ക്വാറി മേഖല നിലനില്‍ക്കാന്‍ സര്‍ക്കാര്‍ പ്രായോഗിക സമീപനം സ്വീകരിക്കണം: ഇ ടി മുഹമ്മദ് ബശീര്‍ എം പി

Posted on: September 20, 2014 9:58 am | Last updated: September 20, 2014 at 9:58 am
SHARE

et mohammed basheerമലപ്പുറം: സംസ്ഥാനത്ത് ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതും വികസന പ്രവര്‍ത്തനങ്ങളുടെ മര്‍മ്മ പ്രധാനവുമായ ക്വാറി മേഖല നിലനില്‍ക്കാന്‍ സര്‍ക്കാര്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന് ഇ ടി മുഹമ്മദ് ബശീര്‍ എം പി.
ക്വാറി-ക്രഷര്‍ മേഖല നിലനില്‍ക്കേണ്ട അനിവാര്യതയും പ്രകൃതി സംരക്ഷണ വാദവും എന്ന വിഷയത്തില്‍ ക്വാറി-ക്രഷര്‍ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറി മേഖലയുമായി ബന്ധപ്പെട്ടവര്‍ മാഫിയകളാണെന്ന പൊതുവെയുള്ള ധാരണ തെറ്റാണ്.
ഈ മേഖല നിശ്ചലമായാല്‍ കേരളത്തെ ഒട്ടുമിക്ക കുടുംബങ്ങളും പട്ടിണിയിലാകും. പരിസ്ഥിതിക്ക് വേണ്ടി എല്ലാവരും വാശിപിടിക്കുന്നത് ശരിയല്ല. എന്നാല്‍ മലകളും കുന്നുകളും പുഴകളും നമുക്ക് വേണം. ആയതിനാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാത്ത ചെറുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ എം എല്‍ എ എ എം യൂസുഫ് അധ്യക്ഷത വഹിച്ചു. ഇ കെ ആലിമൊയ്തീന്‍ഹാജി വിഷയമവതരിപ്പിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ എം പി സി ഹരിദാസ്, വെള്ളിലഴകം പ്രസാദ്, അഡ്വ. ശ്രീപ്രകാശ്, ഡോ. സോമന്‍, സി ജി ഉണ്ണി, മുനീബ് കാരക്കുന്ന്, അഡ്വ. ഫസലുല്‍ ഹഖ്, യു എ ശബീര്‍, മുഹമ്മദ് ബാപ്പു, അബ്ദുല്‍ ലത്തീഫ്, കെ എം കോയാമു, എ ബീരാന്‍കുട്ടി, നീലകണ്ഠന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.