Connect with us

Kerala

സ്ത്രീ പഠന കേന്ദ്രത്തിന് 86 ലക്ഷം അനുവദിച്ചത് വിവാദമാകുന്നു

Published

|

Last Updated

curreptionതിരുവനന്തപുരം: സി പി എം നേതൃത്വത്തിലുള്ള സംഘടനക്ക് കൗമാരക്കാരികളെ കുറിച്ച് പഠനം നടത്താന്‍ സാമൂഹിക നീതി വകുപ്പ് 86 ലക്ഷം രൂപ അനുവദിച്ചത് വിവാദമാകുന്നു. ഇതുസംബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ മന്ത്രി എം കെ മുനീറിന് രേഖാമൂലം പരാതി നല്‍കി. എം കെ മുനീര്‍ ഭരിക്കുന്ന വകുപ്പില്‍ നിന്ന് ഇത്രയും ഭീമമായ തുക വിട്ടുകൊടുത്തതിനെതിരെ മുസ്‌ലിം ലീഗ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സി പി എം സംഘടനക്ക് പണം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സാമൂഹിക നീതി വകുപ്പ് അഡീഷനല്‍ ചീഫ്‌സെക്രട്ടറി അറിയിച്ചു.

അമ്പതിനായിരം കൗമാരക്കാരികളില്‍ സര്‍വെ നടത്താനെന്ന പേരിലാണ് 86 ലക്ഷം രൂപ സ്ത്രീപഠന കേന്ദ്രത്തിന് അനുവദിച്ചിരിക്കുന്നത്. ആദ്യ ഗഡുവായി 43 ലക്ഷം രൂപ നല്‍കി കഴിഞ്ഞു. ഇതിനു പുറമെ, മദ്യം കുടുംബങ്ങളില്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് പഠനം നടത്താന്‍ ഇതേ സംഘടനക്ക് 3.35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി. കടലാസു സംഘടനക്ക് ഇത്രയും തുക വിട്ടു കൊടുത്തത് ദുരൂഹമാണെന്ന് വ്യക്തമാക്കുന്ന പരാതി ബിന്ദുകൃഷ്ണ മന്ത്രിക്ക് നല്‍കി. വിശ്വസനീയമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സംഘടനകള്‍ കേരളത്തിലുണ്ടെന്നും അവയെ ഒന്നും പരിഗണിക്കാതെ ഈ സംഘടനക്ക് പണം കൊടുത്തത് പ്രതിഷേധാര്‍ഹമാണെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
രാജ്യസഭാ എം പി. ടി എന്‍ സീമയുടെ നേതൃത്വത്തിലാണ് സ്ത്രീപഠന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയും കേരള സര്‍വകലാശാലയിലെ ഇടതു സിന്‍ഡിക്കേറ്റ് അംഗം കൂടിയായ പി എസ് ശ്രീകല, സുനില്‍ സി കുര്യന്റെ ഭാര്യയും നര്‍ത്തകിയുമായ നീന പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് സ്ത്രീ പഠന കേന്ദ്രത്തിന്റെ പഠനം നടത്തുന്നത്. 19 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന ശാരീരിക, സാമൂഹിക വെല്ലുവിളികളെ കുറിച്ചും ആരോഗ്യപോഷകാഹാര നിലവാരത്തെ കുറിച്ചും രണ്ട് വര്‍ഷം നീളുന്നതാണ് പഠനം. ഇതിനായി വഞ്ചിയൂരില്‍ ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളെ പങ്കാളികളാക്കുന്നതിനെ കുറിച്ചും വിലയിരുത്തുന്നുണ്ട്.
അമ്പതിനായിരം പെണ്‍കുട്ടികളെ പഠന സംഘം നേരിട്ടു കണ്ട് വിവരങ്ങള്‍ ശേഖരിക്കും. ഒരു കുട്ടിയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ചെലവഴിക്കുന്നത് 172 രൂപയാണ്. പഠനത്തിന്റെ ഓരോ ഘട്ടത്തിലും റിസര്‍ച്ച് മോണിറ്ററിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് വിലയിരുത്തും. തുക ചെലവഴിക്കുന്നതിനു മുമ്പ് ഓരോ നടപടികളും കമ്മിറ്റി വിലയിരുത്തുമെന്ന നിബന്ധനയും വെച്ചിട്ടുണ്ട്. കടുത്ത സി പി എം അനുഭാവികള്‍ ഉള്‍പ്പെട്ട സാമൂഹിക നീതി വകുപ്പിന്റെ ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശകള്‍ അനുസരിച്ചാണ് ആദ്യ ഗഡുവായി 43 ലക്ഷം രൂപ വിട്ടുകൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലും ഇത്രയും ഭീമമായ തുക പഠനത്തിനു വേണ്ടി ചെലവഴിക്കുന്നതില്‍ മുസ്‌ലിം ലീഗില്‍ നിന്നു തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
നടപടിയിലുള്ള പ്രതിഷേധം ലീഗ് നേതൃത്വം തന്നെ മന്ത്രി എം കെ മുനീറിനെ നേരിട്ടു ധരിപ്പിച്ചതായാണ് വിവരം. ഇതിനിടയില്‍ ഇതേ സംഘടനക്ക് മദ്യം കുടുംബങ്ങളിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് പഠനം നടത്താന്‍ കഴിഞ്ഞ ദിവസം 3.35 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് സി പി എം നേതൃത്വത്തിന് വിവിധ കുടുംബങ്ങളിലേക്ക് ഇറങ്ങിചെല്ലാനുള്ള വഴിയാണ് സാമൂഹിക നീതി വകുപ്പ് ഒരുക്കിക്കൊടുത്തിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
അതേസമയം, സംസ്ഥാനത്തെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ മേഖലയില്‍ ആവശ്യമായ പദ്ധതികള്‍ രൂപവത്കരിക്കാനായി ഈ വിഭാഗത്തിന്റെ പദവി പഠനം (സ്റ്റാറ്റസ് സ്റ്റഡി) നടത്തേണ്ടതുണ്ടെന്ന് അഡീഷനല്‍ ചീഫ്‌സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ തന്നെ പട്ടിക വര്‍ഗം, പട്ടിക ജാതി, മത്സ്യത്തൊഴിലാളികള്‍ എന്നീ മേഖലയിലുള്ളവര്‍ നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങളും ശാസ്ത്രീയമായി പഠിക്കേണ്ടതായിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടുകൂടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു എന്‍ ജി ഒ പോളിസിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രണ്ട് വര്‍ഷം നീണ്ടു നില്‍കുന്ന വിശദമായ ഒരു പഠനം കേരള സ്ത്രീ പഠനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടു കൂടി നടത്താന്‍ തീരുമാനിച്ചത്.

Latest