്ലകളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങി കഴിഞ്ഞു.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും നിര്‍മ്മാണം പുരോഗമിക്കുകയാണ്. എറണാകുളം, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. കാസര്‍കോഡ് മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടു കഴിഞ്ഞു. രണ്ടുവര്‍ഷത്തിനകം ഇതും പ്രവര്‍ത്തനം തുടങ്ങും.
വയനാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും സ്ഥലം കണ്ടെത്തിയാല്‍ ഉടനടി മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.—
ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കേരളം രാജ്യത്തിനാകെ മാതൃകയാണ്. ഇത്തരമൊരു നേട്ടത്തിന്റെ പട്ടികയിലേക്കാണ് പാലക്കാട് മെഡിക്കല്‍ കോളജ് ഉയര്‍ന്നത്. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ രാജ്യത്ത് ആദ്യമായാണ് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. ട്രഷറി പൂട്ടിയാലും ഇതുപോലുള്ള വികസന പദ്ധതികള്‍ ഉണ്ടാവണമെന്നാണ് തന്റെ ആഭിപ്രായം. കേരളത്തിന് അനുവദിച്ച ഐ ഐ ടി പാലക്കാടിന് തന്നെ ലഭ്യമാക്കുമെന്നും കോച്ച് ഫാക്ടറിക്കായി എല്ലാവിധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.——
ചടങ്ങില്‍ പട്ടികജാതി-ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. മെഡിക്കല്‍ കോളജിന്റെ നാമകരണവും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മവും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു. ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.—