മുളക്കൃഷിയില്‍ വിജയ പ്രതീക്ഷയുമായി ഹുസൈന്‍

Posted on: September 20, 2014 10:06 am | Last updated: September 20, 2014 at 10:06 am
SHARE

imagesകല്‍പ്പറ്റ: ഉപജീവനം മുന്നില്‍ക്കണ്ട് മുള കൃഷിയില്‍ വിജയം പ്രതീക്ഷയുമായി ഹുസൈന്‍ ശ്രദ്ധേയനാ വുന്നു. ജില്ലയില്‍ തനിവിളയായി മുള കൃഷിചെയ്യുന്ന കര്‍ഷകരിലൊരാളാണ് പടിഞ്ഞാറത്തറെ പഞ്ചായത്ത് ഭരണസമിതിയംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഉള്ളിയപ്പന്‍ചാലില്‍ ഹുസൈന്‍. പത്തര ഏക്കര്‍ സ്ഥലമാണ് ഇദ്ദേഹത്തിന്. ഇതില്‍ അഞ്ചര ഏക്കര്‍ പടിഞ്ഞാറത്തറയിലാണ്. നട്ട് പരിപാലിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ മുതല്‍ കുറഞ്ഞത് നാല് പതിറ്റാണ്ട് മുള കൃഷി ഭേദപ്പെട്ട വരുമാനമാര്‍ഗമാകുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. കൈവശഭൂമിയില്‍ തരിശുകിടക്കുന്ന ഭാഗങ്ങളാണ് കര്‍ഷകര്‍ മുള കൃഷിക്ക് തെരഞ്ഞെടുക്കുന്നത്. 10 സെന്റ് മുതല്‍ 10 ഏക്കര്‍ വരെ സ്ഥലം മുള കൃഷിക്ക് നീക്കിവെച്ചവര്‍ ജില്ലയിലുണ്ട് . ചിലര്‍ ഇടവിളയായും മറ്റുചിലര്‍ തനിവിളയായുമാണ് മുള കൃഷി ചെയ്യുന്നത്.
അഞ്ച് ഏക്കര്‍ മാനന്തവാടിക്കടുത്ത് ജസിയിലും. കൈവശമുള്ളതില്‍ വീടിനോടു ചേര്‍ന്നുള്ള അര എക്കര്‍ ഒഴികെ മുഴുവന്‍ സ്ഥലത്തും ഹൂസൈന്‍ കഴിഞ്ഞവര്‍ഷം മുള കൃഷി തുടങ്ങി. പ്രായംചെന്ന റബ്ബര്‍മരങ്ങള്‍ വെട്ടിമാറ്റിയതോടെ തരിശായി മാറിയ ഭൂമിയിലാണ് 20 അടി അകലത്തില്‍ ഏക്കറില്‍ 100 വീതം മുളയുടെ 1000 തൈകള്‍ നട്ടത്. ഒരു വര്‍ഷം ശ്രദ്ധയോടെ പരിപാലിച്ച തൈകള്‍ തഴച്ചുവളരുകയാണ്. തൈകള്‍ ബാലാരിഷ്ടതകള്‍ പിന്നിട്ട സാഹചര്യത്തില്‍ ഇനി വിളവെടുപ്പിന് കൃഷിയിടത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ മതിയെന്ന് ഹൂസൈന്‍ പറയുന്നു.
ആനമുള, തോട്ടിമുള, കല്ലന്‍മുള കെട്ടിടനിര്‍മാണത്തിനും മറ്റും ഉപയോഗിക്കാവുന്ന ഗ്വാഡ ബാംബു എന്നീ ഇനങ്ങളോടാണ് കൃഷിക്കാര്‍ക്ക് പ്രിയം. തൃക്കൈപ്പറ്റയിലെ ഉറവ് നാടന്‍ ശാസ്ത്ര-സാങ്കേതിക ഗവേഷണ കേന്ദ്രത്തില്‍ ഈയിനം തൈകളുടെ നഴ്‌സറികളുമുണ്ട്. 34 ഇനം മുളകള്‍ ഉറവില്‍ നട്ടുപരിപാലിക്കുന്നുണ്ട്. അലങ്കാര ഇനങ്ങളില്‍പ്പെട്ടതാണ് ഇതില്‍ കുറെ. 76 ഇനം മുളകളാണ് ഇന്ത്യയിലാകെ.
ഏറ്റവും ചെലവ് കുറഞ്ഞും ലാഭകരവുമായി ചെയ്യാവുന്ന ഒന്നാണ് മുള കൃഷിയെന്ന് ഉറവ് പ്രസിഡന്റ് എം.ബാബുരാജ് പറഞ്ഞു. മൂപ്പെത്തിയ മുളയുടെ 10 അടി നീളമുള്ള കഷണത്തിനു 100 രൂപയാണ് ഇപ്പോള്‍ വില. മുളയ്ക്ക് ആവശ്യക്കാരും ഏറെയാണ്. മുളയുടെ നീളമുള്ള കഷണങ്ങളാണ് കൃഷിക്കാര്‍ വാഴക്കുത്തായി ഉപോയോഗിക്കുന്നത്. ടണ്ണിനു 3000 രൂപ നിരക്കില്‍ കടലാസ് ഉല്‍പാദന മേഖലയിലേതടക്കം കമ്പനികളും മുള വാങ്ങുന്നുണ്ട്.
ഒരു ഏക്കര്‍ സ്ഥലത്ത് മുള കൃഷി നടത്തിയാല്‍ നിലവിലെ നിരക്കനുസരിച്ച് അഞ്ചാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്ന് ബാബുരാജ് പറഞ്ഞു. ഏത് കാലാവസ്ഥയിലും വളരുന്നതാണ് മുള. വളപ്രയോഗമോ ജലസേചനമോ ആവശ്യമില്ല. നടുന്ന തൈകള്‍ ആദ്യത്തെ ഒരു വര്‍ഷം മാനുകളടക്കം മൃഗങ്ങള്‍ തിന്നും ചവിട്ടിയും നശിപ്പിക്കാതെ ശ്രദ്ധിച്ചാല്‍ മതിയാകും. പരിസ്ഥിതി സംരക്ഷണത്തിനും ഉതകുന്നതാണ് മുള കൃഷി. മണ്ണൊലിപ്പ് തടയാനുള്ള മുളങ്കൂട്ടങ്ങളുടെ ശേഷി അപാരമാണ്.
മണ്ണിന്റെ ജലാഗികരണശേഷി വര്‍ധിപ്പിക്കുന്ന മുളങ്കട്ടങ്ങള്‍ക്ക് കാര്‍ബണ്‍ റേറ്റിംഗ് കുറയ്ക്കാനും കഴിവുണ്ട്. വളര്‍ച്ചയെത്തിയ ഒരു കൂട്ടത്തില്‍ പുറമേയുള്ളത് ‘റ’ ആകൃതിയില്‍ നിലനിര്‍ത്തി തെരഞ്ഞുവെട്ട് നടത്തിയാണ് മുള വിളവെടുപ്പ്. 50 വര്‍ഷം വരെയാണ് മുളങ്കൂട്ടത്തിന്റെ ആയുസ്. പൂവിടുന്നതിനു പിന്നാലെ മുളങ്കൂട്ടങ്ങള്‍ ഉണങ്ങിനശിക്കും. പരോക്ഷമായി നടത്തുന്ന പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്ത് മുള കൃഷിയില്‍ തത്പരരായ കര്‍ഷകര്‍ക്ക് തൈകള്‍ സൗജ്യമായി ലഭ്യമാക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറിതോമസ് അമ്പലവയല്‍ ആവശ്യപ്പെട്ടു. മുള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു കൃഷിവകുപ്പ് പദ്ധതി പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.