ആര്‍ സി സി ഇനി മുതല്‍ സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്

Posted on: September 20, 2014 12:09 am | Last updated: September 20, 2014 at 12:10 am
SHARE

RCCതിരുവനന്തപുരം: തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന് ഇനി മുതല്‍ സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പദവി . ആര്‍ സി സിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പദവി പ്രഖ്യാപനം നടത്തി. രാജ്യത്തെ ക്യാന്‍സര്‍ സെന്ററുകളില്‍ നിന്ന് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്താണ് ആര്‍ സി സിയെ സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തിയത്. സംസ്ഥാന ഇന്‍സ്റ്റിറ്റിയൂട്ടായി പ്രഖ്യാപിച്ച ആര്‍ സി സിയെ ഭാവിയില്‍ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് എല്ലാവിധ ശ്രമങ്ങളുമുണ്ടാകും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പദവി ലഭ്യമായതോടെ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ 120 കോടി രൂപയുടെ വികസനം സാധ്യമാകും.
മാതൃ-ശിശു മരണ നിരക്കുകളുടെ കാര്യത്തില്‍ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ ക്യാന്‍സര്‍ നിരക്ക് വര്‍ധിച്ചു വരികയാണ്. സാക്ഷരതയില്‍ മുന്‍പന്തിയിലായ കേരളം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ക്യാന്‍സറിനെതിരെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും ആരോഗ്യ വിഭ്യാഭ്യാസം നല്‍കണം. ആരോഗ്യകരമായ ജീവിതം നയിക്കുന്നതു വഴി ഒരു പരിധിവരെ രോഗങ്ങള്‍ വരുന്നത് തടയാനാകും.
ഇതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. നേരത്തേയുള്ള രോഗനിര്‍ണയത്തിലൂടെ ക്യാന്‍സര്‍ ഉള്‍പ്പടെ 80 ശതമാനം അസുഖങ്ങളും ചികിത്സിച്ച് ഭേദമാക്കാം. വിവിധ രോഗങ്ങളുടെ നിര്‍ണയത്തിനും ബോധവത്കരണത്തിനുമായി 365 ദിവസവും നീണ്ടു നില്‍ക്കുന്ന ബൃഹത് പദ്ധതി രാജ്യത്ത് നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും പ്രത്യേക ദിവസം ക്യാന്‍സറിനായി മാറ്റി വച്ച് രാജ്യമൊട്ടാകെ ഒരു ദിവസം ക്യാന്‍സര്‍ രോഗനിര്‍ണയം സാധ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച് സെക്രട്ടറി/ മന്ത്രി തല യോഗം വിളിച്ചു ചേര്‍ക്കും . ഇതു കൂടാതെ സംസ്ഥാനത്തെ തനതു ചികിത്സാ പദ്ധതിയായ ആയുര്‍വേദത്തിന്റെ വ്യാപനത്തിനായി നടപടിയെടുക്കുമെന്നും നവംബറില്‍ ലോക ആയുര്‍വേദ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. ആര്‍ സി സിയെ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തുന്നതിന് തടസമായിനില്‍ക്കുന്നത് ഭൂമിയുടെ കാര്യമാണ്. അതിന് പുലയനാര്‍കോട്ടയില്‍ 15 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്ഥലം എം എല്‍ എ എം എ വാഹിദിന്റെ സഹകരണത്തോടെ ആര്‍ സി സിയില്‍ നിന്ന് പുലയനാര്‍കോട്ടയിലേക്ക് പോകുന്ന ഇപ്പോഴുള്ള റോഡ് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ഇന്ന് ആരംഭിക്കുന്ന പട്ടിക ജാതിക്കാര്‍ക്ക് മാത്രമായുള്ള മെഡിക്കല്‍ കോളജ് രാജ്യത്തെ ആദ്യ സംരംഭമാണെന്നും ഈ വര്‍ഷം തന്നെ 100 സീറ്റുകളിലേക്ക് അവിടെ പ്രവേശം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആര്‍ സി സിക്ക് എന്‍ എ ബി എച്ച് അക്രഡിറ്റേറഷന്‍ ലഭിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് കേന്ദ്രമന്ത്രി മുഖ്യമന്ത്രി കൈമാറി. ഒപ്പം ആര്‍ സി സിയില്‍ സ്ഥാപിച്ച ഡ്യുവല്‍ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കൂടാതെ നാല് ഡി സി ടി സിമുലേറ്റര്‍ യൂനിറ്റ് ആരോഗ്യമന്ത്രി വി എസ് ശിവകുമാറും ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, എം എ വാഹിദ് എം എല്‍ എ, മേയര്‍ കെ. ചന്ദ്രിക, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി.ഗീത, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജമീല, ആര്‍ സി സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.