നിയമം കര്‍ശനമല്ല പാന്‍മസാല കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ ‘പുല്ലുപോലെ’ രക്ഷപ്പെടുന്നു

Posted on: September 20, 2014 9:57 am | Last updated: September 20, 2014 at 9:57 am
SHARE

pan productsചങ്ങരംകുളം: പാന്‍ മസാലകളെ നിയമംമൂലം നിരോധിച്ചെങ്കിലും കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വേണ്ടവിധം ശിക്ഷ ലഭിക്കാത്തത് വിതരണക്കാര്‍ക്കും വില്‍പനക്കാര്‍ക്കും ഗുണകരമാകുന്നു.
പാന്‍മസാല ഉത്പന്നങ്ങള്‍ ഒരു പാക്കറ്റ് വില്‍പന നടത്തുന്നവരെ പിടികൂടിയാലും ലക്ഷക്കണക്കിന് രൂപയുടെ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടിയാലും ഏഴായിരം രൂപയിലൊതുങ്ങുന്ന പിഴയും പോലീസ് സ്റ്റേഷനില്‍നിന്നും ലഭിക്കുന്ന ആള്‍ജാമ്യവുമാണ് ഇവര്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ. 118 ഐ സെക്ഷന്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത്. ദുര്‍ബലമായ വകുപ്പായതിനെ തുടര്‍ന്ന് ഇത്തരം കേസില്‍ പിടിക്കപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുകയും വീണ്ടും ഇത്തരം ഉത്പന്നങ്ങളുടെ വില്‍പന തുടരുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞദിവസം വളയംകുളത്ത്‌നിന്നും അഞ്ച് ലക്ഷംരൂപയോളം വിലവരുന്ന ഹാന്‍സ,് പാന്‍പരാഗ് ഉത്പന്നങ്ങളുമായി നാലുപേരെ ചങ്ങരംകുളം പോലീസ് പിടികൂടുകയും പിടിയിലായവര്‍ ഇത്തരത്തില്‍ പോലീസ് സ്റ്റേഷനില്‍ പിഴയടച്ച് ജാമ്യംനേടുകയും ചെയ്തിരുന്നു. പാന്‍മസാല കേസുകളില്‍ പിടിയിലാവുന്നവര്‍ ഇത്തരത്തില്‍ രക്ഷപ്പെടുന്നതില്‍ പോലീസിനും ശക്തമായ അമര്‍ഷമുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലും പോലീസ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തിലും പാന്‍മസാലക്കെതിരെ റെയ്ഡുകള്‍ നടത്തി പിടികൂടാറുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നും ട്രെയിനുകളിലും ബസുകളിലും പ്രൈവറ്റ് വാഹനങ്ങളിലുമായി നിരോധിത പാന്‍ ഉത്പന്നങ്ങള്‍ വന്‍തോതിലാണ് സംസ്ഥാനത്ത് എത്തുന്നത്. ഇത് വിപണിവിലയോക്കാള്‍ അഞ്ചിരട്ടിമുതല്‍ പത്തിരട്ടി വരെ വില ഈടാക്കിയാണ് ചെറുകിട കച്ചവടക്കാര്‍ വില്‍പന നടത്തുന്നത്.
പ്രാദേശിക കച്ചവട സ്ഥാപനങ്ങളിലും മൊത്തവിതരണ വിപണികളിലും പാന്‍മസാല ഉത്പന്നങ്ങള്‍ സുലഭമായി ലഭിക്കുന്നുണ്ട്. സ്‌കൂളുകള്‍ക്ക് സമീപത്തുള്ള കടകളില്‍ വരെ പാന്‍ ഉത്പന്നങ്ങള്‍ വ്യാപകമായി ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് പാന്‍മസാല ഉത്പന്നങ്ങള്‍ നിയമം മൂലം നിരോധിച്ചെങ്കിലും പാന്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിലും വില്‍പനയിലും ലഭ്യതയിലും യാതൊരു കുറവുണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ പാന്‍ ഉത്പന്നങ്ങളുടെ വന്‍തോതിലുള്ള ഉപഭോക്താക്കളാണ്.
നിരോധനത്തെ തുടര്‍ന്ന് പാന്‍ ഉത്പന്നങ്ങളുടെ വില ഗണ്യമായി വര്‍ധിച്ചതല്ലാതെ ലഭ്യതക്ക് യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് പാന്‍ ഉത്പന്നങ്ങളുടെ ഉപഭോക്താക്കള്‍ പറയുന്നു. നിയമംഭേദഗതി ചെയ്യുകയോ പുതിയ നിയമം കൊണ്ടുവരികയോ ചെയ്താല്‍ മാത്രമേ നിരോധനം ഫലപ്രദമായി നടപ്പിലാകുകയുള്ളൂ.