Connect with us

Kozhikode

സുരേന്ദ്രന്റെ കരള്‍ ഇനിയും തുടിക്കും; കണ്ണുകള്‍ കാണും

Published

|

Last Updated

കോഴിക്കോട്: വാഹനാപകടത്തിലൂടെ സുരേന്ദ്രന്‍ മരണത്തിന് കീഴടങ്ങിയെങ്കിലും കണ്ണുകള്‍ ഇനിയും കാണും, കരള്‍ തുടിക്കും. വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച ചേവായൂര്‍ വലിയപറമ്പില്‍ വി പി സുരേന്ദ്രനാ (59)ണ് അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നത് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിച്ചതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്. 

ഇക്കഴിഞ്ഞ 17 നാണ് സുരേന്ദ്രന്റെ ജീവഹാനിക്കിടയാക്കിയ അപകടം നടന്നത്. ചേവായൂരില്‍ ഒരു റസ്റ്റോറന്റ് നടത്തിവരികയായിരുന്ന സുരേന്ദ്രന്‍ നാട്ടില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുരേന്ദ്രനെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ സുരേന്ദ്രനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. 18 ന് മസ്തിഷ്‌കമരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. പിന്നീട് സുരേന്ദ്രന്റെ കരളും രണ്ട് കണ്ണുകളും ഭാര്യ ഇന്ദിരയും മകന്‍ മനോജും ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ അനുമതിയോടെ ദാനം ചെയ്യുകയായിരുന്നു.
കരള്‍മാറ്റിവെക്കല്‍ സര്‍ജന്‍മാരായ ഡോ സജീഷ് സഹദേവന്‍, ഡോ രാജേഷ് നമ്പ്യാര്‍, ഡോ രോഹിത് രവീന്ദ്രന്‍, അസിസ്റ്റന്റ് സര്‍ജ്ജന്‍മാരായ ഡോ സീതാലക്ഷ്മി, ഡോ ഗോകുല്‍, അനസ്‌തേഷ്യസ്റ്റ് ഡോ കെ കിഷോര്‍, ഡോ എസ് രേഖ, ഡോ പ്രീത ചന്ദ്രന്‍ എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.
തലശ്ശേരി സ്വദേശിയായ അറുപതുകാരനില്‍ ഇനി സുരേന്ദ്രന്റെ കരള്‍ തുടിക്കും. കോംട്രസ്റ്റ് ഹോസ്പിറ്റലിലെ രണ്ട് നേത്രരോഗികള്‍ക്കാണ് അദ്ദേഹത്തിന്റെ നേത്രങ്ങള്‍ ദാനം ചെയ്തത്.