Connect with us

Malappuram

ഇ-ജില്ല: സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ജില്ല മുന്നില്‍

Published

|

Last Updated

മലപ്പുറം: ഇ-ജില്ലാ പദ്ധതി മുഖേനെയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ 90,082 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജില്ല ഒന്നാം സ്ഥാനത്തെത്തി.
ജൂലൈ മാസത്തേക്കാള്‍ 42 ശതമാനം സര്‍ട്ടിഫിക്കറ്റുകള്‍ അധികം നല്‍കിയാണ് ജില്ല ഒന്നാമതെത്തിയത്.
പദ്ധതി നടത്തിപ്പ് ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ നിര്‍ദേശ പ്രകാരം താലൂക്ക്-റവന്യൂ ഡിവിഷനുകളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് ഐ ടി സെല്ലുകള്‍ രൂപവത്കരിക്കുകയും പദ്ധതിയുടെ നടത്തിപ്പ് കൃത്യമായി വിലയിരുത്തുകയും ചെയ്തതിന്റെ ഫലമായാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ജില്ല ഐ ടി സെല്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, അക്ഷയ പ്രൊജക്റ്റ് ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതും താലൂക്ക് – റവന്യൂ ഡിവിഷനുകളില്‍ മോണിറ്ററിംഗ് ഏര്‍പ്പെടുത്തിയതും പദ്ധതി ഫലപ്രദമാക്കി. ജില്ലയ്ക്ക് ലഭിച്ച നേട്ടം നിലനിര്‍ത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവും വിപുലമായ പരിശീലനവും ജില്ല ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്.
നേട്ടം കൈവരിക്കുന്നതില്‍ പങ്ക് വഹിച്ച വില്ലേജ് ഓഫീസര്‍മാരെയും തഹസില്‍ദാര്‍മാരെയും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി പ്രതീഷ്, അക്ഷയ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ബശീര്‍, ജില്ലാ ഐ ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എ ഇ ചന്ദ്രന്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ പി കെ സുരേഷ് എന്നിവരെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.

Latest