Connect with us

Wayanad

ഐ ടി ഐകള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാക്കും: മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളെയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കല്‍പ്പറ്റ ഗവ. ഐ.ടി.ഐ.യില്‍ പുതുതായി നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട്, തിരുവനന്തപുരം ഐ ടി ഐകളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വെര്‍ച്ച്വല്‍ ക്ലാസ്സ് റൂം, ത്രീഡി സങ്കേതികവിദ്യ എന്നിവ ക്ലാസ്സുകളില്‍ ഏര്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കും.
എല്ലാ സ്ഥാപനങ്ങള്‍ക്കും ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഐ ടി ഐ വിദ്യാര്‍ഥികള്‍ക്ക് ആഗോളതലത്തില്‍ വന്‍ തൊഴില്‍ സാധ്യതകളാണുള്ളത്. അന്താരാഷ്ട്ര, അഭ്യന്തര കമ്പനികളില്‍ സോഫ്റ്റ്‌സ്‌കില്‍, സെമി സോഫ്റ്റ്‌സ്‌കില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് ഏറെ സാധ്യതകളുണ്ട്. ഈ മേഖലയില്‍ ഉന്നത ജോലികള്‍ നേടുന്നതിന് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുതകുന്ന വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും കൃത്യനിഷ്ഠയും വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ബയോമെട്രിക് ഹാജര്‍ പോലുള്ളവ ഐ.ടി.ഐ.കളില്‍ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്‌സി. എഞ്ചിനീയര്‍ സാബു കെ ഫിലിപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, മിനറല്‍ ആന്റ് മെറ്റല്‍സ് ബോര്‍ഡ് ചെയര്‍മാന്‍ പി പി എ കരീം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ കെ വത്സല, ടി ജെ ഐസക്, കെ ബി വസന്ത, കെ പ്രകാശന്‍, ധര്‍മ്മരാജന്‍, ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ പി വാസുദേവന്‍ സംബന്ധിച്ചു.

Latest