മുഖ്യമന്ത്രി യുവജനങ്ങളെ വിഡ്ഢികളാക്കുന്നു; എം സ്വരാജ്

Posted on: September 20, 2014 9:49 am | Last updated: September 20, 2014 at 9:49 am
SHARE

swarajകോഴിക്കോട്: സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്നും യുവജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. യുഡി എഫ് അധികാരത്തില്‍ വന്നതു മുതല്‍ യുവജനങ്ങളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഉദ്യോഗസ്ഥരോട് ചട്ടംകെട്ടിയ ശേഷം നിയമനനിരോധനം ഇല്ലെന്നു പറയുന്നത് വഞ്ചനാപരമാണ്. നിയമന നിരോധനം ഉള്ളതുകൊണ്ടാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത്. റാങ്ക് ലിസ്റ്റുകള്‍ നിയമനം നടക്കാതെ കാലഹരണപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്തുകൊണ്ടാണ് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കുപോലും നിയമന ഉത്തരവ് ലഭിക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കെ എസ് ആര്‍ ടി സിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച അറുനൂറോളം ആളുകളുണ്ട്. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ നിയമനം നടത്തേണ്ടിടത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് നിയമനം ലഭിച്ചിട്ടില്ല. പട്ടികജാതി വകുപ്പിലും, എല്‍ പി സ്‌കൂള്‍ അധ്യാപക തസ്തികകളിലും നിയമനം നടന്നിട്ടില്ല. ഒട്ടുമിക്ക സ്‌കൂളുകളും കോളജുകളും ഗസ്റ്റ് അധ്യാപകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പി—എസ് സി നിയമനം നടക്കുന്നുണ്ടെങ്കില്‍ എന്തിനാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി പറയണം. നിലവിലുള്ള തസ്തികകള്‍ വരെ സര്‍ക്കാര്‍ വെട്ടിക്കുറക്കുകയാണ്. പിന്‍വാതില്‍ നിയമനവും വ്യാപകമായി നടക്കുന്നുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അയ്യായിരത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതായും സ്വരാജ് ആരോപിച്ചു.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനും ശക്തമായ നീക്കം നടക്കുന്നുണ്ട്. പി എസ് സി നിയമനത്തിനായി മൂവായിരത്തോളം ഡോക്ടര്‍മാര്‍ കാത്തിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭൂനികുതിയും, വെള്ളക്കരവും വര്‍ധിപ്പിച്ചത് പിന്‍വലിക്കണം. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഡി വൈ എഫ് ഐ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്. ആദ്യപടിയായി 26 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. അന്ന് ഡി വൈ എഫ് ഐയുടെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുവജന സംഘടനകളുടെ കൂട്ടായ സമര മുന്നണി രൂപീകരിക്കും. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകളെ സമരമുന്നണിയില്‍ പങ്കാളികളാക്കുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.