ഏഷ്യന്‍ ഗെയിംസ്: ജിതുവിന് സ്വര്‍ണം; ശ്വേതക്ക് വെങ്കലം

Posted on: September 20, 2014 11:34 pm | Last updated: September 21, 2014 at 11:57 am
SHARE

jithu

ഇഞ്ചോണ്‍: എയര്‍ പിസ്റ്റളില്‍ ജിതു റായിയുടെ സ്വര്‍ണത്തോടെ ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ കുതിപ്പ് തുടങ്ങി. അമ്പത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലാണ് ഓഗ്‌നിയാണ്‍ ഷൂട്ടിംഗ് റേഞ്ചില്‍ ജിതു സ്വര്‍ണം എയ്തിട്ടത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശ്വേതാ ചൗധരി വെങ്കലം നേടി.
ഒളിമ്പിക് ചാമ്പ്യന്‍ ജിന്‍ ജാംഗോ (ദക്ഷിണ കൊറിയ), കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ വിയറ്റ്‌നാമിന്റെ ഗുയേന്‍ ഹാവോംഗ് ഫുവോംഗ് എന്നിവരടക്കമുള്ള ശക്തരായ എതിരാളികളോട് മത്സരിച്ചാണ് ജിതു സ്വര്‍ണം നേടിയത്. മൊത്തം 186.2 പോയിന്റ് നേടി ജിതു സ്വര്‍ണം ഉറപ്പിച്ചപ്പോള്‍ ഗുയേന്‍ 183.4 പോയിന്റുമായി രണ്ടാമതെത്തി. ഈയിനത്തില്‍ ചൈനയുടെ വാംഗ് ഴിവിക്കാണ് വെങ്കലം. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് മെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് ജിതു. നേരത്തേ ജസ്പാല്‍ റാണയാണ് ഈ നേട്ടം കൈവരിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈ ആര്‍മി താരം വെള്ളി നേടിയിരുന്നു. മത്സരം കടുത്തതായിരുന്നുവെന്നും മെഡല്‍ അനിവാര്യമായതിനാല്‍ വലിയ സമ്മര്‍ദം അനുഭവിച്ചുവെന്നും ജിതു പറഞ്ഞു.
176.4 പോയിന്റോടെയാണ് വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ശ്വേത വെങ്കലം നേടിയത്. 202.2 പോയിന്റുമായി ചൈനയുടെ ഴാംഗ് മെന്‍ഗ്യുയാനാണ് ഈയിനത്തില്‍ സ്വര്‍ണം. ദക്ഷിണ കൊറിയയുടെ ജുംഗ് ജീഹായി (201.3) വെള്ളി നേടി.
മെഡല്‍ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ആതിഥേരായ കൊറിയ പതിമൂന്ന് മെഡലുകളോടെ ഒന്നാം സ്ഥാനത്തും പതിനൊന്ന് മെഡലുകളോടെ ചൈന രണ്ടാമതുമാണ്.